ദുബായ്: സിപിഎം വിരുദ്ധ മാധ്യമങ്ങള്‍ തനിക്കെതിരെ തിരിഞ്ഞപ്പോള്‍ ദേശാഭിമാനി പോലും തന്റെ രക്ഷക്കെത്തിയില്ലെന്ന് തുറന്നടിച്ച് മുന്‍മന്ത്രി ഇ പി ജയരാജന്‍. ഇടതുമുന്നണി മന്ത്രിസഭയിലേക്ക് വീണ്ടും തിരിച്ചെത്തുന്ന കാര്യം ഇപ്പോള്‍ തന്റെ മനസ്സിലില്ല. ബന്ധു നിയമനം സംബന്ധിച്ച ആരോപണങ്ങളെ തുടര്‍ന്നുള്ള കേസ് അന്വേഷണത്തില്‍ ചില കേന്ദ്രങ്ങള്‍ തെറ്റായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യുഎഇയില്‍ ചില പരിപാടികളില്‍ സംബന്ധിക്കാനായി എത്തിയ ഇ.പി.ജയരാജന്‍ ഒരു ചാനലിനും നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
തന്റെ കേസിന്റെ കാര്യത്തില്‍ ചില കേന്ദ്രങ്ങള്‍ തെറ്റായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. എന്നെ അറിയുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരോപണങ്ങളൊന്നും വിശ്വസിച്ചിട്ടില്ല. സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും അസ്ഥിരപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയായിരുന്നു തനിക്ക് എതിരായ ആക്രമണം. കേസിന്റെ കാര്യത്തില്‍ തനിക്കുള്ള നിലപാടുകളും അഭിപ്രായങ്ങളും പാര്‍ട്ടി വേദിയില്‍ പറയും. ഈ കേസ് കഴിയട്ടെ. ചില കാര്യങ്ങള്‍ തുറന്നുപറയാനുണ്ട്.
നിയമങ്ങളും ചട്ടങ്ങളും നോക്കിമാത്രമാണ് താന്‍ നടപടികള്‍ സ്വീകരിച്ചത്. എന്നാല്‍ ചില മാധ്യമങ്ങള്‍ എന്നെ വേട്ടയാടി. അവരെ ആരോ വിലക്കെടുക്കുകയായിരുന്നു. പാര്‍ട്ടിക്കും ഗവണ്‍മെന്റിനും മുഖ്യമന്ത്രിക്കും കളങ്കമേല്‍ക്കരുതെന്ന് നിര്‍ബന്ധമുള്ളതിനാലാണ് സ്വമേധയാ രാജിവച്ചത്. പാര്‍ട്ടി വിരുദ്ധ ശക്തികളും മാധ്യമങ്ങളും ഇത്തരത്തില്‍ ആക്രമിച്ചപ്പോള്‍ പാര്‍ട്ടി മുഖപത്രം എന്തുകൊണ്ട് പ്രതിരോധിച്ചില്ല എന്ന കാര്യം ഇപ്പോഴും ഞാന്‍ ചിന്തിച്ചുകൊണ്ടിരിക്കുകയാണ്. ആ വിഷയം അന്ന് തന്നെ ശ്രദ്ധയില്‍ പെട്ടിരുന്നു. എന്തുകൊണ്ടായിരുന്നു ഇത്തരം നടപടി എന്നതും മനസ്സിലാകുന്നില്ലെന്ന് ദേശാഭിമാനിയുടെ മുന്‍ ജനറല്‍ മാനേജര്‍ കൂടിയായിരുന്ന ഇ.പി.ജയരാജന്‍ പറഞ്ഞു.
ലോ അക്കാദമി വിഷയത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെയും മന്ത്രി ഇ.ചന്ദ്രശേഖരന്റെയും നിലപാടുകള്‍ ശരിയല്ല. മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷം വേണമായിരുന്നു റവന്യൂമന്ത്രി ഇക്കാര്യത്തില്‍ നടപടിയെടുക്കേണ്ടിയിരുന്നത്. ഒട്ടനവധി സങ്കീര്‍ണ്ണതകളുള്ള വിഷയമാണിത്. വിദ്യാര്‍ത്ഥികള്‍ക്ക് നീതി ലഭിക്കണം. അതേസമയം മുന്നണി അടിസ്ഥാനത്തില്‍ ചര്‍ച്ച ചെയ്തായിരുന്നു ഇക്കാര്യത്തില്‍ റവന്യൂമന്ത്രി നടപടിയെടുക്കേണ്ടിയിരുന്നത്. മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അത് സര്‍ക്കാര്‍ നിലപാടാണ്. ഇക്കാര്യത്തില്‍ വി എസ് അച്ചുതാനന്ദനും കത്ത് നല്‍കിയിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് എല്ലാവര്‍ക്കും ഇത് ബാധകമാണെന്നായിരുന്നു ഇ.പി.ജയരാജന്റെ പ്രതികരണം.