ദുബായ് :കുറ്റകൃത്യം നടന്ന് 20 മിനുറ്റിനകം പ്രതിയെ പിടിച്ച് റെക്കോര്‍ഡിട്ടിരിക്കുകയാണ് ദുബായ് പോലീസ്. പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള സമയം പോലും ലഭിച്ചില്ല. സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ദുബായ് പോലീസ് നടത്തിയ നീക്കങ്ങള്‍ ഏത് അന്വേഷണ സംഘത്തിനും മാതൃകയാക്കാവുന്നതാണ്.വിചിത്രമായ ഒരു കേസാണ് ദുബായ് പോലീസ് 20 മിനുറ്റ് കൊണ്ട് തെളിയിച്ചതെന്ന് അസിസ്റ്റന്റ് കമാന്റര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹീം അല്‍ മന്‍സൂരി പറയുന്നു. കുറ്റകൃത്യം നടന്നു 10 മിനുറ്റിനകം പ്രതിയെ തിരിച്ചറിയാന്‍ സാധിച്ചതാണ് ഗുണമായത്. സംഭവം നടന്ന് പത്ത് മിനുറ്റിനകം കുറ്റകൃത്യം ചെയ്തവരെ തിരിച്ചറിഞ്ഞു. 20 മിനുറ്റുകൊണ്ട് പ്രതികളെ പിടികൂടിയെന്നും മേജര്‍ ജനറല്‍ ഖലീലിനെ ഉദ്ധരിച്ച് അല്‍ ബയാന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ ഒരു കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇത്രവേഗം പ്രതികളെ പിടികൂടിയതെന്ന് മാത്രമാണ് പോലീസ് പറയുന്നത്. കേസിന്റെ വിശദാംശങ്ങള്‍ അവര്‍ പുറത്തുവിട്ടില്ല. സമാനമായ കേസുകള്‍ പഠിച്ചും കേസ് ഫയലുകള്‍ സൂക്ഷ്മമായി പരിശോധിച്ചുമാണ് പ്രതികളെ ഉടന്‍ പിടികൂടാന്‍ സാധിക്കുന്നത്.കുറ്റകൃത്യങ്ങളുടെ രേഖകള്‍ ശാസ്ത്രീയമായ രീതിയില്‍ ദുബായ് പോലീസ് സൂക്ഷിക്കുന്നുണ്ട്. ഏത് നിസാരമായ കേസുകളും ഇത്തരത്തില്‍ സൂക്ഷിക്കും. രാജ്യത്തെ എല്ലാ വ്യക്തികളെയും തിരിച്ചറിയാനുള്ള സംവിധാനം ദുബായ് പോലീസിനുണ്ട് .ഏറ്റവും കുറഞ്ഞതോതില്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്ന രാജ്യങ്ങളിലൊന്നാണ് യുഎഇ. ഇവിടുത്തെ പോലീസിന്റെ കാര്യക്ഷമതയാണ് ഇതിന് കാരണം. അമേരിക്കയും ജര്‍മനിയുമെല്ലാം കുറ്റകൃത്യത്തിന്റെ കാര്യത്തില്‍ യുഎഇയെക്കാള്‍ മുന്നിലാണ്. പശ്ചിമേഷ്യയിലും വടക്കന്‍ ആഫ്രിക്കയിലും ഏറ്റവും കുറഞ്ഞ കുറ്റകൃത്യം നടക്കുന്ന രാജ്യമാണ് യുഎഇ. ആഗോളതലത്തില്‍ കുറ്റകൃത്യം കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ 33 ാം സ്ഥാനത്താണ് യുഎഇ. സംഘടിത കുറ്റകൃത്യങ്ങള്‍ യുഎഇയില്‍ കുറവാണ്. മാത്രമല്ല, വര്‍ഗീയ സംഘടനകള്‍ക്ക് രാജ്യത്ത് സ്വാധീനം വളരെ കുറവാണ്. കാര്യമായും കേസുകള്‍ ഉണ്ടാകുന്നത് സാമ്പത്തിക തര്‍ക്കവുമായി ബന്ധപ്പെട്ടാണ്.
നേരത്തെ പലസ്തീന്‍ നേതാവ് മഹ്മൂദ് അല്‍ മബ്ഹൂഹിനെ കൊലപ്പെടുത്തിയ സംഘത്തെ ദുബായ് പോലീസ് പിടികൂടിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇസ്രായേല്‍ ചാരസംഘടനയായ മൊസാദിന്റെ ഏജന്റുമാരായിരുന്നു കൊലപാതകം നടത്തിയത്. വിവിധ രാജ്യങ്ങളുടെ പാസ്‌പോര്‍ട്ടില്‍ ദുബായിലെത്തിയ മൊസാദ് സംഘം ഹോട്ടലില്‍ വച്ചാണ് പലസ്തീന്‍ നേതാവിനെ കൊലപ്പെടുത്തിയത്. പക്ഷേ, എല്ലാവരും വ്യാജ പാസ്‌പോര്‍ട്ടിലാണെത്തിയതെന്ന് പിന്നീട് ദുബായ് പോലീസ് കണ്ടെത്തി. പ്രതികളെ തിരിച്ചറിയുകയും ചെയ്തു.തെളിയാത്ത പ്രമാദമായ കേസുകള്‍ യുഎഇയില്‍ ഇല്ല. തട്ടിക്കൊണ്ടുപോകല്‍, ബലാല്‍സംഗം തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളെല്ലാം തെളിയിക്കപ്പെട്ടിട്ടുണ്ട്. സുപ്രധാന കേന്ദ്രങ്ങളിലെല്ലാം സ്ഥാപിച്ച ഒളികാമറകളും രാജ്യത്തേക്ക് പ്രവേശിക്കുമ്പോള്‍ ശേഖരിക്കുന്ന തിരിച്ചറിയല്‍ രേഖകളുമാണ് വേഗത്തില്‍ പ്രതികളെ പിടിക്കാന്‍ പോലീസിനെ സഹായിക്കുന്നത്.ദുബായ് നഗരത്തിന്റെ സുരക്ഷാകാര്യത്തില്‍ ദുബായ് പോലിസ് പാലിക്കുന്ന നിഷ്കര്‍ഷത വളരെ വലുതാണ്.ഒരു വട്ടമെങ്കിലും ദുബായ് സന്ദര്‍ശിച്ചവര്‍ക്ക് ഇത് അറിയാം. ലോകത്തിന് എന്നും ആശ്ചര്യമാണ് ദുബായ് നഗരം. അതുപോലെ തന്നെ വ്യത്യസ്തമാണ് ദുബായ് പോലീസും. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും വരുന്ന ജനങ്ങള്‍ക്ക് ദുബായ് നഗരം നൂറുശതമാനം സുരക്ഷിതമാണ്. ഇതില്‍ ദുബായ് പോലീസിന്റെ പങ്കു എടുത്തുപറയേണ്ടതാണ്.ഏത് കേസിലും കുറ്റവാളികളെ പിടികൂടാനും കുറ്റം തെളിയിക്കാനും ദുബായ് പോലീസിനുള്ള മികവ് ലോകപോലീസായ അമേരിക്കക്ക് വരെ ഇല്ലെന്ന് പറയാം.