ന്യൂഡല്‍ഹി: പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നത് ഭരണഘടനാ വിരുദ്ധമെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി. വിവാഹപ്രായം ഉയര്‍ത്താനുള്ള നീക്കം ഭരണഘടനാവിരുദ്ധമാണെന്നും ബില്‍ പാസായാല്‍ നിരവധി നിയമങ്ങളില്‍ മാറ്റം വരുമെന്നും നിരവധി സങ്കീര്‍ണതകള്‍ ഉണ്ടാക്കുമെന്നും ഇ ടി മുഹമ്മദ് ബഷീര്‍ ആരോപിച്ചു.
വ്യക്തി നിയമങ്ങൾ മൗലികാവകാശമാണ്. സർക്കാറിന് അതിലേക്ക് കടന്നുകയറാനാകില്ല. സ്ത്രീ സംരക്ഷകരാണ് ബി.ജെ.പിയെന്ന് വരുത്തിത്തീർക്കാനാണ് ശ്രമമെന്നും ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു. ബിൽ പാസായാൽ നിരവധി നിയമങ്ങളിൽ മാറ്റം വരുമെന്നും നിരവധി സങ്കീർണതകൾ ഉണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകത്ത് 158 രാജ്യങ്ങളിൽ വിവാഹപ്രായം 18 ആണെന്നും പതിനെട്ട് തികഞ്ഞവരെ ഒന്നിച്ച് ജീവിക്കാൻ അനുവദിച്ചിട്ട് വിവാഹം കഴിക്കുന്നതിനെ വിലക്കുന്നത് പരിഹാസ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീകളുടെ വിവാഹ പ്രായം 21 ആക്കിയാൽ കുട്ടികൾക്ക് പഠിക്കാൻ കഴിയുമെന്നത് ബാലിശമായ ചിന്താഗതിയാണെന്നും ഇ.ടി പറഞ്ഞു.
പെണ്‍കുട്ടികളുടെ പഠനകാര്യത്തില്‍ കേന്ദ്രത്തിന് യാതൊരു താല്‍പ്പര്യവുമില്ലെന്നും പെൺകുട്ടികളുടെ പഠനത്തിനായി മാറ്റിവച്ച തുകയിൽ 80% പരസ്യത്തിനായാണ് ചിലവഴിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ത്രീ ശാക്തീകരണ പദ്ധതികളില്‍ നിഷേധാത്മക നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്തീകളുടെ വിവാഹപ്രായം 21 ആക്കുന്നതില്‍ നേരത്തെ തന്നെ ലീഗിന് എതിരഭിപ്രായമാണ് ഉള്ളതെന്നും കേന്ദ്ര സര്‍ക്കാരിന് നീക്കം ഭരണഘടന ഉറപ്പു നല്‍കുന്ന വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണെന്നും മുസ്ലീം ലീഗ് ദേശീയ കമ്മിറ്റി നിലപാടെടുത്തിരുന്നുവെന്നും ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ ജനാധിപത്യ മര്യാദകളെ ലംഘിച്ച് കൊണ്ട് ഏകപക്ഷീയമായി നിയമങ്ങള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. യാതൊരു പഠനവും നടത്താതെ നടക്കുന്ന നിയമ നിര്‍മാണങ്ങള്‍ സമൂഹത്തിന്റെ പുരോഗതിയെ സാരമായി ബാധിക്കുന്നുവെന്നും ലീഗ് നിലപാടെടുത്തിരുന്നുവെന്നും ഭരണഘടനാ വിരുദ്ധമായ പുതിയ നിയമത്തിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി യോഗത്തിന്റെ തീരുമാമമെന്നും ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ ഈ തീരുമാനത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു. സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള ബില്ലിനെതിരെ ഇ ടി മുഹമ്മദ് ബഷീര്‍ എംപി നേരത്തെയും രംഗത്തെത്തിയിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിന് പിന്നില്‍ സദുദ്ദേശമല്ലെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി അന്ന് കുറ്റപ്പെടുത്തിയത്. വ്യക്തിനിയമങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണിതെന്നും അനാവശ്യ സങ്കീര്‍ണ്ണതകള്‍ ഉണ്ടാക്കുകയാണെന്നും ഏക സിവില്‍ കോഡിലേക്ക് പോകാനുള്ള അജണ്ട കൂടി ഇതിന് പിന്നലുണ്ടെന്നും ബില്ലിനെ ശക്തമായി എതിര്‍ക്കുമെന്നും ഇടി മുഹമ്മദ് ബഷീര്‍ അന്ന് പറഞ്ഞിരുന്നു.
സ്ത്രീകളുടെ വിവാഹപ്രായം 18 ല്‍ നിന്നും 21 ലേക്ക് ഉയര്‍ത്തുന്നതിന് അനുമതി നല്‍കിയ കേന്ദ്ര മന്ത്രിസഭയുടെ നടപടി പാര്‍ലമെന്റ് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലീഗ് എംപിമാര്‍ ഇരുസഭകളിലും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. ലീഗ് ലോക്‌സഭ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ഇ ടി മുഹമ്മദ് ബഷീര്‍ എംപി, മറ്റ് എംപിമാരായ ഡോ എം പി അബ്ദുസ്സമദ് സമദാനി, നവാസ് ഗനി എന്നിവര്‍ ലോക്‌സഭയിലും പി വി അബ്ദുല്‍ വഹാബ് എംപി രാജ്യസഭയിലും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നത്.
വിവാഹപ്രായം ഉയര്‍ത്തുന്നതും അത് സമൂഹത്തില്‍ ഉണ്ടാക്കാന്‍ പോകുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെ സംബന്ധിച്ചും പാര്‍ലമെന്റ് ചര്‍ച്ച ചെയ്യണമെന്നും മുസ്ലിം വ്യക്തി നിയമത്തിനെതിരെയുള്ള കടന്നു കയറ്റമാണ് ഇതെന്നും അവകാശപ്പെട്ടാണ് ലീഗ് അംഗങ്ങള്‍ അടിയന്തചര പ്രേയത്തിന് നോട്ടീസ് നല്‍കിയത്.