
കൊച്ചി: അഞ്ജു ബോബി ജോര്‍ജ്ജിനോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി ഇപി ജയരാജന്‍. സ്ഥാനത്തുനിന്നു മാറി നില്‍ക്കണമെന്നും തന്നോട് ഇപി ജയരാജന്‍ മോശമായി പെരുമാറിയെന്നുമാണ് അഞ്ജു നേരത്തെ പറഞ്ഞിരുന്നത്. എന്തായാലും അഞ്ജു രാജിവെച്ചത് വളരെ നല്ല കാര്യമാണെന്നും ജയരാജന്‍ ഇപ്പോള്‍ പ്രതികരിക്കുന്നു.
ഭരണസമിതിയടക്കം രാജി വെച്ചത് നല്ല കാര്യം തന്നെ. അഴിമതിക്കഥകള്‍ മാധ്യമങ്ങള്‍ പുറത്തു കൊണ്ടു വന്നപ്പോള്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വന്നപ്പോഴാണ് അഞ്ജു ബോബി ജോര്‍ജ് രാജി വെച്ചതെന്നും മന്ത്രി പറഞ്ഞു.
അഞ്ജു ബോബി ജോര്‍ജ്ജിനെ മറയാക്കി അഴിമതിക്കാരെ സംരക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മന്ത്രി ഇപി ജയരാജന്‍ പറഞ്ഞിരുന്നു.അഞ്ജു എന്ന കായികപ്രതിഭയെ മറയാക്കി അഴിമതിക്കാരെ സംരക്ഷിക്കാന്‍ മുഖപ്രസംഗം എഴുതുന്ന സ്ഥിതിവരെ ഉണ്ടായി. സ്പോര്‍ട്സ് കൗണ്‍സിലിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് നിരവധി പരാതികള്‍ കായികതാരങ്ങളും മുന്‍കാല ഭാരവാഹികളും കായികമന്ത്രി എന്ന നിലയില്‍ എന്നെ അറിയിച്ചിട്ടുണ്ട്.
ഇത്തരം പരാതികളില്‍ അന്വേഷണം നടത്താതിരിക്കാനും അഴിമതിക്കാരെ സംരക്ഷിക്കാനും ഉള്ള ശ്രമം മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ച് ചില കേന്ദ്രങ്ങള്‍ നടത്തുന്നതായി സംശയിക്കുന്നു. കായിക മേഖലയില്‍ വന്‍ മുന്നേറ്റം ഉണ്ടാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാര്‍ തുടക്കം കുറിക്കുന്നത്. അതിന് വിഘാതമുണ്ടാക്കുന്ന ഇത്തരം പ്രചാരണങ്ങളെ കായികപ്രേമികള്‍ തള്ളിക്കളയണമെന്നും അഴിമതിക്കെതിരായ നിലപാടില്‍ കായികലോകത്തിന്റെ പൂര്‍ണ പിന്തുണ ഉണ്ടാകണമെന്നും അഭ്യര്‍ഥിക്കുന്നതായും ഇപി ജയരാജന്‍ പറഞ്ഞു.