ക്രിക്കറ്റ് ആരാധകരുടെ പ്രീയ താരമാണ് മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണി. ക്രിക്കറ്റില്‍ ധോണിയുടെ പ്രകടനവും ക്രീസില്‍ പുലര്‍ത്തുന്ന മാന്യതയുമെല്ലാമാണ് ധോണിയെ ആരാധകരുടെ പ്രീയപ്പെട്ടവനാക്കുന്നത്. ധോണിയോടുള്ള ആരാധകരുടെ സ്‌നേഹ പ്രകടനങ്ങള്‍ പലപ്പോഴും ചര്‍ച്ചയ്ക്കു വഴിവെക്കാറുണ്ട്. അത്തരത്തിലൊരു സഭവമാണിപ്പോള്‍ ക്രിക്കറ്റ് ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുന്നത്. ഇത്തവണത്തെ ഐ.പി.എല്ലിന്റെ ഉദ്ഘാടന മത്സരം ചെന്നൈയും മുംബൈ ഇന്ത്യന്‍സും തമ്മിലായിരുന്നു. ഇതില്‍ ധോണിയുടെ മത്സരം കാണാന്‍ പതിനഞ്ചുകാരന്‍ ജാര്‍ഖണ്ഡില്‍ നിന്നും മുംബൈയിലെത്തിയ കഥയാണ് ക്രിക്കറ്റ് ലോകത്തിപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. ജാര്‍ഖണ്ഡിലെ രാംഖര്‍ഹ് ജില്ലയില്‍ നിന്നുള്ള 15 കാരനാണ് ധോണിയെ കാണാന്‍ കിഡ്നാപ്പിങ്ങ് കഥ മെനഞ്ഞ് മുംബൈയിലെത്തിയത്. ഏപ്രില്‍ 7 നു നടന്ന ഉദ്ഘാടന മത്സരം കാണാന്‍ വേണ്ടിയാണ് 5 നു വ്യാഴാഴ്ച ആരോടും പറയാതെ 15 കാരന്‍ വീടുവിട്ടിറങ്ങിയത്. സ്‌കൂളില്‍ നിന്നു മടങ്ങുന്ന വഴി തന്റെ സ്‌കൂട്ടര്‍ വനപ്രദേശത്തോട് ചേര്‍ന്ന അമ്പലത്തിനു സമീപം ഉപേക്ഷിച്ചാണ് സൗരഭ് മുംബൈയിലേക്ക് തിരിച്ചത്.
സൗരഭിന്റെ അച്ഛന്‍ അശോക് കുമാറാണ് മകന്റെ വാഹനം സംശായസ്പദമായ രീതിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടത്. മകന്റെ യാതൊരു വിവരവും ലഭിക്കാതെ വന്നതോടെ ഇയാള്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. സ്‌കൂളില്‍ നിന്നിറങ്ങിയ ശേഷം മകനെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നായിരുന്നു പിതാവ് നല്‍കിയ പരാതി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടി മധ്യപ്രദേശില്‍ എത്തിയതായി കണ്ടെത്തുകയായിരുന്നു. എന്നാല്‍ കുട്ടിയുടെ സ്ഥലം മാറിക്കൊണ്ടിരുന്നത് പൊലീസിനെ അലട്ടുകയും ചെയ്തു. ഏറ്റവും ഒടുവില്‍ മുംബൈയില്‍ നിന്നാണ് സൗരഭിനെ പൊലീസ് കണ്ടെത്തുന്നത്. ധോണിയുടെ കടുത്ത ആരാധകനായ കുട്ടി താരത്തിന്റെ മത്സരം നേരിട്ട് കാണാന്‍ മുംബൈയിലേക്ക് പോവുകയായിരുന്നെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇതുവരെയും ചെന്നൈയ്ക്കായി ധോണി കളിക്കുന്നത് നേരിട്ട് കാണാന്‍ കഴിഞ്ഞിട്ടില്ലാത്ത സൗരഭ് വീട്ടുകാര്‍ തന്റെ ആഗ്രഹം സാധിച്ചു തരില്ലെന്നു കരുതിയാണ് ആരോടും പറയാതെ വീടു വിട്ടിറങ്ങുന്നത്. ഇത് തട്ടിക്കൊണ്ടുപോകല്‍ അല്ലെന്നും പത്താം ക്ലാസ്സുകാരനായ വിദ്യാര്‍ത്ഥി തട്ടിക്കൊണ്ടുപോകല്‍ കഥമെനയുകയായിരുന്നെന്നും പൊലീസ് പറയുന്നു.