കൊച്ചി: പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പ് കേരളത്തിലെ എന്‍ഡിഎ മുന്നണി തകരും. സാമ്പത്തിക സംവരണവുമായി ബിജെപി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണെങ്കില്‍ എന്‍ഡിഎയിലെ ഘടക കക്ഷിയായ ബിഡിജെഎസിന് അത് വലിയ തിരിച്ചടിയാകും. എസ്എന്‍ഡിപിയും കെപിഎംഎസും അടക്കമുള്ള പിന്നാക്ക ജാതിക്കാരുടെയും പട്ടികജാതിക്കാരുടേയും സംഘനകള്‍ക്ക് സാമ്പത്തിക സംവരണത്തെ അംഗീകരിച്ച് മുന്നോട്ട് പോകാന്‍ കഴിയില്ല.
സാമ്പത്തിക സംവരണത്തെ എതിര്‍ത്ത് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തിക്കഴിഞ്ഞു. ഇതുകൂടി ചേര്‍ത്ത് വായിക്കുമ്പോള്‍ മനസിലാകുന്നത് ബിഡിജെഎസ് മുന്നണിയില്‍ തുടരുന്നത് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നാണ്. ദലിതരുടെ ഗ്രൂപ്പായ കെപിഎംഎസും സാമ്പത്തിക സംവരണത്തിനെതിരെ നിലപാടെടുക്കേണ്ടിവരുന്ന ഘടത്തിലാണ്. ഇതില്‍ എന്‍ഡിഎക്ക് വലിയ തിരിച്ചടി നേരിടേണ്ടിവരും എന്നത് ഉറപ്പാണ്.
ഇപ്പോള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എട്ട് സീറ്റുകള്‍ വേണമെന്ന് ബിഡിജെഎസ് ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊച്ചിയില്‍ നടന്ന എന്‍ഡിഎ യോഗത്തിലാണ് ബിഡിജെഎസ് ഇക്കാര്യം ആവശ്യപ്പെട്ടത്. അതേസമയം വനിതാമതില്‍ പങ്കെടുത്തതിന് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. ആചാര സംരക്ഷണത്തിനൊപ്പം നിന്നിട്ട് വനിതാ മതിലിനെ പിന്തുണച്ചത് ശരിയായില്ലെന്ന് എന്‍.ഡി.എ യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. ബിഡിജെഎസിന്റെ പ്രസ്താവനകള്‍ ആശയക്കുഴപ്പമുണ്ടാക്കിയെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി വയനാട്, ആലത്തൂര്‍, തൃശ്ശൂര്‍, ചാലക്കുടി, ഇടുക്കി, ആലപ്പുഴ, പത്തനതിട്ട, ആറ്റിങ്ങല്‍ എന്നീ സീറ്റുകളാണ് ബിഡിജെഎസ് യോഗത്തില്‍ ചോദിച്ചത്. ഇത്രയും സീറ്റുകള്‍ വിട്ടുനല്‍കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് ബിജെപി അറിയിച്ചിട്ടുണ്ട്. എന്നാല്‍ വിഷയത്തില്‍ ഉഭയകക്ഷി ചര്‍ച്ചനടത്താമെന്ന് ബിഡിജെഎസിനെ അറിയിച്ചു.