ന്യൂഡല്‍ഹി: വിമാന കമ്പനികളുടെ മാതൃകയില്‍ ടിക്കറ്റ് നിരക്കുകള്‍ നിര്‍ണയിക്കുന്ന സമ്പ്രദായവുമായി ഇന്ത്യന്‍ റയില്‍വേ. റെയില്‍വേ ബോര്‍ഡ് നിയോഗിച്ച വിദഗ്ധസമിതിയുടെതാണ് പുതിയ ശുപാര്‍ശ. കാലേകൂട്ടി ടിക്കറ്റെടുക്കുന്നവര്‍ക്കു വന്‍ ഇളവുകള്‍ എയര്‍ലൈനുകള്‍ നല്‍കാറുണ്ട്.
നിലവിലുള്ള ‘ഫ്‌ലെക്‌സി’നിരക്കുകളെക്കുറിച്ചു വ്യാപക പരാതിയുള്ള സാഹചര്യത്തിലാണു കൂടുതല്‍ സമഗ്രമായ പുതിയ നിര്‍ദേശങ്ങള്‍. സമിതി നല്‍കുന്ന ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഫ്‌ലെക്‌സി നിരക്കു തുടരുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നു ശീതകാല സമ്മേളനത്തില്‍ റെയില്‍വേ മന്ത്രി പിയുഷ് ഗോയല്‍, കെ.സി. വേണുഗോപാല്‍ എംപിയുടെ ചോദ്യത്തിനു മറുപടി നല്‍കിയിരുന്നു.
ട്രെയിനുകളില്‍ ഒഴിവുള്ള സീറ്റുകളുടെ അടിസ്ഥാനത്തില്‍ ടിക്കറ്റ് നിരക്കു നിര്‍ണയിക്കുന്ന സമ്പ്രദായമാണു സമിതി നിര്‍ദേശിക്കുന്നത്. 20 മുതല്‍ 50% വരെ ഇളവാണ് ഇതുവഴി ലഭിക്കുക.
ചാര്‍ട്ട് തയാറായിക്കഴിഞ്ഞ് എടുക്കുന്ന ടിക്കറ്റുകള്‍ക്കും ഇളവു കിട്ടും. എന്നാല്‍ ലോവര്‍ ബര്‍ത്ത് ആവശ്യപ്പെടുന്നവരില്‍ നിന്നു കൂടുതല്‍ പണം വാങ്ങും. കൂടാതെ ഉത്സവകാലത്തു നിരക്കു കൂട്ടുക, രാത്രിയോടുന്ന ട്രെയിനുകള്‍ക്കും പാന്‍ട്രി കാര്‍ ഉള്ളവയ്ക്കും കൂടിയ നിരക്ക് ഈടാക്കുക എന്നിങ്ങനെയാണ് ശൂപാര്‍ശ.
സൗകര്യപ്രദമായ സമയങ്ങളില്‍ ലക്ഷ്യത്തിലെത്തുന്ന ട്രെയിനുകളില്‍ കൂടുതല്‍ നിരക്ക് ഇടാക്കും. പ്രാദേശിക താല്‍പര്യങ്ങള്‍ അടിസ്ഥാനമാക്കി റെയില്‍വേ സോണുകള്‍ക്ക് ഉയര്‍ന്ന നിരക്കു നിശ്ചയിക്കാന്‍ അധികാരം നല്‍കും.
നിതി ആയോഗ് ഉപദേഷ്ടാവ് രവീന്ദര്‍ ഗോയല്‍, എയര്‍ ഇന്ത്യ എക്‌സിക്യുട്ടിവ് ഡയറക്ടര്‍ (റവന്യു മാനേജ്‌മെന്റ്) മീനാക്ഷി മാലിക്, പ്രഫ. എസ്. ശ്രീറാം തുടങ്ങിയവരും റെയില്‍വേ ബോര്‍ഡ് ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടതായിരുന്നു സമിതി.