
തൊടുപുഴ: ദാഹം തീര്‍ക്കാന്‍ ടാങ്കറില്‍ തുമ്പിക്കൈയിട്ട് വെള്ളം കോരിക്കുടിച്ച് കാട്ടാന. കണ്ണന്‍ദേവന്‍ പ്ലാന്റേഷനില്‍ തേയിലച്ചെടികള്‍ നനയ്ക്കാനായി ടാങ്കറില്‍ മൂന്നാറിനടുത്തുള്ള ചെണ്ടുവരയില്‍ എത്തിച്ച ടാങ്കറില്‍ നിന്നാണ് ആന വെള്ളം കുടിച്ചത്. വനത്തില്‍ രൂക്ഷമായ വരള്‍ച്ചയുടെ കാഠിന്യമാണ് ഇത് വ്യക്തമാക്കുന്നതെന്ന് വനംവകുപ്പ് ജീവനക്കാരും പരിസ്ഥിതി പ്രവര്‍ത്തകരും നാട്ടുകാരും പറയുന്നു. മൂന്നാര്‍ ടൗണിലും പരിസര പ്രദേശങ്ങളിലുമായി കാട്ടാനകള്‍ കറങ്ങിനടക്കുകയാണ്. മൂന്നാര്‍, മറയൂര്‍, അടിമാലി, ആനയിറങ്കല്‍, സിങ്കുകണ്ടം എന്നിവിടങ്ങളില്‍ സമീപകാലങ്ങളിലായി കാട്ടാനകള്‍ ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങുന്നത് വര്‍ധിച്ചിരിക്കുകയാണ്. വരള്‍ച്ച രൂക്ഷമായതോടെയാണ് കാട്ടാനകളുടെ നാടിറക്കം കൂടുതലായിരിക്കുന്നത്. വെള്ളവും തീറ്റയും തേടി കാട്ടാനകള്‍ ഇറങ്ങുമ്പോള്‍ ജീവനില്‍ ഭയന്നു സഞ്ചരിക്കേണ്ടി വരുന്നത് പാവം പ്രദേശവാസികള്‍ക്കാണ്. വനത്തിനുള്ളില്‍ ജലലഭ്യത ഉറപ്പുവരുത്തിയാല്‍ ആനകള്‍ ഉള്‍പ്പടെയുള്ള മൃഗങ്ങള്‍ ജനവാസകേന്ദ്രങ്ങളിലേക്കിറങ്ങുന്നതു തടയാനാവുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം ചിന്നാര്‍ വന്യ ജീവി സങ്കേതം അധികൃതര്‍ വനത്തിനുള്ളിലെ കുളങ്ങളിലും മറ്റും ടാങ്കറില്‍ വെള്ളം എത്തിച്ചിരുന്നു. വെള്ളം സമൃദ്ധമായി ലഭിച്ചതോടെ മൃഗങ്ങള്‍ പുറത്തേയ്ക്കിറങ്ങുന്നതു കുറഞ്ഞിരുന്നു. ഇതേ മാതൃകയില്‍ വനാതിര്‍ത്തി പങ്കിടുന്ന മറ്റു പ്രദേശങ്ങളിലും വനത്തിനുള്ളില്‍ വെള്ളമെത്തിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.