ദ്രൗപതി മുർമു ഇന്ത്യയുടെ അടുത്ത രാഷ്ട്രപതിയാകും.രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ഗോത്രവർഗ്ഗ നേതാവാകും ദ്രൗപതി മുർമു

ന്യുഡൽഹി: ഇന്ന് ചേർന്ന് പാർലമെന്‍ററി ബോർഡാണ് ഝാർഖണ്ട് മുന്‍ ഗവര്‍ണറും ഒഡീഷ മുന്‍ മന്ത്രിയുമായിരുന്ന ദ്രൗപതി മുർമുവിനെ എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി നിശ്ചയിച്ചത്. രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ഗോത്രവർഗ്ഗ നേതാവാകും ദ്രൗപതി മുർമു. വ്യക്തി ജീവിതത്തില്‍ ഉള്‍പ്പെടെ കഠിനായ വേദനകളേയും രാഷ്ട്രീയ പ്രതിരോധങ്ങളെയും ചെറുത്ത് തോല്‍പ്പിച്ചാണ് ദ്രൗപദി മുര്‍മു ഇന്ത്യയുടെ പ്രഥമ പൗരയാകാന്‍ മത്സര രംഗത്തേക്കെത്തുന്നത്.

ഭര്‍ത്താവ് ശ്യാം ചരണ്‍ മുര്‍മുവിനെയും രണ്ട് ആണ്‍മക്കളെയും നഷ്ടപ്പെട്ട മുര്‍മു തന്റെ വ്യക്തിജീവിതത്തില്‍ ഒരുപാട് ദുരന്തങ്ങള്‍ കണ്ടിട്ടുണ്ട്. ആ വേദനകളിലൊന്നും പതറാതെ തന്റെ ജീവിതം ഗോത്ര വര്‍ഗ ജനതയുടെ മുന്നേറ്റത്തിനും ഉന്നമനത്തിനും വേണ്ടി മാറ്റി വച്ച വനിതാ നേതാക്കളില്‍ പ്രമുഖയാണ് മുര്‍മു .20 പേരുകൾ ചർച്ചയായതില്‍ നിന്നാണ് ആദിവാസി വിഭാഗത്തിൽ നിന്നുള്ള ദ്രൗപതി മുർമുവിനെ തെരഞ്ഞെടുത്തത്. മുൻധനമന്ത്രി യശ്വന്ത് സിൻഹയെയാണ് പ്രതിപക്ഷം സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒന്നര മണിക്കൂർ നീണ്ട് നിന്ന ബിജെപി പാർലമെന്‍റ് ബോർഡ് യോഗത്തിന് ശേഷമാണ്, സ്വതന്ത്ര ഇന്ത്യ 75 വർഷം പിന്നിടുമ്പോൾ പട്ടിക വർഗ്ഗ വിഭാഗത്തിൽ നിന്നൊരു വനിത, ഇന്ത്യയുടെ അടുത്ത രാഷ്ട്രപതിയാകും എന്ന പ്രഖ്യാപനം വന്നത്. ഒഡീഷയിലെ സന്താൾ ഗോത്ര വർഗ്ഗ വിഭാഗത്തിൽപ്പെട്ട ദ്രൗപദി മുർമു രണ്ട് തവണ സംസ്ഥാനത്തെ എംഎൽഎ ആയിരുന്നു. നാല് വർഷം മന്ത്രിയായി പ്രവർത്തിച്ചു. ഒഡീഷയിൽ ട്രാൻസ്പോട്ട്. ഫിഷറീസ്, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയായും ദ്രൗപദി പ്രവത്തിച്ചു. 2015 ൽ ജാർഖണ്ഡ് ഗവർണറായി. വിദ്യാഭ്യാസ മേഖലയിൽ ദ്രൗപദി മുർമു നടത്തിയ പ്രവത്തനങ്ങളും രാഷ്ട്രപതി സ്ഥാനാർത്ഥിയായി തെരഞ്ഞെടുക്കുമ്പോൾ പരിഗണിച്ചുവെന്ന് ജെപി നദ്ദ അറിയിച്ചു.

അടുത്ത മാസം നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിയായി ദ്രൗപദി മുര്‍മുവിനെ ബിജെപി തെരഞ്ഞെടുക്കുമ്പോള്‍ പ്രതീക്ഷ വാനോളമാണ്. അഞ്ച് വര്‍ഷം മുമ്പ് രാഷ്ട്രപതി പ്രണബ് മുഖര്‍ജി രാഷ്ട്രപതി ഭവനില്‍ നിന്ന് പുറത്തുപോകാന്‍ ഒരുങ്ങിയപ്പോള്‍ ആദ്യം മത്സരാര്‍ത്ഥിയായി പരിഗണിച്ചതും ദ്രൗപദിയെ തന്നെയായിരുന്നു. എന്നാല്‍ കണക്കു കൂട്ടലുകള്‍ അല്‍പ്പമൊന്നു പിഴച്ചു. രാം നാഥ് കോവിന്ദിനെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ബിജെപി നിര്‍ദേശിക്കുകയായിരുന്നു.

അക്കാലത്ത്, ഒഡീഷയിലെ ഗോത്രവര്‍ഗ നേതാവും ജാര്‍ഖണ്ഡ് ഗവര്‍ണറുമായിരുന്ന ദ്രൗപദിയുടെ പ്രവര്‍ത്തനം തന്നെയായിരുന്നു മോദിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ദ്രൗപദിയെ ഉള്‍പ്പെടുത്താനിടയാക്കിയത്. എന്നാല്‍ അന്ന് തനിക്ക് ലഭിക്കാതെ പോയ പ്രസിഡന്റ് പദവിയെ കുറിച്ച് പോലും ചിന്തിക്കാതെയുള്ള പ്രവര്‍ത്തനമായിരുന്നു കഴിഞ്ഞ അഞ്ചു വര്‍ഷവും മുര്‍മു നടത്തിയത്. അത് തന്നെയാണ് ഇത്തവണ മുര്‍മുവിനെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി പദവിയിലേക്ക് എത്തിച്ചത്.

ഒഡീഷിയിലെ മയൂര്‍ഭഞ്ച് ജില്ലയില്‍ നിന്നുമാണ് മുര്‍മു സംസ്ഥാന രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. അതിന് മുമ്പ് അധ്യാപികയായിരുന്നു. മയൂര്‍ഭഞ്ചിലെ റൈരംഗ്പൂരില്‍ നിന്ന് (2000, 2009) ബിജെപി ടിക്കറ്റില്‍ അവര്‍ രണ്ടുതവണ എംഎല്‍എയായിട്ടുണ്ട്. 2000ത്തില്‍ അധികാരത്തിലെത്തിയ ബി.ജെ.പി-ബി.ജെ.ഡി സഖ്യസര്‍ക്കാരിന്റെ കാലത്ത് അവര്‍ വാണിജ്യം, ഗതാഗതം, തുടര്‍ന്ന് ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പുകള്‍ കൈകാര്യം ചെയ്തു. 2009-ല്‍ ബി.ജെ.ഡി ഉയര്‍ത്തിയ വെല്ലുവിളിക്കെതിരെ ബി.ജെ.പി പരാജയപ്പെട്ടപ്പോഴും അവര്‍ക്ക് വിജയിക്കാന്‍ കഴിഞ്ഞു.

എംഎല്‍എ ആകുന്നതിന് മുമ്പ്, 1997 ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച് റായ്രംഗ്പൂര്‍ നഗര്‍ പഞ്ചായത്തിലെ കൗണ്‍സിലറായും ബിജെപിയുടെ പട്ടികവര്‍ഗ മോര്‍ച്ചയുടെ വൈസ് പ്രസിഡന്റായും മുര്‍മു സേവനമനുഷ്ഠിച്ചു. 2015ല്‍ ഝാര്‍ഖണ്ഡിന്റെ ആദ്യ വനിതാ ഗവര്‍ണറായി മുര്‍മു സത്യപ്രതിജ്ഞ ചെയ്തു.

പ്രസിഡന്റ് സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ അവര്‍ വലിയ വിജയം തന്നെയാണ് പ്രതീക്ഷിക്കുന്നത്. ബിജെപിയുടെ ഗോത്രവര്‍ഗ മുന്നേറ്റത്തിനും മുര്‍മുവിന്റെ സ്ഥാനാര്‍ത്ഥിത്വം വലിയ ഉത്തേജനം നല്‍കും. പ്രബലമായ ബിജെഡിക്കെതിരെ മുന്നേറ്റം വര്‍ധിപ്പിക്കാന്‍ പാടുപെടുന്ന ഒഡീഷയില്‍ ഇത് പാര്‍ട്ടിയുടെ പ്രതീക്ഷകള്‍ക്ക് കരുത്തു പകരും.

Top