2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നെന്ന് വെളിപ്പെടുത്തിയ സയ്യിദ് ഷുജയ്‌ക്കെതിരെ എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തു. ദല്‍ഹി പൊലീസാണ് എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിന്‍മേലാണ് എഫ്.ഐ.ആര്‍. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി നടന്നെന്ന വെളിപ്പെടുത്തലിനു പിന്നാലെ ഇ.വി.എം ഹാക്കത്തോണ്‍ സംഘാടകര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങുന്നതായി ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞിരുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയെ തകര്‍ക്കുന്ന വെളിപ്പെടുത്തലുകളായിരുന്നു രണ്ട് ദിവസം മുമ്പ് ലണ്ടനില്‍ നടന്ന ഇ.വി.എം ഹാക്കത്തോണ്‍ എന്ന പരിപാടിയില്‍ ഉണ്ടായത്.ഇ.വി.എമ്മുകള്‍ കര്‍ശനമായ നടപടിക്രമങ്ങള്‍ പാലിച്ചാണ് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതെന്നും, ഇവ ഒരു കാരണവശാലും ഹാക്ക് ചെയ്യാന്‍ കഴിയില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്യാന്‍ ആകുമെന്ന് പറഞ്ഞെ യു.എസ് ഹാക്കറായ സയ്ദ് ഷുജ അത് കാണികളെ ലൈവായി ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു.
തെരഞ്ഞെടുപ്പുകളില്‍ നടന്ന ഇ.വി.എം. ഹാക്കിങ്ങുകളെ കുറിച്ച് അറിയാമായിരുന്നതിനാലാണ് മുതിര്‍ന്ന ബി.ജെ.പി. നേതാവായ ഗോപിനാഥ് മുണ്ടെ കൊല്ലപ്പെട്ടതെന്നും, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ നടന്ന തിരിമറികളെക്കുറിച്ച് വെളിപ്പെടുത്താനിരിക്കെയാണ് പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതെന്നും ഹാക്കത്തോണില്‍ വെളിപ്പെടുത്തിയിരുന്നു. യു.പി , ഗുജറാത്ത്, മഹാരാഷ്ട്ര, എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പിലും തിരിമറി നടന്നുവെന്നും ദല്‍ഹി തെരഞ്ഞെടുപ്പിനിടെ ഹാക്കിങ് നിര്‍ത്തിയതിനാലാണ് ആം ആദ്മി പാര്‍ട്ടി ജയിച്ചതെന്നും ഷുജ പറഞ്ഞിരുന്നു.