കൊച്ചി: രാജ്യത്ത് മരുന്ന് പരീക്ഷണത്തിലൂടെ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മരിച്ച് വീണത് 24,117 പേരെന്ന് റിപ്പോര്‍ട്ട്. വിവരാവകാശ നിയമപ്രകാരം നല്‍കിയ റിപ്പോര്‍ട്ടിയാണ് ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത് വന്നത്. ഇതില്‍ നഷ്ടപരിഹാരം ലഭിച്ചതാവട്ടെ വളരെ കുറച്ചു പേരുടെ ആശ്രിതര്‍ക്കു മാത്രം. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഒഫ് ഇന്ത്യയാണ് വിവരം ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയ്ക്ക് കൈമാറിയത്.
2005 ജനുവരിക്കും 2016 സെപ്തംബറിനുമിടയിലുള്ള കണക്കാണ് പുറത്തു വന്നിരിക്കുന്നത്. 2009ല്‍ ഗുജറാത്ത്, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്ന് പട്ടികജാതി വിഭാഗത്തിലെ 24,000 പെണ്‍കുട്ടികളെയാണ് മരുന്നു പരീക്ഷണത്തിനായി ദേശീയ ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം റിക്രൂട്ട് ചെയ്തത്. സെര്‍വിക്കല്‍ കാന്‍സറിനുള്ള ഹ്യൂമന്‍ പാപ്പിലോമ വൈറസ് (എച്ച്.പി.വി) പരീക്ഷിക്കാനായിരുന്നു റിക്രൂട്ട്‌മെന്റ്. മാസങ്ങള്‍ നീണ്ട പരീക്ഷണത്തിനിടെ ഏഴു പെണ്‍കുട്ടികള്‍ മരിച്ചു. ഇവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കിയതു സംബന്ധിച്ച് വ്യക്തതയില്ല.
സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നില്‍ക്കുന്നവരെ പണം നല്‍കി വശീകരിച്ചാണ് കമ്പനികള്‍ മരുന്നു പരീക്ഷണത്തിന് തിരഞ്ഞെടുക്കുന്നത്. കൃത്യമായ വിവരങ്ങള്‍ ഇവരെ ബോദ്ധ്യപ്പെടുത്താറുമില്ല. വെള്ളപ്പേപ്പറില്‍ ഒപ്പിടുവിച്ച് വാങ്ങിയ ശേഷമാണ് പണം കൈമാറി ആളെ കണ്ടെത്തുന്നത്. ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക് ആക്ടില്‍ മരുന്നു പരീക്ഷണങ്ങളുമായി ബന്ധപ്പെട്ട് ശിക്ഷകളൊന്നും പരാമര്‍ശിക്കുന്നില്ല. അതുകൊണ്ടുതന്നെ മരുന്നു കമ്പനികള്‍ക്ക് പണത്തിന്റെ ബലത്തില്‍ യഥേഷ്ടം ആളുകളെ കണ്ടെത്താനാവും.
മരുന്നു പരീക്ഷണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കേണ്ടത് കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള ഇന്‍സ്റ്റിറ്റിയൂഷണല്‍ എത്തിക്‌സ് കമ്മിറ്റിയാണ്. എന്നാല്‍ ഈ സമിതിയുടെ പ്രവര്‍ത്തനത്തിലും സുതാര്യതയില്ലെന്നാണ് ആക്ഷേപം. 2010ല്‍ മരുന്നു പരീക്ഷണങ്ങളിലൂടെ 22 മരണങ്ങള്‍ മാത്രമാണ് സമിതിയുടെ റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ വിവരാവകാശ പ്രവര്‍ത്തകര്‍ നടത്തിയ നിയമ പോരാട്ടങ്ങളിലൂടെ മരണത്തിന്റെ കണക്ക് 610 ആണെന്നു വ്യക്തമായി. മരുന്നു പരീക്ഷണങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ കമ്പനികള്‍ അറിയിക്കേണ്ടത് ഈ സമിതിയെയാണ്.