ന്യൂഡല്‍ഹി: നാനാത്വത്തിൽ ഏകത്വമെന്ന ഇന്ത്യയുടെ അടിസ്ഥാന സങ്കൽപ്പത്തെ അട്ടിമറിക്കുന്ന പദ്ധതികളാണ് മോദി ഗവൺമെൻ്റ് ആവിഷ്ക്കരിക്കുന്നത് എന്നതാണ് എതിരാളികളുടെ മുഖ്യ ആരോപണം. ഇതിനെ ശരിവയ്ക്കുന്ന വിവിധ നടപടികളിലൂടെയാണ് ബിജെപി മുന്നോട്ട് പോകുന്നത് രാജ്യത്തിൻ്റെ ഫെഡറൽ വ്യവസ്ഥയെ മാനിക്കാതെ മുന്നോട്ട് കുതിക്കുകയാണ് സർക്കാർ.
വ്യത്യസ്തതകളെ മുഴുവൻ ഇല്ലാതാക്കി എല്ലാം ഒന്നിലേയ്ക്ക് എത്തിക്കാനുള്ള ചർച്ചകൾക്ക് ആക്കം കൂട്ടി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പുതിയ പ്രസ്താവന എത്തി. രാജ്യത്ത് ബഹുകക്ഷിജനാധിപത്യം ലക്ഷ്യം കണ്ടോയെന്ന് സംശയം പ്രകടിപ്പിച്ചിരിക്കുകയാണ് അമിത് ഷാ. ഭരണഘടനാശില്പികൾ വിഭാവനംചെയ്തപോലെ നടന്നിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു
ചൊവ്വാഴ്ച ഡൽഹിയിൽ ഓൾ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷന്റെ യോഗത്തിൽ സംസാരിക്കുമ്പോഴായിരുന്നു പാർട്ടി അധ്യക്ഷൻകൂടിയായ മന്ത്രിയുടെ അഭിപ്രായപ്രകടനം. പ്രസിഡൻഷ്യൽ രീതിയിലുള്ള തിരഞ്ഞെടുപ്പിനായി ബി.ജെ.പി. താത്പര്യം കാട്ടുന്നെന്ന വിലയിരുത്തൽ നിലനിൽക്കെയാണ് മന്ത്രിയുടെ പരാമർശമെന്നത് ശ്രദ്ധേയമാണ്.
“തുല്യതയും രാജ്യത്തിന്റെ പുരോഗതിയുമാണ് ഭരണഘടനാശില്പികൾ ലക്ഷ്യമിട്ടത്. വിവിധ രാജ്യങ്ങളിലെ ജനാധിപത്യസമ്പ്രദായങ്ങൾ വിശകലനംചെയ്തശേഷമാണ് ബഹുകക്ഷിസമ്പ്രദായം അവർ സ്വീകരിച്ചത്. എല്ലാ വിഭാഗക്കാർക്കും പ്രാതിനിധ്യം ലഭിക്കണമെന്നാണ് അവർ ആഗ്രഹിച്ചത്. എന്നാൽ, സ്വാതന്ത്ര്യംകിട്ടി 70 വർഷം കഴിയുമ്പോൾ ബഹുകക്ഷി ജനാധിപത്യം പരാജയപ്പെട്ടോയെന്ന സംശയമാണ് ജനങ്ങളുടെ മനസ്സിലുള്ളത്. അവർ നിരാശരാണ്”- അദ്ദേഹം അഭിപ്രായപ്പെട്ടു.