ദുബൈ: ദുബൈയില്‍ വെര്‍ട്ടിക്കല്‍ ഫാം തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി. ആദ്യ ഘട്ടത്തില്‍ പന്ത്രണ്ട് വെര്‍ട്ടിക്കല്‍ ഫാമുകള്‍ക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. കാലാവസ്ഥാവ്യതിയാന പരിസ്ഥിതി വകുപ്പും ഷാലിമാര്‍ ബയോടെക് ഇന്‍ഡസ്ട്രിയും ചേര്‍ന്നാണ് ദുബൈയില്‍ പദ്ധതി നടപ്പാക്കുക.
ഭക്ഷ്യസുരക്ഷ കൈവരിക്കാന്‍ ലോകത്തെമ്പാടും വിജയകരമായി നടപ്പാക്കിവരുന്ന തട്ടുതട്ടായി തരം തിരിച്ചുള്ള നൂതനകൃഷി രീതിയാണിത്. ഇതുമായി ബന്ധപ്പെട്ട് മണ്ണും ജൈവ കീടനാശിനികളും നിര്‍മിക്കുന്ന, ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുമായി കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രി ഡോ. താനി ബിന്‍ അഹമ്മദ് അല്‍ സെയൂദിയുടെ സാന്നിധ്യത്തില്‍ മന്ത്രാലയം ഉടമ്പടി ഒപ്പുെവച്ചു. മന്ത്രാലയത്തോടുചേര്‍ന്നാണ് ഫാമുകള്‍ക്ക് സ്ഥലമനുവദിച്ചിരിക്കുന്നത്.
ഉടമ്പടിപ്രകാരം മന്ത്രാലയത്തോടുചേര്‍ന്ന് അനുവദിച്ച 7600 ചതുരശ്ര മീറ്ററില്‍ ഷാലിമാര്‍ ബയോടെക്കിന്റെ സഹകരണത്തോടെയാകും പദ്ധതി നടപ്പാക്കുക. സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ പുത്തന്‍ കൃഷിരീതികള്‍ പരീക്ഷിച്ച് ഭക്ഷ്യ സുരക്ഷാരംഗത്ത് മാതൃകകള്‍ സൃഷ്ടിക്കുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യമെന്ന് മേഖലാ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി സുല്‍ത്താന്‍ അല്‍വാന്‍ പറഞ്ഞു. കാര്‍ഷികമാലിന്യവും കീടങ്ങളുമില്ലാത്ത കൃഷിരീതിയെന്ന പ്രത്യേകതയും ഇതിനുണ്ട്. അഞ്ച് വര്‍ഷത്തേക്കാണ് മന്ത്രാലയം ഷാലിമാറുമായി ഉടമ്പടി ഒപ്പുെവച്ചിട്ടുള്ളത്. ഈ കാലാവധിക്ക് ശേഷം ഇരുകക്ഷികള്‍ക്കും എതിര്‍പ്പില്ലെങ്കില്‍ ഉടമ്പടി വീണ്ടും തുടരാനാണ് പദ്ധതി.