ദില്ലി: ദേശീയപാതകളില്‍ കൂടി ഹൈ സ്പീഡില്‍ വാഹനമോടിക്കുന്നവര്‍ ഇനി ശ്രദ്ധിച്ചോളൂ. നിങ്ങളെ വേഗപ്പൂട്ടിടാന്‍ ക്യാമറ ഉണ്ടാകും. ദേശീയ പാതകളില്‍ ക്യാമറ സ്ഥാപിക്കുമെന്നാണ് ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി പറയുന്നത്. അപകടം മൂലം മരണസംഖ്യ ഉയരുന്ന സാഹചര്യത്തിലാണ് വേഗക്കാര്‍ക്ക് വേഗപ്പൂട്ടിടാന്‍ കേന്ദ്ര ഗതാഗതവകുപ്പ് തീരുമാനം.
അമിതവേഗതയില്‍ വാഹനം ഓടിക്കുന്നവരെ കണ്ടെത്തുന്നതിനാണ് ക്യാമറ സ്ഥാപിക്കുന്നത്. കണ്ടെത്തി പിടികൂടുന്നവര്‍ക്കെതിരെ ശക്തമായ ശിക്ഷാനടപടികളും സ്വീകരിക്കും. ഇതുസബന്ധിച്ച് നിയമം രൂപീകരിക്കുന്നത് പഠിക്കാനായി രാജസ്ഥാന്‍ ഗതാഗതമന്ത്രി അധ്യക്ഷനായി മന്ത്രിതല സമിതിയെ നിയോഗിച്ചിട്ടുണ്ട്.
വേഗക്കാര്‍ക്ക് എന്തെല്ലാം ശിക്ഷ നല്‍കണം എന്നതു സംബന്ധിച്ച് മന്ത്രിതല സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ പുതിയ വാഹന നിയമം പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ പാസാക്കിയെടുക്കാനാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
2015-ല്‍ രാജ്യത്താകെ 5 ലക്ഷം വാഹനാപകടങ്ങളിലായി 1.46 ലക്ഷം ആളുകളാണ് കൊല്ലപ്പെട്ടത്. ഇതില്‍ 79 ശതമാനവും ലൈസന്‍സ് ഉള്ളവര്‍ ഓടിച്ച വാഹനം ഇടിച്ചാണ് അപകടം ഉണ്ടായതെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. ഡ്രൈവര്‍മാരുടെ അശ്രദ്ധയാണ് 77 ശതമാനം അപകടങ്ങള്‍ക്കും കാരണം. ഇത് അംഗീകരിക്കാനാകില്ലെന്നും ഗഡ്കരി പറഞ്ഞു.
പുതിയ നിയമം പാസായാല്‍ ഡ്രൈവര്‍മാര്‍ കംപ്യൂട്ടറൈസ്ഡ് സെന്ററുകളില്‍ ടെസ്റ്റ് പാസാകുന്നവര്‍ക്ക് മാത്രമേ ലൈസന്‍സ് അനുവദിക്കുകയുള്ളു. കംപ്യൂട്ടറൈസ്ഡ് സെന്ററുകളില്‍ നടത്തുന്ന ടെസ്റ്റിന്റെ ഫലം നേരിട്ട് അതാത് ആര്‍ടിഒമാര്‍ക്ക് എത്തിച്ചു കൊടുക്കും. 3 ദിവസത്തിനകം ലൈസന്‍സ് അനുവദിക്കുകയും വേണം. അല്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ നടപടി നേരിടേണ്ടി വരും.