കൊച്ചി:ഗതാഗത നിയമ ലംഘനത്തിന് അറസ്റ്റിലായ ഇ ബുൾജെറ്റ് സഹോദരങ്ങൾക്ക് മയക്കുമരുന്നു ബന്ധമുണ്ടെന്ന് സംശയിച്ച് പൊലീസ്. മയക്കുമരുന്നുകടത്തിൽ പ്രതികൾക്ക് പങ്കുണ്ടോയെന്നത് പരിശോധിക്കണമെന്നും പൊലീസ് വ്യക്തമാക്കി. ഇ ബുൾജെറ്റ് വ്ളോഗർമാർക്ക് മയക്കുമരുന്നു ബന്ധം സംശയിച്ച് പോലീസ് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം ഉള്ളത്. ഈ സംശയം ബലപ്പെടുത്തുന്ന തെളിവുകളും പോലീസ് കോടതിയ്‌ക്ക് കൈമാറി.
പ്രതികൾ കഞ്ചാവ് ചെടി ഉയർത്തിപിടിച്ചുള്ള ദൃശ്യങ്ങള്‍ യൂട്യൂബ് ചാനലിലൂടെ പ്രദർശിപ്പിക്കുകയും കുറ്റകൃത്യത്തെ പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റുകൾ സമൂഹ്യമധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. സർക്കാരിനും പൊലീസിനുമെതിരെ നടന്ന സൈബറാക്രമണത്തിൽ പ്രതികളുടെ പങ്ക് പരിശോധിക്കണമെന്നും തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയില്‍ പൊലീസ് അറിയിച്ചു. പ്രതികളുടെ ജാമ്യം റദ്ദാക്കി കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാണ് പൊലീസിന്‍റെ ആവശ്യം. പൊലീസ് കെട്ടിചമച്ച കേസാണിതെന്നാണ് ഇ ബുൾജെറ്റ് സഹോദരങ്ങളായ എബിന്‍റെയും ലിബിന്‍റെയും വാദം.
ആഗസ്റ്റ് ഒമ്പതിനായിരുന്നു വ്ലോഗര്‍മാരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കലക്ടറേറ്റില്‍ ആര്‍.ടി ഓഫിസില്‍ സംഘര്‍ഷമുണ്ടാക്കിയതിനായിരുന്നു നടപടി. വാഹനം രൂപമാറ്റം വരുത്തിയതുമായി ബന്ധപ്പെട്ട് ഇവരുടെ വാന്‍ കണ്ണൂര്‍ ആര്‍.ടി.ഒ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ നടപടികള്‍ക്കായി ഇവരോട് ഓഫിസില്‍ ഹാജരാവാനും ആവശ്യപ്പെട്ടിരുന്നു. ഇരുവരും എത്തിയതിനു പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. തുടർന്ന് കസ്റ്റഡിയിലെടുത്ത ഇവരെ റിമാന്‍ഡ് ചെയ്തു. അനധികൃതമായി വാഹനം രൂപമാറ്റം വരുത്തിയതിന് പിഴ നല്‍കാമെന്ന് കോടതിയില്‍ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്.
അതേസമയം കണ്ണൂർ ആർടി ഓഫീസിലെ പൊതുമുതൽ നശിപ്പിച്ച കേസിൽ ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് കോടതി നാളത്തേക്ക് മാറ്റി. ജാമ്യം റദ്ദാക്കാതിരിക്കാനുള്ള കാരണം അറിയിക്കാൻ സമയം വേണമെന്ന പ്രതിഭാഗം അറിയിച്ചതിനെ തുടർന്നാണ് ഹർജി മാറ്റിയത്.
ലിബിനും എബിനും ജാമ്യത്തിൽ തുടർന്നാൽ തെറ്റായ സന്ദേശമാകും നൽകുക എന്നും, ഇരുവർക്കും കഞ്ചാവ് കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും പൊലീസ് കോടതിയെ അറിയിച്ചു. പൊലീസ് കെട്ടിചമച്ച കേസാണ് ഇതെന്നും വാഹനത്തിന്‍റെ പിഴ അടക്കാൻ തയ്യാറെന്നുമാണ് ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ വാദം.
വാഹനം രൂപമാറ്റം വരുത്തിയതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴത്തുകയായ 42,400 രൂപ അടയ്ക്കാത്ത സാഹചര്യത്തില്‍ ഇ ബുൾ ജെറ്റ് സഹോദരങ്ങള്‍ക്കെതിരെ എംവിഡി കുറ്റപത്രം സമർപ്പിച്ചിരുന്നു. കോടതിയുടെ തീർപ്പിന് അനുസരിച്ചാകും ഇനി വ്ലോഗർമാർ പിഴ അടയ്ക്കേണ്ടത്. ഇവർ ഉപയോഗിക്കുന്ന വാഹനം അപകടം വരുത്തിവെക്കുന്ന രീതിയിൽ രൂപമാറ്റം നടത്തിയെന്നാണ് കുറ്റപത്രത്തിലുള്ളത്. 1988-ലെ മോട്ടോർ വാഹന നിയമവും, കേരള മോട്ടോർ നികുതി നിയമവും ഇ ബുൾ ജെറ്റ് സഹോദരന്മാർ ലംഘിച്ചതായി കുറ്റപത്രത്തിൽ പറയുന്നു.
യൂട്യൂബ് ചാനലിലൂടെ ഇവർ ഇരുവരും കഞ്ചാവ് ചെടികളുമായി നിൽക്കുന്ന വീഡിയോ പുറത്തുവിട്ടിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് വ്ളോഗർമാരായ എബിൻ, ലിബിൻ എന്നിവർക്ക് മയക്കുമരുന്ന് ബന്ധമുണ്ടെന്ന് പോലീസ് വ്യക്തമാക്കിയത്. ഇതിന് പുറമേ കുറ്റകൃത്യങ്ങൾ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വീഡിയോകൾ ഇവർ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പോലീസ് വ്യക്തമാക്കി.
വ്ളോഗർമാരുടെ അറസ്റ്റിന് പിന്നാലെ പോലീസിനും, മോട്ടോർവാഹനവകുപ്പിനും, സർക്കാരിനുമെതിരെ രൂക്ഷമായ സൈബർ ആക്രമണങ്ങളാണ് ഉണ്ടായത്. ഇതിൽ വ്ളോഗർമാർക്ക് പങ്കുണ്ടോയെന്ന കാര്യം വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും അതിനാൽ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു.