വനിതാമതില്‍: ബിജെപിയിലും ബിഡിജെഎസിലും പോര് മുറുകുന്നു; തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ കര്‍ശന നിലപാട് വേണമെന്ന് ആവശ്യം

തിരുവനന്തപുരം: വനിതാ മതിലിനെച്ചൊല്ലി ബിഡിജെഎസ് അംഗങ്ങള്‍ തമ്മില്‍ തര്‍ക്കം മുറുകുന്നു. വനിതാ മതിലില്‍ പങ്കെടുക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി പ്രസ്താവിച്ചതിന് പിന്നാലെയാണ് കലഹം ആരംഭിച്ചിരിക്കുന്നത്. ബിഡിജെഎസ് വൈസ് പ്രസിഡണ്ട് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാടാണ് തുഷാറിനെതിരെ രംഗത്തെത്തിയത്. വനിതാ മതിലിന്റെ കാര്യം ബിഡിജെഎസില്‍ ആലോചിച്ചിട്ടില്ലെന്ന് അക്കീരമണ്‍ കുറ്റപ്പെടുത്തി.
വനിതാ മതിലില്‍ പങ്കെടുക്കുന്നതില്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് സ്വതന്ത്രമായ തീരുമാനമെടുക്കാമെന്ന് ബിജെപി അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. ശ്രീധരന്‍പിള്ളയുടെ പ്രസ്താവനയില്‍ ബിജെപിക്കുള്ളിലും അതൃപ്തിയുണ്ടാക്കിയിരിക്കുകയാണ്. ഇതോടെ വനിതാമതിലിനെ ചൊല്ലി ബിജെപിയിലും ബിഡിജെഎസ്സിലും തര്‍ക്കം ശക്തമായിരിക്കുകയാണ്.

അയ്യപ്പജ്യോതിയില്‍ നിന്നും വിട്ടുനിന്ന എന്‍ഡിഎ കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി മതിലിനോട് അനുകൂല നിലപാടെടുത്തത് വലിയ വിവാദമായിരുന്നു. തന്നെയും മകനെയും തമ്മിലകറ്റാന്‍ ബിജെപി ശ്രമിക്കുന്നതായി വെള്ളാപ്പള്ളിയും ആരോപിച്ചിരുന്നു. എന്നാല്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ വനിതാ മതിലില്‍ തീരുമാനം തുഷാറിന് വിട്ട് മൃദുനിലപാടെടുത്തിരിക്കുകയാണ്.

എന്നാല്‍ ശ്രീധരന്‍പിള്ള അയഞ്ഞപ്പോള്‍ ബിഡിജെഎസില്‍ തുഷാറിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്. വെള്ളാപ്പള്ളിയോടും തുഷാറിനോടുമുള്ള ശ്രീധരന്‍പിള്ളയുടെ നിലപാടില്‍ ബിജെപിയിലെ വി മുരളീധരപക്ഷത്തിന് കടുത്ത എതിര്‍പ്പുണ്ട്. അഭിമാനപരിപാടിയായ അയ്യപ്പ ജ്യോതിയില്‍ നിന്നും വിട്ടുനിന്ന തുഷാര്‍ വനിതാ മതിലിനോട് സഹകരിച്ചാല്‍ കേന്ദ്ര നേതൃത്വത്തെ സമീപിക്കാനും മുരളീധരപക്ഷത്തിന് ആലോചനയുണ്ട്. രണ്ട് തോണിയില്‍ കാല് വെച്ച് നീങ്ങുന്ന വെള്ളാപ്പള്ളിക്കും തുഷാറിനുമെതിരെ കര്‍ക്കശ നിലപാട് വേണമെന്നാണ് ഇവരുടെ ആവശ്യം.

Top