കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും. വൈകിട്ട് പാര്‍ട്ടി തെരഞ്ഞെടുപ്പ് സമിതി യോഗം ചേരും. ഇന്നലെ രാത്രി വൈകിയും നേതാക്കള്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിനായി യോഗം ചേര്‍ന്നിരുന്നു. എറണാകുളം സീറ്റില്‍ കെ.വി തോമസിന് പകരം ഹൈബി ഈഡനെ സജീവമായി പരിഗണിക്കുന്നുണ്ട്. അന്തിമ തീരുമാനം പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൈക്കൊള്ളും. ഹൈക്കമാന്റ് സമ്മര്‍ദ്ദമില്ലെങ്കില്‍ പ്രധാന നേതാക്കളായ ഉമ്മന്‍ ചാണ്ടി, കെ.സി വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ സ്ഥാനാര്‍ഥികള്‍ ആകില്ല. സിറ്റിംഗ് എംപിമാര്‍ മത്സരിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ തെരഞ്ഞെടുപ്പ് സമിതിയാകും അന്തിമ തീരുമാനം എടുക്കുക.
വടകര, വയനാട്, എറണാകുളം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, ആറ്റിങ്ങല്‍ സീറ്റുകളിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ധാരണയിലെത്താന്‍ ഇതുവരെ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. പത്തനംതിട്ടയില്‍ ഉമ്മന്‍ ചാണ്ടിയില്ലെങ്കില്‍ ആന്റോ ആന്റണി തന്നെ വരുമെന്നാണ് ഏറ്റവും ഒടുവിലെ വിവരം. കെ സി വേണുഗോപാല്‍ മാറി നില്‍ക്കുന്ന സാഹചര്യത്തില്‍ ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാനെയും അടൂര്‍ പ്രകാശിനേയുമാണ് പരിഗണിക്കുന്നത്.
ആറ്റിങ്ങലിലും അടൂര്‍ പ്രകാശിന്റെ പേരാണ് പരിഗണനയില്‍. എറണാകുളത്ത് സിറ്റിംഗ് എംപി കെ വി തോമസിനെ വീണ്ടും കളത്തിലിറക്കുന്ന കാര്യത്തിലും അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. വയനാട്ടില്‍ കെ സി വേണു ഗോപാല്‍ മത്സരിക്കണമെന്ന ശക്തമായ ആവശ്യം ഇപ്പോഴും നേതൃത്വത്തിന് മുന്നില്‍ നിലനില്‍ക്കുന്നുണ്ട്. വടകരയില്‍ മുല്ലപ്പള്ളിയില്ലെങ്കില്‍ കെ കെ രമയുടെ പേര് പരിഗണിക്കണം എന്ന് അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. പക്ഷെ ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിലപാട് നിര്‍ണ്ണായകമായിരിക്കും.
ഇടുക്കിയില്‍ പി ജെ ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കാമെന്ന അഭിപ്രായത്തോടും ഹൈക്കമാന്റ് പ്രതികരണം അനുകൂലമല്ല. കോണ്‍ഗ്രസിന്റെ സീറ്റുകള്‍ പ്രത്യേകിച്ച് സിറ്റിംഗ് സീറ്റുകള്‍ മറ്റാര്‍ക്കും വിട്ട് കൊടുക്കേണ്ടതില്ലെന്ന ഉറച്ച നിലപാടിലാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെന്നാണ് വിവരം. അതു കൊണ്ടു തന്നെ ഇടുക്കി സീറ്റിലും കേരളാ കോണ്‍ഗ്രസ് പ്രതിസന്ധി പരിഹരിക്കാന്‍ കോണ്‍ഗ്രസ് മുന്‍കയ്യെടുത്ത് നടത്തുന്ന പരിശ്രമങ്ങളിലും എല്ലാം കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാട് നിര്‍ണ്ണായകമാകും.