ദുബായിയും പേപ്പര്‍ലെസ്സാവുന്നു; പാര്‍ക്കുകളില്‍ പ്രവേശിക്കാന്‍ ഇനി നോല്‍ കാര്‍ഡ് നിര്‍ബന്ധം  

 

 

ദുബായ്: ദുബായിലെ പൊതു ഉദ്യാനങ്ങളില്‍ പ്രവേശിക്കണമെങ്കില്‍ ഇനി മുതല്‍ ആര്‍.ടി.എ പുറത്തിറക്കുന്ന നോള്‍ കാര്‍ഡ് നിര്‍ബന്ധം. ഇതിന്റെ ഭാഗമായി റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുമായി സഹകരിച്ച് ദുബായ് മുനിസിപ്പാലിറ്റി പാര്‍ക്കുകളുടെ പ്രവേശന കവാടങ്ങളില്‍ 70 സ്മാര്‍ട്ട് ഗേറ്റുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. പാര്‍ക്കുകളില്‍ ഇനിമുതല്‍ പേപ്പര്‍ ടിക്കറ്റുകള്‍ നല്‍കുകയില്ല. പകരം നോല്‍ കാര്‍ഡുകളാണ് പ്രവേശനത്തിനായി ഉപയോഗിക്കേണ്ടതെന്ന് ദുബൈ മുന്‍സിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു.   സബീല്‍ പാര്‍ക്, അല്‍ മംസാര്‍ പാര്‍ക്, മുശ്‌രിഫ് പാര്‍ക്, ക്രീക്ക് പാര്‍ക്ക് എന്നിവിടങ്ങളില്‍ പ്രവേശിക്കുന്നതിന് ദുബൈ പൊതുഗതാഗത സംവിധാനങ്ങളില്‍ ഉപയോഗിക്കുന്ന നോല്‍ കാര്‍ഡുകള്‍ ഉപയോഗിക്കാം. ഇവിടങ്ങളില്‍ മാസങ്ങള്‍ക്കു മുമ്പ് തന്നെ സ്മാര്‍ട്ട് ഗേറ്റുകള്‍ സ്ഥാപിച്ചിരുന്നു. പദ്ധതിക്ക് ജനങ്ങളില്‍ നിന്ന് നല്ല സഹകരണമാണ് ലഭിക്കുന്നതെന്ന് ദുബയ് മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു. ദുബൈയില്‍ ബസ്, മെട്രോ, ടാക്‌സി, വാട്ടര്‍ ടാക്‌സി യാത്രകള്‍ക്കാണ് നിലവില്‍ നോല്‍ കാര്‍ഡുകള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഇനി മുതല്‍ ഉദ്യാനങ്ങളിലെത്തുന്ന കാര്‍ഡില്ലാത്ത പൊതു ജനങ്ങള്‍ പ്രവേശനത്തിനായി കാര്‍ഡുകള്‍ വാങ്ങേണ്ടതുണ്ട്. ടിക്കറ്റ് കൗണ്ടറുകളില്‍ 25 ദിര്‍ഹം നല്‍കിയാല്‍ പുതിയ നോള്‍ കാര്‍ഡുകള്‍ കൗണ്ടറുകളില്‍ ലഭിക്കും. ഇതുവഴി പേപ്പറുകളുടെ ഉപയോഗം കുറയ്ക്കാനും ടിക്കറ്റുകള്‍ക്കായി ക്യൂ നില്‍ക്കുന്ന സമയം ലാഭിക്കാനും സാധിക്കുമെന്ന് അധികൃതര്‍ അഭിപ്രായപ്പെട്ടു. അതേസമയം, നേരത്തേ പേപ്പര്‍ ടിക്കറ്റായിരുന്നപ്പോള്‍ നല്‍കിയിരുന്ന പ്രവേശന ഫീസ് മാത്രമേ നോല്‍ കാര്‍ഡില്‍ നിന്നും ഈടാക്കുകയുള്ളൂ. കുറഞ്ഞ ദിവസങ്ങള്‍ക്ക് മാത്രമായി ദുബൈയില്‍ സന്ദര്‍ശനത്തിന് എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് നോള്‍ കാര്‍ഡിലൂടെയുള്ള പ്രവേശനം നിര്‍ബന്ധമാക്കിയിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. ദുബയ് നഗരത്തെ കൂടുതല്‍ സ്മാര്‍ട്ടാക്കാനുള്ള ശ്രമങ്ങളില്‍ എല്ലാവരും സഹകരിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

Top