കൊച്ചി: കൊച്ചിയില്‍ വീണ്ടും മയക്കുമരുന്ന് വേട്ടയില്‍ രണ്ട് വിദേശികള്‍ കുടുങ്ങിയതോടെ നഗരം വീണ്ടും മയക്കുമരുന്ന് മാഫിയ കയ്യടക്കുന്നതായി സൂചന. നേരത്തെ വന്‍ തോക്കുകള്‍ ഉള്‍പ്പെടെ മയക്കുമരുന്ന് മാഫിയകള്‍ പോലീസ് പിടിയിലായതോടെ കൊച്ചിയില്‍ നിന്ന് സംഘം ചുവട് മാറിയിരുന്നു. ന്യൂയറടുത്തതോടെ കൊച്ചിയില്‍ ഡിജെ പാര്‍ട്ടികളും സജീവമായി തുടങ്ങിയട്ടുണ്ട്.
ഇന്നലെ വൈകുന്നേരമാണ് നൈജീരിയ സ്വദേശികളായ കൊര്‍ണേലിയൂസ് ഒസായി (30), എസി പീറ്റര്‍ എമേക്ക (35) എന്നിവരെ പാലാരിവട്ടം പോലീസ് അറസ്റ്റു ചെയ്തത്. ഒരിടയ്ക്ക് ഡിജെപാര്‍ട്ടികളില്‍ സജീവമായിരുന്ന മയക്കുമരുന്നുപയോഗം പോലീസിന്റെ ശക്തമായ പരിശോധനകളെത്തുടര്‍ന്ന് കുറഞ്ഞിരുന്നു. ഇതിപ്പോള്‍ വീണ്ടും സജീവമായിരിക്കുന്നതിന്റെ തെളിവാണ് ഇന്നലെ കൊക്കെയിനുമായി എത്തിയ നൈജീരിയക്കാരെ പിടികൂടിയ സംഭവം. രാജ്യാന്തര ബന്ധമുള്ള സംഘത്തിന്റെ പക്കല്‍ നിന്നു ലക്ഷങ്ങള്‍ വിലവരുന്ന 35 ഗ്രാം കൊക്കെയിന്‍ പിടികൂടിയിരുന്നു. കൊച്ചിയില്‍ ന്യൂ ഇയറിനോട് അനുബന്ധിച്ച് നടക്കുന്ന ഡിജെ പാര്‍ട്ടികളാണ് ഇവര്‍ ലക്ഷ്യം വച്ചിരുന്നതെന്നു പോലീസ് പറഞ്ഞു.
ന്യൂ ഇയറിനോടനുബന്ധിച്ച് കൊച്ചിയില്‍ ഹോട്ടലുകളിലും മറ്റും വ്യാപകമായി പാര്‍ട്ടികളുണ്ടാകാറുണ്ട്. നഗരത്തിലെ ഹോട്ടലുകളില്‍ നടക്കുന്ന ഡിജെ പാര്‍ട്ടികളില്‍ പങ്കെടുക്കുന്നവര്‍ക്കുവേണ്ടിയാണ് കൊക്കെയിന്‍ എത്തിച്ചതെന്നാണ് പ്രതികള്‍ പറഞ്ഞത്. മുമ്പ് മൂന്നു തവണ കൊച്ചിയില്‍ കൊക്കെയിന്‍ എത്തിച്ചതായും ഇവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഇവര്‍ക്കു ലഹരിമരുന്ന് ഡല്‍ഹിയില്‍നിന്നു ലഭിച്ചതാണെന്ന മൊഴികള്‍ വിശ്വാസയോഗ്യമല്ലെന്നാണ് പോലീസ് പറയുന്നത്. കൊക്കെയിന്‍ രാജ്യത്തിനു പുറത്തുനിന്ന് എത്തിച്ചതാകാമെന്നാണ് പോലീസ് പറയുന്നത്. കൊക്കെയിന്‍ ഡല്‍ഹിയില്‍ നിന്നാണ് ലഭിച്ചതെന്നാണ് പിടിയിലായ നൈജീരിയന്‍ സ്വദേശികള്‍ പറയുന്നത്. ഇവരുമായി കൊച്ചിയിലെ ഡിജെ പാര്‍ട്ടിക്കാര്‍ ഉള്‍പ്പടെയുള്ള ആര്‍ക്കെങ്കിലും ബന്ധമുണ്ടോയെന്ന കാര്യവും പോലീസ് പരിശോധിച്ചു വരികയാണ്. ഡല്‍ഹി കേന്ദ്രീകരിച്ചുള്ള ലഹരിമരുന്ന് മാഫിയകളില്‍പ്പെട്ട കണ്ണികളാണ് ഇവരെന്നു ചോദ്യം ചെയ്തതില്‍ നിന്നു വ്യക്തമായതായി പോലീസ് പറഞ്ഞു. ഇവര്‍ക്ക് ഡല്‍ഹിയില്‍ സഹായം നല്‍കിയവരെക്കുറിച്ചുള്ള അന്വേഷണവും നടത്തുമെന്നും പോലീസ് അറിയിച്ചു.
നേരത്തെ കൊച്ചിയില്‍ നടന്ന മയക്കുമരുന്ന് വേട്ടയില്‍ പിടിക്കപ്പെട്ടവര്‍ക്ക് മലയാളത്തിലെ ഉന്നത സിനിമക്കാരുമായി ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്നെങ്കിലും പിന്നീട് ഇത് സംബന്ധിച്ച അന്വേഷണം നടന്നിരുന്നില്ല. സിനിമാ മേഖലയില്‍ വ്യാപതകമായി മയക്കുമരുന്നുകള്‍ വിതരണം ചെയ്യാന്‍ വന്‍മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചിട്ടും അത്തരമൊരു അന്വേഷണത്തിനും പോലീസ് തയ്യാറായിട്ടില്ല.