ക്രൈം ഡെസ്ക്
കൊച്ചി: മദ്യപിച്ചെത്തുന്ന അച്ഛൻ രാത്രി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതോടെ മൂന്നു പെ്ൺകുട്ടികൾ രാത്രിയിൽ വീടു വിട്ടിറങ്ങി. എറണാകുളം ജില്ലയിലെ വൈപ്പിനിലെ എടവനക്കാട് നിന്ന് ഇന്നലെ രാവിലെ കാണാതായ മൂന്നു പത്താം ക്ലാസ് വിദ്യാർഥിനികളെ രാത്രി പത്തുമണിയോടെ എറണാകുളം സുഭാഷ് പാർക്കിൽ ഷാഡോ പോലീസ് കണ്ടെത്തി ചോദ്യം ചെയ്തതോടെയാണ് അച്ഛന്റെ മദ്യപാന ശീലം കുട്ടികളെ ഭീകരമായി ബാധിച്ചിരുന്നത് കണ്ടെത്തിയത്. മദ്യപാനത്തിന് അടിമയായിമാറിയ പിതാക്കൻമാർ കുടുംബത്തിന്റെ സമാധാന അന്തരീക്ഷം തകർക്കുകയും, തങ്ങൾക്കു നേരെ ലൈംഗികമായി അതിക്രമം നടത്തുകയും ചെയ്യാൻ ശ്രമിച്ചതിൽ മനംനൊന്താണ് വീട് വിട്ടതെന്നു മൂവരും പോലീസിനു മൊഴി നൽകി. ഇന്നലെ രാവിലെ യൂണിഫോമിൽ സ്കൂളിലേക്കു പോയ വിദ്യാർഥികൾ വൈകുന്നേരം ആയിട്ടും വീട്ടിൽ തിരിച്ചെത്താതെ വന്നപ്പോഴാണ് മൂവരുടെയും വീട്ടുകാർ അന്വേഷണം തുടങ്ങിയത്.
സ്കൂളിലും ട്യൂഷനു പോകുന്ന സ്ഥലങ്ങളിലും അന്വേഷിച്ചപ്പോൾ ഇവർ ഇന്നു ഹാജരായിരുന്നില്ലെന്ന് അറിഞ്ഞു. ഇതോടെ രാത്രി തന്നെ സ്കൂൾ അധികൃതർ ഇടപെട്ട് രക്ഷിതാക്കൾ ഞാറക്കൽ പോലീസിൽ പരാതി നൽകി. തുടർന്നു സി ഐ സജി മർക്കോസ്, എസ് ഐ ആർ. രഗീഷ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഉടൻ തന്നെ അന്വേഷണം തുടങ്ങി. ഫോട്ടോയും മറ്റുവിവരങ്ങളും വിവിധ പോലീസ് സ്റ്റേഷനുകളിലേക്ക് മെയിൽ ചെയ്തും ബന്ധപ്പെട്ട അന്വേഷണ ഏജൻസികൾക്കു വാട്സ്ആപ് മെസേജുകൾ കൈമാറുകയും ചെയ്തതോടെയാണ് എറണാകുളം ഷാഡോ പോലീസ് രാത്രി പത്തുമണിയോടെയാണ് മൂവരേയും കണ്ടെത്തിയത്.
സ്കൂൾ യൂണിഫോമിൽ തന്നെ ബാഗും കുടയുമൊക്കെയായി എങ്ങോട്ടു പോകണമെന്നറിയാതെ മൂവരും എറണാകുളം സുഭാഷ് പാർക്കിൽ ഇരിക്കുകയായിരുന്നു. മൂവരേയും കസ്റ്റഡിയിലെ എടുത്ത ഷാഡോ പോലീസ് രാത്രി തന്നെ ഞാറക്കൽ പോലീസിനു കൈമാറി. പോലീസ് ചോദ്യം ചെയ്തപ്പോൾ തങ്ങൾ വീട്ടിലേക്കില്ലെന്നും ഏതെങ്കിലും ഹോസ്റ്റലിൽ ആക്കിയാൽ മതിയെന്നും മൂവരും അറിയിച്ചത്രേ. കാരണം ചോദിച്ചപ്പോഴാണ് മൂവരുടേയും പിതാക്കൾ ദിവസവും മദ്യപിച്ച് വന്ന് വീട്ടിൽ കലഹമുണ്ടാക്കുന്ന കാര്യങ്ങൾ പറഞ്ഞത്.
നാളേറെയായി സഹിക്കുന്നുവെന്നും തങ്ങൾക്ക് ഒരക്ഷരം പഠിക്കാൻ പോലും കഴിയുന്നില്ലെന്നും ഇവർ പോലീസിനെ അറിയിച്ചു. പരിഹാരമുണ്ടാക്കാമെന്ന ഉറപ്പിൽ പോലീസ് മൂവരേയും അവരവരുടെ രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു. ഇന്നു രക്ഷിതാക്കളോടു പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. വിദ്യാർഥനികൾക്കും രക്ഷിതാക്കൾക്കും കൗൺസിലിംഗിന് പോലീസ് സംവിധാനം ഏർപ്പാടാക്കി.