ചലച്ചിത്ര പുരസ്‌കാര ജൂറികള്‍ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ അവസാനിക്കുന്നില്ല. പണം കൊടുത്താല്‍ ഏതു മോശം ചിത്രത്തിനും അവാര്‍ഡ് കിട്ടുമെന്നുള്ള ആരോപണം നേരത്തെ ഉയര്‍ന്നതാണ്. സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ അഭിപ്രായവും ഇതുതന്നെയാണ്. അവാര്‍ഡ് ജൂറി കാണിച്ചത് ശുദ്ധ പോക്രിത്തരമാണെന്നാണ് അദ്ദേഹം പറഞ്ഞത്.
കുറേ അച്ചാരം വാങ്ങിയാണ് പുരസ്‌കാര ജൂറികള്‍ ജോലിചെയ്യുന്നതെന്നും ലെനിന്‍ രാജേന്ദ്രന്‍ പറയുന്നു. സിനിമകളുടെ എച്ചില്‍ തിന്നുന്നവരായി ജൂറി മാറിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലെനിന്‍ രാജേന്ദ്രന്റെ പുതിയ ചിത്രം ‘ഇടവപ്പാതി’യുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയായിരുന്നു അദ്ദേഹം. അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ പ്രതികരിക്കാതിരുന്നത് പ്രായോഗിക ബുദ്ധിമുട്ടുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
‘ദേശീയ പുരസ്‌കാര പ്രഖ്യാപനമാണെങ്കില്‍, ചരിത്രത്തില്‍ ഇത്രയും വൃത്തികെട്ട ഒരവസ്ഥയുണ്ടായിട്ടില്ല. പുരസ്‌കാരം നല്‍കുന്നതിനുള്ള മിനിമം മെറിറ്റുകള്‍ മൊത്തം തകര്‍ത്തുവെന്നും അദ്ദേഹം വ്യക്തമാക്കി.
മുപ്പത്തിയേഴ് വര്‍ഷം മുമ്പ് ടിബറ്റില്‍ നിന്ന് അഭയാര്‍ത്ഥികളായി ഇന്ത്യയിലെത്തിയ ടിബറ്റന്‍ ജനതയുടെ കഥ പറയുന്ന ചിത്രമാണ് ഇടവപ്പാതി. യോദ്ധ എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം പ്രധാന വേഷത്തിലെത്തിയ സിദ്ധാര്‍ത്ഥ ലാമയാണ് നായകവേഷം അവതരിപ്പിക്കുന്നത്. ഉത്തരാ ഉണ്ണിയാണ് നായികയായെത്തുന്നത്.