ബിജെപിയുമായി ഇനി ബന്ധമില്ല; തരൂരിന് വിജയാശംസ നേര്‍ന്ന് ശ്രീശാന്ത്

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് ശശി തരൂര്‍ എംപിയെ സന്ദര്‍ശിച്ചു. ഐപിഎല്‍ ഒത്തുകളി വിവാദത്തെ തുടര്‍ന്ന് ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവാനന്ത വിലക്ക് സുപ്രീം കോടതി കഴിഞ്ഞ ദിവസം നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് താരം തരൂരിനെ നേരില്‍ കാണാനെത്തിയത്. ഇന്നലെ രാത്രി ഒമ്പതരയോടെ തരൂരിന്റെ വസതിയിലെത്തി താരം അദ്ദേ​ഹത്തിന് നന്ദി അറിയിച്ചു. ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി ഫോണിലൂടെ തരൂരിന് നന്ദി പറഞ്ഞു. വിലക്ക് നീക്കിയതിന് ശേഷം താന്‍ ആദ്യമായി കാണുന്നയാളാണ് തരൂരെന്ന് ശ്രീശാന്ത് പറഞ്ഞു. വിലക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുകയും വിലക്ക് നീക്കാന്‍ ബിസിസിഐ യോട് ആവശ്യപ്പെട്ടതും തരൂരാണ്.

അതിന് നന്ദി പറയാനാണ് എത്തിയത്. വ്യക്തിയെന്ന നിലയിലും എംപിയെന്ന നിലയിലും തരൂരിനോട് ഏറെ ആദരവും ബഹുമാനവുമുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായത് സംബന്ധിച്ച്‌ തരൂര്‍ ആരാഞ്ഞു. എന്നാല്‍ ബിജെപിയുമായി തനിക്ക് ഇനി ബന്ധമുണ്ടാവില്ലെന്നും സജീവ രാഷ്ട്രീയത്തിലിറങ്ങാന്‍ ഉദ്ദേശമില്ലെന്നും ശ്രീശാന്ത് തരൂരിനോട് വ്യക്തമാക്കി. ഇനി പൂര്‍ണമായും കളിയില്‍ ശ്രദ്ധിക്കാനാണ് താത്പര്യമെന്നും ശ്രീശാന്ത് വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന തരൂരിന് വിജയാശംസ നേരാനും ശ്രീശാന്ത് മറന്നില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top