ദുബായ് :തടാകത്തില്‍ നിന്നും നുരയും പതയും ഉയര്‍ന്ന് ദുര്‍ഗന്ധം വമിക്കുന്നതിനെ തുടര്‍ന്ന് പരിസര വാസികള്‍ ആശങ്കയില്‍. ദുബായിലെ ജുമൈറാ ദ്വീപിലെ തടാകത്തിലാണ് സോപ്പ് കുമിളകള്‍ കണക്കെ വെള്ളം നുരച്ച് പൊന്തുന്നത്. ആയിരക്കണക്കിന് മത്സ്യങ്ങള്‍ ചത്ത് പൊന്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം ഈ തടാകം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇതിന് ശേഷമാണ് ഇത്തരത്തിലുള്ള പ്രതിഭാസം കൂടി ഈ കൃത്രിമ തടാകത്തില്‍ കാണപ്പെട്ട് തുടങ്ങിയത്. അസഹ്യമായ ദുര്‍ഗന്ധവും ഇവയില്‍ നിന്നും വമിക്കുന്നുണ്ട്. ഇവയെ തുടര്‍ന്ന് തടാകത്തിന്റെ പരിസരങ്ങളിലായി ഫ്‌ളാറ്റുകളില്‍ താമസിക്കുന്നവര്‍ ദുരിതത്തിലാണ്. രൂക്ഷമായ ഗന്ധം ശ്വസിച്ച് മാരക രോഗങ്ങള്‍ പിടിപെടുമൊ എന്ന് ഭയത്തിലാണ് ഏവരും. ജെറ്റ് പമ്പുകള്‍ ഉപയോഗിച്ച് വെള്ളം ഇവയ്ക്ക് മേല്‍ ചീറ്റിച്ച് നുര കളയുവാന്‍ അധികൃതര്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവയൊന്നും തന്നെ ഫലപ്രാപ്തിയിലെത്തുന്നില്ല. ഇത്തരത്തില്‍ വെള്ളം നുരഞ്ഞ് പൊന്തുന്നതിന് പിന്നിലെ കാരണം കണ്ടെത്തുവാനും ഇതുവരെ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല.ചെടികളും പച്ചക്കറികളും അഴുകിയതിന് ശേഷം വെള്ളത്തില്‍ കൂടി ഒലിച്ച് വരുന്നതിനെ തുടര്‍ന്നാണ് ഈ നുരച്ച് പൊന്തല്‍ ഉണ്ടാകുന്നതെന്നാണ് അധികൃതര്‍ നല്‍കുന്ന പ്രാഥമിക വിശദീകരണം. ദുബായിലെ മറ്റു തടാകങ്ങളില്‍ നിന്നും വ്യത്യസ്ഥമായി ജുമൈറാ അറബിക്കടലുമായി ബന്ധമുണ്ട്. അതുകൊണ്ട് തന്നെ ചെടികള്‍ മുലമുണ്ടാകുന്ന നുരച്ച് പൊന്തല്‍ ഒഴിവാക്കുവാനുള്ള രാസവസ്തു പ്രയോഗങ്ങള്‍ ജുമൈറാ തടാകത്തില്‍ സാധാരണ നടത്താറില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
ദുബായിലെ തടാകത്തില്‍ നിന്നും നുരയും പതയും ഉയര്‍ന്ന് ദുര്‍ഗന്ധം വമിക്കുന്നു; പരിസര വാസികള്‍ ആശങ്കയില്‍
Tags: dubai