പ്രധാനമന്ത്രിയുടെ സുരക്ഷയാണ് പ്രധാനം; തന്നെ ക്ഷണിക്കാത്തതില്‍ പരാതിയില്ല; ഇ ശ്രീധരന്‍

 

കൊച്ചി: തന്നെ ക്ഷണിക്കാത്തതിന്റെ പേരില്‍ വിവാദങ്ങള്‍ക്കില്ലെന്ന് മെട്രോ മാന്‍ ഇ ശ്രീധരന്‍. മെട്രോ ഉദ്ഘാടന വേദിയിലേക്ക് തന്നെ ക്ഷണിക്കാത്തതില്‍ വിഷമമില്ലെന്നും പ്രധാനമന്ത്രിയുടെ സുരക്ഷയാണ് പ്രധാനമെന്നും ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍ പറഞ്ഞു.
പ്രധാനമന്ത്രിയുടെ സുരക്ഷയാണ് പ്രധാനം. ഈ കാര്യത്തില്‍ വിവാദമുണ്ടാക്കരുത്. സുരക്ഷാ ഏജന്‍സി എന്താണ് പറയുന്നത് അതു പോലെ ചെയ്യണം. വേദിയിലേക്ക് ക്ഷണിക്കാത്തതില്‍ ഒരു വിഷമവുമില്ല. അദ്ദേഹം പറഞ്ഞു.

ശ്രീധരനെ ക്ഷണിക്കാത്തതില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് വിഷമമുണ്ടെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ പണിയെടുക്കുന്ന ആളായ തന്നെ ക്ഷണിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവം വിവാദമാക്കേണ്ട കാര്യമില്ല. ഇനി ക്ഷണിച്ചാല്‍ വേദിയിലുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം മെട്രോയുടെ രണ്ടാം ഘട്ടത്തില്‍ താനും ഡിഎംആര്‍സിയും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

രാവിലെ എട്ടു മണിക്കാണ് സ്റ്റേഷനുകള്‍ സന്ദര്‍ശിക്കാന്‍ അദ്ദേഹം എത്തിയത്. കെഎംആര്‍എല്‍ ഉദ്യോഗസ്ഥരോടൊപ്പമാണ് പ്രധാനമന്ത്രി യാത്രയ്ക്ക് എത്തുന്ന പാലാരിവട്ടം സ്റ്റേഷനില്‍ അദ്ദേഹം എത്തിയത്. മെട്രോ സര്‍വീസ് നടത്തുന്ന മുഴുവന്‍ ദൂരവും ശ്രീധരന്‍ വിശദമായി പരിശോധിക്കും.

കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങില്‍ വേദിയിലിരിക്കേണ്ടവരുടെ പട്ടികയില്‍ നിന്ന് ഇ.ശ്രീധരന്‍ അടക്കമുള്ളവരെ പ്രധാനമന്ത്രിയുടെ ഓഫീസ് ഒഴിവാക്കിയിരുന്നു. ഉദ്ഘാടകനായ പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ഗവര്‍ണര്‍ പി. സദാശിവം, കെ.വി. തോമസ് എംപി, മന്ത്രി തോമസ് ചാണ്ടി, കൊച്ചി മേയര്‍ സൗമിനി ജയിന്‍ എന്നീ ഏഴുപേര്‍ക്ക് മാത്രമെ വേദിയില്‍ സ്ഥാനമുള്ളൂ.

സംസ്ഥാന സര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ 13 പേരുടെ പേരുകളായിരുന്നു ചടങ്ങിലേക്ക് നല്‍കിയത്. പിന്നീടിത് ഒമ്പതാക്കി ചുരുക്കി. ഇതും വെട്ടിച്ചുരുക്കിയാണ് കേന്ദ്ര സര്‍ക്കാര്‍ പട്ടികയിറക്കിയത്. ഇതിനെത്തുടര്‍ന്ന് ശ്രീധരന്‍ ഉള്‍പ്പെടെയുള്ളവരെ ഒഴിവാക്കിയതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചു.

ഉദ്ഘാടന വേദിയില്‍ ഇടം കിട്ടാത്തതില്‍ പരിഭവമില്ലെന്ന് ഇ. ശ്രീധരന്‍ കഴിഞ്ഞ ദിവസവും പ്രതികരിച്ചിരുന്നു. തങ്ങളുടെ പരിപാടിയാണെന്നും കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ അപാകതയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ശനിയാഴ്ച രാവിലെ 11നാണ് കൊച്ചി മെട്രോയുടെ ഔദ്യോഗിക ഉദ്ഘാടനം നടക്കുന്നത്. രാവിലെ 10.30ന് പാലാരിവട്ടത്തെത്തുന്ന പ്രധാനമന്ത്രി അവിടെനിന്നു മെട്രോയില്‍ പത്തടിപ്പാലം വരെയും തിരിച്ചു പാലാരിവട്ടത്തേക്കും യാത്ര ചെയ്യും.

Top