ഡിസ്ക്കവറി ചാനലിനു വേണ്ടിയുള്ള ഡോക്കുമെന്ററിയില്‍ പത്തനംതിട്ട മീഡിയയും; അഭിമാനത്തോടെ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

തിരുവനന്തപുരം : ഡിസ്ക്കവറി ചാനലിനു വേണ്ടിയുള്ള ഡോക്കുമെന്ററിയില്‍ പത്തനംതിട്ട മീഡിയയും ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനവും. ഇന്ത്യയിലെ പ്രമാദമായ ഏഴ് സാമ്പത്തിക തട്ടിപ്പുകളുടെ കഥ പറയുന്ന ഡോക്കുമെന്ററിയില്‍ കേരളത്തിലെ പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പും ഉള്‍പ്പെട്ടിട്ടുണ്ട്. പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് ആദ്യമായി പുറത്തുകൊണ്ടുവന്ന മാധ്യമം എന്ന നിലയില്‍ പത്തനംതിട്ട മീഡിയാ എന്ന ഓണ്‍ലൈന്‍ ചാനലിനെയും അത് റിപ്പോര്‍ട്ട് ചെയ്ത പ്രകാശ് ഇഞ്ചത്താനത്തിനും  വലിയ പ്രാധാന്യവും പരിഗണനയുമാണ് നല്‍കിയത്. മലയാളം ന്യൂസ് പോര്‍ട്ടല്‍ മാനേജ്മെന്റ്കളുടെ സംഘടനയായ ഓണ്‍ ലൈന്‍ മീഡിയ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് സംസ്ഥാന പ്രസിഡന്റ് കൂടിയാണ് പ്രകാശ് ഇഞ്ചത്താനം.

ഓണ്‍ ലൈന്‍ മാധ്യമങ്ങളുടെ വേറിട്ട പ്രവര്‍ത്തനത്തിന് കിട്ടിയ അംഗീകാരമാണ് ഇതെന്നും സംഘടനയുടെ സംസ്ഥാന പ്രസിഡന്റിനെ ഡിസ്ക്കവറി ചാനലിന്റെ ഡോക്കുമെന്ററിയില്‍ ഉള്‍പ്പെടുത്തിയതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് വൈസ് പ്രസിഡണ്ട് അഡ്വ. സിബി സെബാസ്റ്റ്യന്‍ ഡെയിലി ഇന്ത്യന്‍ ഹെറാള്‍ഡ്‌, ജനറല്‍ സെക്രട്ടറി രവീന്ദ്രന്‍ കവര്‍ സ്റ്റോറി, ട്രഷറാര്‍ തങ്കച്ചന്‍ കോട്ടയം മീഡിയ, വൈസ് പ്രസിഡന്റ് ജയചന്ദ്രന്‍ ട്രാവന്‍കൂര്‍ എക്സ് പ്രസ്സ്, സെക്രട്ടറി ചാള്‍സ് ചാമത്തില്‍ സി മീഡിയ, ജോസ് എം.ജോര്‍ജ്ജ് കേരളാ ന്യൂസ് എന്നിവര്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ കുറെ ദിവസങ്ങളായി പത്തനംതിട്ടയില്‍ ക്യാമ്പ് ചെയ്ത് മുപ്പതോളം വരുന്ന ടീം സ്റ്റുഡിയോ സെറ്റ് ചെയ്ത് ഇന്റര്‍വ്യൂകള്‍ നടത്തിവരികയായിരുന്നു. മുന്‍ ധനകാര്യ മന്ത്രി തോമസ്‌ ഐസക്ക്, മുന്‍ എസ്.പി കെ.ജി സൈമണ്‍ അടക്കമുള്ള പല പ്രമുഖരുടെയും ഇന്റര്‍വ്യു എടുത്തിരുന്നു. കൂടാതെ നിക്ഷേപ തട്ടിപ്പിന് ഇരയായ ആളുകളുടെയും അഭിമുഖം ഇവര്‍ ചിത്രീകരിച്ചു. ഇതോടൊപ്പം പത്തനംതിട്ട മീഡിയ ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനത്തിന്റെ ദീര്‍ഘമായ ഇന്റര്‍വ്യുവും എടുത്തിരുന്നു. ആയിരക്കണക്കിന് കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ്  പുറംലോകത്തെ അറിയിക്കുവാന്‍ പത്തനംതിട്ട മീഡിയ  ഉപയോഗിച്ചത് മൊബൈല്‍ ഫോണും അനുബന്ധ ഉപകരണങ്ങളുമാണ് എന്നത് ഇന്റര്‍വ്യു എടുത്തവരെ അത്ഭുതപ്പെടുത്തി.

ഭീഷണികള്‍ക്കും പ്രലോഭനങ്ങള്‍ക്കും വശംവദരാകാതെ തുടരെ വാര്‍ത്തകളുമായി മുമ്പോട്ടു പോയതിന്റെ പ്രചോദനവും അവര്‍ ചോദിച്ചറിഞ്ഞു. ആളും ആരവവുമില്ലാതെയുള്ള ലൈവ് ടെലികാസ്റ്റിംഗും അവരെ ഏറെ അത്ഭുതപ്പെടുത്തിയിരുന്നു. തുടര്‍ന്ന് പത്തനംതിട്ട മീഡിയയുടെ ലൈവ് ടെലികാസ്റ്റിംഗ് എങ്ങനെയെന്ന് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിലും റിംഗ് റോഡിലുമായി ഡിസ്ക്കവറി ചാനലിനുവേണ്ടി ചിത്രീകരിച്ചു. ശേഷം കുമ്പഴയിലുള്ള ഓഫീസിലും വീഡിയോ ചിത്രീകരണം നടന്നു. സെപ്തംബര്‍ അവസാനത്തോടുകൂടി ഡിസ്ക്കവറി ചാനല്‍ ഇത് സംപ്രേഷണം ചെയ്യുമെന്നാണ് സൂചന.

1986 ല്‍ കുമ്പഴയില്‍ ഒരു വീഡിയോ ലൈബ്രറിയുമായാണ് പ്രകാശ് ഇഞ്ചത്താനം ബിസിനസ് രംഗത്തേക്ക് കടന്നുവന്നത്. തുടര്‍ന്ന് ഫോട്ടോ സ്റ്റുഡിയോ, ടൂറിസം രംഗത്തും ചുവടുറപ്പിച്ചു. വീഡിയോ ലൈബ്രറികള്‍ക്ക് സംഘടന ഉണ്ടാക്കുവാനും മുന്നിട്ടിറങ്ങിയത് ഇദ്ദേഹമാണ്. പന്ത്രണ്ട് വര്‍ഷക്കാലം കേരളാ വീഡിയോ ലൈബ്രറി അസോസിയേഷന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി ആയിരുന്നു. കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും സജീവ പ്രവര്‍ത്തകനാണ്. നിലവില്‍ പത്തനംതിട്ട ജില്ലാ എക്സിക്യുട്ടീവ്‌ അംഗമാണ്. കേരള പത്രപ്രവര്‍ത്തക അസോസിയേഷന്റെ പത്തനംതിട്ട ജില്ലാ സെക്രട്ടറികൂടിയാണ് ഇദ്ദേഹം. മുന്‍ റവന്യൂ മന്ത്രി അഡ്വ.അടൂര്‍ പ്രകാശിന്റെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്തിരുന്നതും പ്രകാശ് ഇഞ്ചത്താനമാണ്.

മാധ്യമ രംഗത്തേക്ക് ചുവടുവെച്ചത് 2018 ജനുവരി ഒന്നിന് തുടങ്ങിയ പത്തനംതിട്ട മീഡിയ ഓണ്‍ ലൈന്‍ ചാനലിലൂടെയാണ്. ഇന്ന് ഈസ്റ്റിന്ത്യ ബ്രോഡ്കാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പിനിയുടെ ഉടമസ്ഥതയിലാണ് ഈ ചാനല്‍. കൂടുതല്‍ ദീര്‍ഘ വീക്ഷണത്തോടെയുള്ള വിപുലീകരണ പ്രവര്‍ത്തനങ്ങളുമായി കമ്പിനി മുന്നോട്ടു നീങ്ങുകയാണെന്ന് മാനേജിംഗ് ഡയറക്ടര്‍ കൂടിയായ പ്രകാശ് ഇഞ്ചത്താനം പറഞ്ഞു.

Top