ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ മത്സരിച്ചേക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായി. മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സുരേന്ദ്രന്‍ നിര്‍ദേശം ലഭിച്ചതായാണ് വിവരം. കേരളത്തിന്റെ ചുമതലയുള്ള ദേശീയ സഹസംഘടനാ സെക്രട്ടറി ബുധനാഴ്ച കാസര്‍കോട്ട് നേതാക്കളുടെ യോഗം വിളിച്ചിരുന്നു. മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പ് കേസ് പിന്‍വലിച്ച് കെ. സുരേന്ദ്രനോട് മത്സരിക്കാന്‍ നിര്‍ദേശം നല്‍കി എന്നാണ് അറിയുന്നത്. പി.ബി. അബ്ദുള്‍ റസാഖിന്റെ നിര്യാണത്തെത്തുടര്‍ന്ന് ഒഴിവുവന്ന മഞ്ചേശ്വരം നിയമസഭാമണ്ഡലത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം തന്നെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനാണ് സാധ്യത.
കെ. സുരേന്ദ്രനെ തൃശ്ശൂരില്‍ മത്സരിപ്പിക്കണമെന്ന് സുരേന്ദ്രന്‍ അനുകൂലികളായ ജില്ലാ നേതൃത്വമാണ് ആവശ്യപ്പെട്ടത്. എന്നാല്‍, ഇക്കാര്യത്തില്‍ സംസ്ഥാനതലത്തില്‍ തീരുമാനയിട്ടില്ല. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ള തിരുവനന്തപുരത്ത് മത്സരിക്കാന്‍ താത്പര്യം അറിയിച്ചിട്ടുണ്ടെങ്കിലും പരസ്യമായി സമ്മതിച്ചിട്ടില്ല. ശശി തരൂരാണ് എതിരാളിയെന്നതും ബിജെപിയെ വെട്ടിലാക്കുന്നുണ്ട്. കുമ്മനം രാജശേഖരന്‍ വരുമെന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. ഈ സാഹചര്യത്തിലാണ് സമവായസാധ്യതയായി സുരേഷ് ഗോപിയുടെ പേര് വീണ്ടും ഉയര്‍ന്ന് കേള്‍ക്കുന്നത്. സുരേഷ്‌ഗോപിയോട് എന്‍.എസ്.എസ്സിനും ഇപ്പോള്‍ പ്രശ്‌നങ്ങളൊന്നുമില്ല.