ന്യൂഡല്‍ഹി: ദിവ്യ സ്പന്ദന കോണ്‍ഗ്രസിന്റെ സമൂഹമാധ്യമ വിഭാഗത്തിന്റെ മേധാവി സ്ഥാനം രാജിവെച്ചതായി റിപ്പോര്‍ട്ട്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിക്കുന്ന തരത്തില്‍ ചിത്രം ട്വീറ്റ് ചെയ്തതിന് ദിവ്യ സ്പന്ദനയ്‌ക്കെതിരേ കഴിഞ്ഞ ദിവസം പോലീസ് കേസെടുത്തിരുന്നു. രാജ്യദ്രോഹകുറ്റം ചുമത്തിയാണ് ദിവ്യക്കെതിരേ യുപി പോലീസ് കേസെടുത്തത്. ഇതിന് പുറകെ വീണ്ടും മോദിയെ കള്ളനെന്ന് വിളിച്ച് അവര്‍ രംഗത്തുവരുകയും ചെയ്തിരുന്നു.
പലപ്പോഴും സോഷ്യല്‍ മീഡിയ വഴി ബിജെപിക്കെതിരെ നിശിത വിമര്‍ശനം നടത്താറുള്ള ദിവ്യ സ്പന്ദന സെപ്റ്റംബര്‍ 29 ന് ശേഷം പുതിയ പോസ്റ്റുകളൊന്നും ട്വിറ്ററില്‍ ഇട്ടിരുന്നില്ല. അവരുടെ മൗനം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി തുടരുന്നതിനിടെയാണ് പദവി രാജിവെച്ചതായ റിപ്പോര്‍ട്ടുകള്‍ വരുന്നത്. സ്ഥാനം രാജിവെച്ചെങ്കിലും അവര്‍ കോണ്‍ഗ്രസില്‍ തുടരും. പാര്‍ട്ടി പദവികളിലേക്ക് അവരെ കൊണ്ടുവന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.