വാഗമണ്‍: കോടതിയിലെ ശുചിമുറിയില്‍ ഒളിക്യാമറ വച്ച കേസില്‍ പോലസ് തിരയുന്ന ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ ചേര്‍ത്തല പട്ടണക്കാട് പത്മാക്ഷിക്കവല നിമല്‍വീട്ടില്‍ വിജു ഭാസകറിന്റെ (40) മൃതദേഹമാണ് ഇന്നലെ വൈകിട്ടു വാഗമണ്‍ മൊട്ടക്കുന്നിനു സമീപം കണ്ടെത്തിയത്.
മൃതദേഹത്തിനു 10 ദിവസത്തിലധികം പഴക്കമുണ്ടെന്നാണു പൊലീസ് നിഗമനം. ജീര്‍ണിച്ച നിലയിലാണ്. കൈകളില്‍ വന്യമൃഗങ്ങള്‍ കടിച്ച പാടുകളുണ്ട്. വിനോദസഞ്ചാരികളില്‍ ചിലരാണു വിവരം പൊലീസില്‍ അറിയിച്ചത്. പോക്കറ്റില്‍നിന്നു ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡില്‍നിന്നാണ് ആളെ തിരിച്ചറിഞ്ഞത്.
വിജുവിന്റെ പക്കല്‍നിന്ന് ആത്മഹത്യാക്കുറിപ്പു ലഭിച്ചതായി സൂചനയുണ്ടെങ്കിലും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. രാത്രിയായതിനാല്‍ ഇന്‍ക്വസ്റ്റ് നടപടി ഇന്നത്തേക്കു മാറ്റിയതായും മൃതദേഹത്തിനു പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയതായും പീരുമേട് സിഐ ഷിബുകുമാര്‍ പറഞ്ഞു. വിജു ജോലിചെയ്തിരുന്ന ഇടുക്കി ജില്ലാ കോടതിയിലെ ശുചിമുറിയില്‍ ക്യാമറ കണ്ടെത്തിയ സംഭവത്തില്‍ വിജുവിനെ പ്രതിയാക്കി മുട്ടം പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു.
നവംബര്‍ 15നു വിജുവിനെതിരെ ലുക്ക് ഔട്ട് നോട്ടിസും പുറപ്പെടുവിച്ചു. ഇതിനിടെ വിജുവിന്റെ ഭാര്യ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി സമര്‍പ്പിച്ചിരുന്നു.