തിരുവനന്തപുരം: സ്വാശ്രയ കേളേജുകളിലെ കൊടും പീഡനങ്ങള്‍ പുറത്ത് വന്നത് പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണുവിന്റെ ദുരൂഹ മരണത്തോടെയായിരുന്നു. ഇപ്പോഴിതാ വിദ്യാര്‍ത്ഥികളെ കൂടാതെ അധ്യാപകരും പീഡനങ്ങള്‍ പുറത്ത് പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നു.
അങ്കമാലി ഡി പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി കോളേജില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പീഡനങ്ങളെക്കുറിച്ചാണു കോളേജിലെ മുന്‍ അദ്ധ്യാപികയായ രാധു രാജ് എസ് പറയുന്നത്.
സിസിടിവി ക്യാമറകളാണു ക്യാമ്പസിനുള്ളില്‍ മുഴുവന്‍. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ചേര്‍ന്നിരിക്കരുതെന്ന നിയമവും ഇവിടെയുണ്ട്. സ്പിരിച്വല്‍ കൗണ്‍സിലിംഗില്‍ പെണ്‍കുട്ടികള്‍ നേരിടേണ്ടി വരുന്ന ആദ്യ ചോദ്യം നിങ്ങള്‍ വിര്‍ജിന്‍ ആണോ എന്നാണ്. പെണ്‍കുട്ടികള്‍ ജീന്‍സും ടോപ്പുമിടുന്നത് ആണുങ്ങളെ വശീകരിക്കാനാണെന്നാണ് ലേഡീസ് ഹോസ്റ്റല്‍ വാര്‍ഡന്റെ കണ്ടുപിടുത്തമെന്നും രാധു പറയുന്നു.
രാധുവിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെ:
കഴിഞ്ഞ അധ്യയന വര്‍ഷം ഞാന്‍ പഠിപ്പിച്ച സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനമാണ് De Paul Institute of Science and Technology (DiST) അങ്കമാലി. കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തയായും വിദ്യാര്‍ത്ഥികളുടെ സ്റ്റേറ്റസായും trolls ആയും പലതും കണ്ടു. കുട്ടികള്‍ ആരോപിക്കുന്ന വിധത്തില്‍ മറ്റ് സ്വാശ്രയ സ്ഥാപനങ്ങള്‍ പോലെ തന്നെ കനത്ത ഫീസ് ഇവിടേയും ഈടാക്കുന്നുണ്ട്. എന്നാല്‍ മാദ്ധ്യമ വിഭാഗത്തില്‍ ഇതനുസരിച്ചുള്ള സൗകര്യങ്ങളും ഏറെക്കുറേ ഉണ്ടെന്നതാണ് അനുഭവം. സ്വകാര്യ പ്രോജക്ടുകള്‍ക്ക് ക്യാമറകളും മറ്റും നിബന്ധനകളോടെ ഉപയോഗിക്കാന്‍ അനുവദിക്കാറുമുണ്ട്. മനേജ്മെന്റിന്റെ സമ്മതത്തോടെയും സ്വന്തം റിസ്‌ക്കില്‍ ലീവെടുത്തും അത്തരം പ്രോജക്ടുകളില്‍ സഹകരിക്കുന്ന അദ്ധ്യാപകരേയും നേരിട്ടറിയാം.
മികച്ച സ്ഥാപനങ്ങളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയതോ മാദ്ധ്യമരംഗത്ത് ഏറെ നാളത്തെ പരിചയമുള്ളവരോ ഒക്കെയാണ് അവിടുത്തെ അദ്ധ്യാപകരിലേറെയും. പ്രാക്ടിക്കല്‍ ക്ലാസുകളാണ് ഡിപ്പാര്‍ട്മെന്റില്‍ ഭൂരിപക്ഷവുമുള്ളത്. അവ ഒഴിവുവേളകളായി കാണുന്ന വിദ്യാര്‍ത്ഥികളാണ് കൂടുതലും. അതൊരു മറയായി എടുക്കുന്ന അദ്ധ്യാപകരുമുണ്ട്, ഇല്ലെന്നല്ല.
ജേണലിസം ക്ലാസില്‍ ന്യൂസ് പേപ്പര്‍ അനാലിസിസും ജെറല്‍ പേപ്പര്‍ ഡിസ്‌ക്കഷനും അനാവശ്യമാണെന്നു പറയുന്ന മാനേജ്മെന്റിനേയും വിദ്യാര്‍ത്ഥികളേയും എഴുത്തും തിരുത്തും ചര്‍ച്ചയും ചിലപ്പോഴൊക്കെ വെറുതേയിരിപ്പും പഠനത്തിന്റെ ഭാഗം തന്നെയാണെന്ന് ആരാണോര്‍മ്മിപ്പിക്കുക. – പഠനമെന്നാല്‍ സ്പൂണ്‍ ഫീഡ് ചെയ്യുന്ന സിലബസ് മാത്രമാണെന്ന ധാരണ നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥയുടെ തന്നെ പോരായ്മയാണ്.
കാഴ്ചയില്‍ അദ്ധ്യാപികയുടെ ‘ലുക്കി’ല്ലാത്തതുകൊണ്ടും പ്രായം കുറവായതുകൊണ്ടും എന്റെ ‘കഴിവിനെ’ സംശയിച്ച നിരവധി വിദ്യാര്‍ത്ഥികളെ അവിടെ നേരിടേണ്ടി വന്നിട്ടുണ്ട്.
സംഗതികള്‍ ഇങ്ങനെയൊക്കെയാണെങ്കിലും എപ്പോഴുമെന്ന പോലെ ഈ പ്രതിഷേധത്തിലും ഞാന്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ്.
പല വിദ്യാഭ്യാസ സ്ഥാപനങ്ങളും പോലെ തന്നെയാണ് ഡിസ്റ്റും. പഠിച്ച ഇടങ്ങളു പഠിപ്പിച്ച ഇടങ്ങളും കണക്കാണെന്നതാണ് വാസ്ഥവം. എല്ലായിടവും ഒരുപോലെ ആണെന്നത് അവ ശരിയാക്കുന്നില്ല. മാറ്റങ്ങള്‍ അവശ്യമായ കാര്യങ്ങളുണ്ട്. അവയെ കണ്ടില്ലെന്നു നടച്ച് മുന്നോട്ടു പോകാനാവില്ല.
നിന്റെയൊരു എആ സ്റ്റേറ്റസിനോ കുട്ടികളുടെ സമരങ്ങള്‍ക്ക് പോലുമോ തകര്‍ക്കാനാവാത്ത അടിത്തറയുണ്ട് ഈ സ്ഥാപനത്തിന് എന്ന് അഭിമാനപൂര്‍വ്വം പറഞ്ഞ മാനേജ്മെന്റിലെ സുഹൃത്തിനെ ഓര്‍മ്മിച്ചുകൊണ്ടു തന്നെ ചിലത് പറയാനുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സദാചാര മൂല്യ വളര്‍ച്ചയുടെ പേരില്‍ നടക്കുന്ന ലിംഗവിവേചനവും സാമ്പത്തിക- വൈജ്ഞാനിക ചൂഷണങ്ങളും കണ്ടില്ലെന്നു നടിക്കാനുമാവില്ല.
വ്യക്തിപരമായ ചില അനുഭവങ്ങള്‍ മാത്രം പങ്കുവയ്ക്കുന്നു.
1. സര്‍വേലന്‍സ് ക്യാമറകളാണ് കാംപസിലെവിടേയും. ക്ലാസ് റൂമില്‍ ക്യാമറ സ്ഥാപിക്കാന്‍ പാടില്ല എന്ന യൂണിവേഴ്സിറ്റി നിയന്ത്രണമുള്ളതുകൊണ്ടു മാത്രം പ്രവര്‍ത്തനരഹിതമായ ക്യാമറകള്‍ ക്ലാസ് റൂമുകളില്‍.
2. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ചേര്‍ന്നിരിക്കരുതെന്നത് അലിഖിത നിയമം. ചൂടുപറ്റലൊക്കെയെന്ത്.. ഞങ്ങള്‍ക്ക് കിന്റര്‍ഗാര്‍ഡന്‍ തുടങ്ങാനാണ് പ്ലാന്‍.
3. സ്പിരിച്വല്‍ കൗണ്‍സിലംഗില്‍ പെണ്‍കുട്ടികള്‍ നേരിടേണ്ടി വരുന്ന ആദ്യ ചോദ്യം നിങ്ങള്‍ വിര്‍ജിന്‍ ആണോ എന്നതായിരുന്നു. പോണ്‍ കാണാറുണ്ടോ എന്നതാണ് മറ്റൊരു ചോദ്യം. ഉണ്ടെന്നു സമ്മതിച്ചവര്‍ സാത്താന്റെ പിടിയിലാണെന്നും പ്രാര്‍ത്ഥനയും ഫ്രീ.4. പെണ്‍കുട്ടികള്‍ ജീന്‍സും ടോപ്പുമിടുന്നത് ആണുങ്ങളെ വശീകരിക്കാനാണെന്നും അതുവഴി സ്ത്രീധനമില്ലാതെ കല്യാണം നടക്കുമെന്നതിനാല്‍ അപ്പനമ്മമാര്‍ പിന്‍തുണയ്ക്കുന്നു എന്നും ലേഡീസ് ഹോസ്റ്റല്‍ വാര്‍ഡന്‍.
5. അദ്ധ്യാപികമാര്‍ക്ക് വേഷം സാരി. (അതിനേ ചൊല്ലി നടന്ന ചര്‍ച്ചകളും പ്രതിഷേധങ്ങളും ഇവിടെ എഴുതുന്നില്ല). അവര്‍ പോഡിയത്തില്‍ നിന്നു മാത്രം ക്ലാസെടുക്കണം. വിദ്യാര്‍ത്ഥികള്‍ക്കിടയിലൂടെ നടക്കുന്നതും അവര്‍ക്കിടയില്‍ ബഞ്ചിലോ ഡസ്‌ക്കിലോ കസേരയിലോ ഇരിക്കാന്‍ പാടില്ല. അത് വിദ്യാര്‍ത്ഥികള്‍ ചൂഷണം ചെയ്യാന്‍ സാധ്യതയുണ്ട് എന്നതാണ് കാരണം. വ്യക്തിപരമായി ഉപദേശവും ചീത്തയും കേട്ടിട്ടുണ്ട്.6. വിദ്യാര്‍ത്ഥികള്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കുക, ഇടവേളകളില്‍ പ്രത്യേകിച്ച് ക്ലാസിനു ശേഷമുള്ള സമയങ്ങളില്‍ അവര്‍ക്കൊപ്പം ചിലവഴിക്കുന്ന അദ്ധ്യാപികമാര്‍ അത്ര ശരിയല്ല. (ഇതെന്നെ തന്നെ ഉദ്ദേശിച്ചാണ്)
സര്‍ഗാത്മകമായ വിമര്‍ശനങ്ങളെ, ട്രോളുകളെ നിയന്ത്രിക്കുന്നതിനോടോ നിരോധിക്കുന്നതിനോടോ യോജിപ്പില്ല. പിന്നെ ശരിയാണ്, നിങ്ങള്‍ക്ക് ആരേയും ഡീ ബാര്‍ ചെയ്യാനാവില്ല. ക്ലാസിലോ കോളേജിലോ കയറരുത് എന്ന് പറഞ്ഞ് ദിവസങ്ങളോ മാസങ്ങളോ പുറത്തു നിര്‍ത്താം. ശേഷം അറ്റന്‍ഡന്‍സ് ഇല്ലായെന്നു പറഞ്ഞ് പരീക്ഷയെഴുതിക്കാതെ പുറത്താക്കാം. വിദ്യാര്‍ത്ഥികളുടെ ഭാവി വഴിമുട്ടിക്കാം. നിസ്സഹായരായ പ്രതികരിക്കാനാവാത്ത എന്റെ സഹപ്രവര്‍ത്തകരോട് പറയാന്‍ യാതൊന്നുമില്ല. ആ സിസ്റ്റത്തിനുള്ളില്‍ നിന്ന് ആവുന്നതെല്ലാം ചെയ്യുന്ന ചിലരെ അറിയാം. അവസാനമായി, പാരമ്പര്യവും തറവാട്ടു മഹിമയും പറഞ്ഞ് ഇങ്ങോട്ടാരും വരണ്ട.