തിരുവനന്തപുരം: മന്തിസഭയില്‍ നിന്ന് രാജിവച്ചെങ്കിലും ഒരു തിരിച്ചുവരവ് പ്രതീക്ഷിച്ചായിരുന്നു ഇ പി ജയരാജന്‍ മുന്നോട്ട് പോയത്. എന്നാല്‍ തന്റെ പ്രതീക്ഷകളെ തകിടം മറിച്ച് പുതിയ മന്ത്രിയെത്തിയതോടെ പാര്‍ട്ടിയുമായി കടുത്ത ഉടക്കിലാണ് ജയരാജന്‍ മുന്നോട്ട് പോകുന്നത്. വളരെ നിര്‍ണായകമായ നിയമസഭയാണ് ഇന്ന് കൂടിയത് അതിനുപോലും എംഎല്‍എ എത്താതിരുന്നത് സിപിഎം നേതാക്കളേയും ഞെട്ടിച്ചിട്ടുണ്ട്.
ഇന്ന് വൈകിട്ട് നടക്കുന്ന എം.എം മണിയുടെ സത്യപ്രതിജ്ഞ ചടങ്ങിലും ഇ.പി ജയരാജന്‍ വിട്ടുനില്‍ക്കും. ഇന്നലെ കണ്ണൂരിലായിരുന്നു ഇ.പി ജയരാജന്‍. നിയമസഭയില്‍ നിന്നും വിട്ടുനിന്നതിനെപ്പറ്റി തനിക്കൊന്നും പറയാനില്ലെന്നാണ് ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞത്. ബന്ധു നിയമന വിവാദത്തെ തുടര്‍ന്ന് പാര്‍ട്ടിക്കുള്ളിലും പുറത്തും വിമര്‍ശനങ്ങളേറ്റ് വാങ്ങിയതിനെ തുടര്‍ന്ന് ജയരാജന്‍ ഒറ്റപ്പെട്ടിരുന്നു. കൂടാതെ പുതിയ മന്ത്രിയെ നിയമിക്കുന്ന കാര്യത്തില്‍ കൂടിയാലോചന നടത്തിയില്ലെന്നും ജയരാജന്‍ സംസ്ഥാന സെക്രട്ടറിയേറ്റില്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പാര്‍ട്ടിയുമായി നേരിട്ടുള്ള ഏറ്റുമുട്ടലിന് ഒരുങ്ങിയത്.
കഴിഞ്ഞ ദിവസം പുതിയ മന്ത്രിയെ തീരുമാനിച്ച സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ജയരാജന്‍ ക്ഷുഭിതനാകുകയും തുടര്‍ന്ന് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. ബന്ധുനിയമനങ്ങളുമായി ബന്ധപ്പെട്ടുളള ചര്‍ച്ചയില്‍ പാര്‍ട്ടി സെക്രട്ടറിയും ബന്ധുക്കളെ നിയമിച്ചിട്ടുണ്ടെന്ന് ജയരാജന്‍ ആരോപിച്ചിരുന്നു. മന്ത്രിയെ തീരുമാനിക്കുന്നതിന് മുന്‍പ് കൂടിയാലോചിക്കാത്തതിലും തന്റെ അതൃപ്തി രേഖപ്പെടുത്തിയ ജയരാജന്‍ ഇങ്ങനെയാണെങ്കില്‍ എംഎല്‍എ സ്ഥാനവും രാജിവെക്കാമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. അടുത്ത് ചേരുന്ന കേന്ദ്രകമ്മിറ്റി യോഗത്തില്‍ ഇ പി ജയരാജനെതിരെ പാര്‍ട്ടിതലത്തില്‍ നടപടികൂടി ഉണ്ടാകുന്നുവെന്ന് സൂചനകളാണ് ജയരാജനെ അസ്വസ്ഥനാക്കുന്നത്. അതേ സമയം പാര്‍ട്ടിയോട് ഉടക്കി നിങ്ങുന്ന ജയരാജന്റെ നീക്കങ്ങളില്‍ പല സിപിഎം നേതാക്കള്‍ക്കും ആശങ്കയുണ്ട്.