ദിലീപിന്റെ ഫോണുകള്‍ പരിശോധിച്ചാല്‍ എല്ലാ വിവരങ്ങളും പുറത്തുവരുമെന്ന പ്രതീക്ഷയുണ്ടെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. നാലിലധികം ഫോണുകളിലായി പത്തിലധികം സിമ്മുകളുണ്ടെന്നും ദിലീപിന്റെ സഹോദരി ഭര്‍ത്താവ് ഉപയോഗിച്ച ഫോണ്‍ നിര്‍ബന്ധമായും ഹാജരാക്കണമെന്നും പറഞ്ഞ ബാലചന്ദ്രകുമാര്‍ അതില്‍ നിരവധി തെളിവുകളുണ്ടെന്നും വ്യക്തമാക്കി. തന്റെ ആരോപണങ്ങളെക്കാള്‍ അതിസങ്കീര്‍ണ്ണമായ പലവിഷയങ്ങളും ഫോണില്‍ നിന്ന് പുറത്തുവരും.
തനിക്കെതിരെ വ്യാജ ആരോപണങ്ങളുന്നയിച്ച് ദിലീപ് കോടതിയില്‍ അഫിഡവിറ്റ് സമര്‍പ്പിച്ചിരുന്നെന്നും അതിന്റെ നിജസ്ഥിതി പുറത്തുവരണമെങ്കിലും ഫോണ്‍ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ മുമ്പാകെ ദിലീപിന്റെ അടക്കം കൂട്ടു പ്രതികളുടെ ആറ് ഫോണുകള്‍ ഹാജരാക്കാനാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. മുദ്രവച്ച കവറില്‍ തിങ്കളാഴ്ച 10.15 ഓടെ ഹാജരാക്കാനാണ് ഉത്തരവ്.
പ്രോസിക്യൂഷന്റെ നിലപാട് അംഗീകരിച്ചാണ് ദിലീപിന്റെ വാദങ്ങള്‍ തള്ളി ഹൈക്കോടതി ഇടക്കാല ഉത്തവ് പുറപ്പെടുവിച്ചത്. ഈ ഇടക്കാല ഉത്തരവിനെതിരെ വേണമെങ്കില്‍ നിയമപരമായി ദിലീപിന് സുപ്രീംകോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. ദിലീപിന്റെ കേസില്‍ നിര്‍ണായക തെളിവായി അന്വേഷണ സംഘം പറഞ്ഞിരുന്നത് ഈ ഫോണുകളായിരുന്നു.
സര്‍ക്കാരിന്റെ ഫോറന്‍സിക് സയന്‍സ് ലാബിലെ പരിശോധനയില്‍ വിശ്വാസമില്ലെന്നും അതില്‍ സര്‍ക്കാര്‍ സ്വാധീനം ഉണ്ടാകുമെന്നുമാണ് ദിലീപ് കോടതിയില്‍ വാദിച്ചത്. താന്‍ സ്റ്റേറ്റിന്റെയും മാധ്യമങ്ങളുടേയും ഇരയാണെന്നും ദിലീപ് കോടതിയില്‍ പറഞ്ഞു.
എന്നാല്‍ അംഗീകൃത ഏജന്‍സിക്ക് ഫോണ്‍ പരിശോധിക്കാമെന്ന് കോടതി വ്യക്തമാക്കി. ഫോണ്‍ കൊടുക്കണോ വേണ്ടയോ എന്ന് വിധി ന്യായങ്ങള്‍ വിവിധ കോടതികള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികള്‍, അംഗീകൃത ഏജന്‍സികള്‍ എന്നിവ വഴിയേ ഫോണ്‍ പരിശോധിക്കാന്‍ കഴിയുവെന്നും കോടതി വ്യക്തമാക്കി.