രാജ്യം കത്തിജ്വലിക്കുന്നു; കൊടും ചൂടില്‍ 150പേര്‍ മരിച്ചു; കേരളത്തില്‍ ഇനിയും ചൂടുകൂടാം

43373_1461460697

ദില്ലി: രാജ്യം കൊടുംവരള്‍ച്ചയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. പലയിടത്തുനിന്നും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തെ പകുതിയിലേറെ സംസ്ഥാനങ്ങള്‍ കൊടും വരള്‍ച്ചയുടെ പിടിയിലാണ്. സൂര്യതാപമേറ്റും കുടിവെള്ളം കിട്ടാതെയും ആളുകള്‍ മരിക്കുന്നത് പതിവായി. മഹാരാഷ്ട്രയിലും ആന്ധ്രയിലുമൊക്കെയാണ് ചൂട് കൂടുതല്‍ അനുഭവപ്പെടുന്നത്.

ഇവിടങ്ങളില്‍ ചൂട് 50 ഡിഗ്രിയോട് അടുക്കുമെന്ന ആശങ്കയിലാണ്. കേരളത്തിലെ അവസ്ഥയും പരിതാപകരം തന്നെയാണ്. കേരളത്തില്‍ ചൂട് 45 ഡിഗ്രിയോടടുക്കുകയാണ്. പാലക്കാട് ജില്ലയാണ് കൊടും ചൂടില്‍ വെന്തുരുകുന്നത്. ഒഡീഷ, തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്നത്. കൂടാതെ മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങളിലും ചൂട് അസഹനീയമാണ്. 150ാളം പേര്‍ക്കാണ് ഇതുവരെ കൊടുംചൂടില്‍ ജീവന്‍ നഷ്ടപ്പെട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതില്‍ പകുതിയും ഒഡീഷയിലാണ്. കഴിഞ്ഞമാസം തന്നെ മെട്രോളജിക്കല്‍ വകുപ്പ് ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ചൂട് പതിവില്‍ കവിഞ്ഞ് കൂടുതലായിരിക്കുമെന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാജ്യത്തിന്റെ മധ്യ, വടക്ക് പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലായിരിക്കും കനത്ത ചൂട് അനുഭവപ്പെടുകയെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. റെക്കോഡ് ചൂടായ 47.5 ഡിഗ്രി സെല്‍ഷ്യസ് ഒഡീഷയിലാണ് രേഖപ്പെടുത്തിയത്. സോണേപുരില്‍ ചൂട് 46.3 ഡിഗ്രിയിലെത്തി. കൊടുംചൂട് പശ്ചിമ ബംഗാളിലേക്കും പടരും. ഡല്‍ഹിയില്‍ കഴിഞ്ഞ ശനിയാഴ്ച ചൂട് 44 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നിരുന്നു.

അതിനിടെ പലയിടത്തും വെള്ളത്തിന്റെ പേരില്‍ സംഘര്‍ഷം ഉടലെടുത്തിട്ടുണ്ട്. കര്‍ണ്ണാടകയില്‍ വരള്‍ച്ചക്കെടുതി വിലയിരുത്താനെത്തിയ എംഎല്‍എയെ ജനങ്ങള്‍ കലക്കവെള്ളം കുടിപ്പിച്ചു. ജനങ്ങള്‍ കുടിക്കുന്ന അതേ മലിനജലം പക്ഷേ, എംഎല്‍എ കുടിച്ചത് ഒരു കവിള്‍ മാത്രം. ബാക്കി അദ്ദേഹം കമഴ്ത്തിക്കളഞ്ഞു. ശുദ്ധജലക്ഷാമം രൂക്ഷമായ വടക്കന്‍ കര്‍ണാടകയിലെ റായ്ച്ചൂരിലെത്തിയ ജി.ഹംപയ്യ നായക്കിനെതിരെയാണ് പ്രതിഷേധം ഉണ്ടായത്.

വറ്റിവരണ്ട പുഴയുടെ തീരത്തു കുഴികുത്തി അതില്‍ നിന്നുള്ള വെള്ളം ചിരട്ടയിലും ചെറിയ പാത്രത്തിലും കോരിയെടുത്താണു ജനങ്ങള്‍ കുടിക്കാന്‍ ഉപയോഗിക്കുന്നത്. ഇതു ശേഖരിക്കാന്‍ കുടവുമായി കിലോമീറ്ററുകള്‍ നടന്നെത്തുന്നവര്‍ ഇവിടെ പതിവുകാഴ്ചയാണ്. കുടിവെള്ളമെത്തിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വേണ്ട നടപടിയെടുത്തില്ലെന്നാവശ്യപ്പെട്ടു കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ കര്‍ഷകര്‍ അനിശ്ചിതകാല പ്രക്ഷോഭം നടത്തിവരികയാണ്. സമീപകാലത്തെ ഏറ്റവും വലിയ വരള്‍ച്ചയാണു ജില്ല നേരിടുന്നത്.

Top