കോട്ടയം: കോടതി വിധിയുടെ പശ്ചാതലത്തില്‍ മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ മാറ്റി സ്ഥാപിക്കാനൊരു ങ്ങിയതോടെ എവിടെയും നാട്ടുകാരുടേയും വിദ്യാര്‍ത്ഥികളുടേയും സമരമാണ് കേരളം മുഴുവന്‍. എന്നാല്‍ ഔട്ട് ലെറ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിനെതിരെ കോട്ടയത്ത് കുടിയന്‍മാര്‍ പരസ്യമായി തന്നെ രംഗത്തിറങ്ങി.
പൂട്ടിയ ബിവറേജ് ഔട്ട്ലെറ്റുകള്‍ തുറക്കണമെന്നാവശ്യപ്പെട്ട് ഗംഭീര പ്രകടനം നടത്തിയിരിക്കുകയാണ് കോട്ടയം ജില്ലയിലെ കടുത്തുരുത്തിയിലെ മദ്യപന്മാര്‍. കടുത്തുരുത്തിയിലെ മദ്യസേവാ സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാര്‍ച്ച് നടന്നത്.
ആവേശ്വജ്ജ്വലമായിരുന്നു പ്രകടനം. ബാര്‍ പൂട്ടിയത് പ്രദേശത്ത് കഞ്ചാവിന്റെ ഉപയോഗം വര്‍ദ്ധിപ്പിച്ചെന്നും പറയുന്നുണ്ട് മദ്യപന്മാര്‍. ‘കണ്ടോളൂ കണ്ടോളൂ..കുടിയന്മാരെ കണ്ടോളൂ’, ‘കഞ്ചാവില്‍ നിന്നും നാടിനെ രക്ഷിക്കുക’ എന്നിങ്ങനെയാണ് മുദ്രാവാക്യങ്ങള്‍.
കടുത്തുരുത്തിയിലായിരുന്നു ബിവറേജ് ഔട്ട്ലെറ്റ് സ്ഥിതി ചെയ്തിരുന്നത്. കോടതി വിധി വന്നപ്പോള്‍ അവിടെ നിന്ന് മാറ്റി ആദിത്യപുരത്തേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ നടന്നുവരുകയായിരുന്നു. ആദിത്യപുരത്ത് ബിവറേജ് ഔട്ട്ലെറ്റ് തുടങ്ങാനുള്ള നീക്കത്തിനെതിരെ മദ്യ വിരുദ്ധ സമിതി മാര്‍ച്ച് നടത്തി പ്രതിഷേധിച്ചിരുന്നു.
എന്നാല്‍ ധാരാളം കള്ളുഷാപ്പുകള്‍ ഉള്ളയിടത്ത് ഷാപ്പുടമസ്ഥരാണ് ഈ പ്രതിഷേധം സംഘടിപ്പിച്ചതെന്നും ആരോപണമുയര്‍ന്നതായി പരിസരവാസികള്‍ പറയുന്നു. ഇതിനെതിരെയാണ് മുന്നൂറോളം മദ്യപന്മാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. വര്‍ഷങ്ങളായി കടുത്തുരുത്തിയില്‍ മദ്യ സേവാ സമിതി പ്രവര്‍ത്തിക്കുന്നുണ്ട്.
തങ്ങള്‍ക്ക് നഷ്ടപ്പെട്ടു പോയ ബിവറേജ് ഔട്ട്ലെറ്റുകള്‍ തിരിച്ചുനല്‍കണമെന്നാണ് മദ്യപന്മാരുടെ ആവശ്യം.പഞ്ചായത്തില്‍ എവിടെയെങ്കിലും മതിയെന്നും ഇവര്‍ പറയുന്നു. പ്രകടനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ കോട്ടയത്തെ കുടിയന്‍മാര്‍ താരമായിരിക്കുകയാണ്.