മല ചവിട്ടാന്‍ മാലയിട്ട രേഷ്മ നിഷാന്ത് യാത്ര ഉപേക്ഷിച്ചു; കാരണം സംഘപരിവാര്‍ പ്രതിഷേധം

കണ്ണൂര്‍: സുപ്രീം കോടതി വിധി വന്നതിന്റെ പശ്ചാത്തലത്തില്‍ മല ചവിട്ടാനായി കഴിഞ്ഞ മാസം മാലയിട്ട് വ്രതമെടുത്ത രേഷ്മ നിഷാന്ത് യാത്ര ഉപേക്ഷിച്ചു. സംഘപരിവാര്‍ പ്രതിഷേധത്തെ തുടര്‍ന്നാണ് പിന്തിരിഞ്ഞത്. ഇന്ന് രാവിലെ ചെറുകുന്നില്‍ നിന്ന് കെട്ടുനിറച്ച് ഉച്ചയ്ക്ക് ട്രെയിന്‍ മാര്‍ഗം മറ്റു സുഹൃത്തുക്കളോടൊപ്പം പോകാനിരിക്കെയാണു തീരുമാനം മാറ്റിയത്.
മുമ്പ് അറിയിച്ചതനുസരിച്ചാണെങ്കില്‍ ഇന്നലെ വൈകീട്ട് 4.30നുള്ള ട്രെയിനില്‍ കണ്ണൂരില്‍ നിന്ന് യാത്ര ആരംഭിച്ചേനെ..എന്നാല്‍ ഇന്നലെ ഉച്ചയോടെ രേഷ്മ നിഷാന്തിന്റെ വീടിനു സമീപത്ത് പ്രതിഷേധക്കാരും നാട്ടുകാരും സംഘമായി പ്രതിഷേധവുമായി എത്തിയ സാഹചര്യത്തിലാണു രേഷ്മയുടെ പിന്‍മാറ്റം. വേണ്ട സുരക്ഷ നല്‍കുമെന്ന് പോലീസ് അറിയിച്ചിരുന്നെങ്കിലും ബന്ധുക്കളുടെയും വീട്ടുകാരുടെയും സമ്മര്‍ദ്ദത്തെ തുടര്‍ന്ന് വേണ്ടെന്ന് വെക്കുകയായിരുന്നു.
മണ്ഡലകാലത്ത് 41 ദിവസത്തെ വ്രതമെടുത്ത് ശബരിമല കയറുമെന്ന് ഫേസ്ബുക്കില്‍ ചിത്രം സഹിതം രേഷ്മ പോസ്റ്റിട്ടിരുന്നു. രേഷ്മയ്ക്കുനേരേ ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കുകയും വീട്ടുപരിസരത്ത് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. കണ്ണൂരിലെ ഒരു സ്വകാര്യ കോളജ് അദ്ധ്യാപികയാണ് രേഷ്മ. ഭര്‍ത്താവ് നിഷാന്ത് സഹകരണ ബാങ്ക് ഉദ്യോഗസ്ഥനാണ്.

Top