കണ്ണൂര്‍: സോഷ്യല്‍ മീഡിയ വഴി യുവാവിനെ പരിചയപ്പെട്ടു കുടുങ്ങിയിരിക്കുകയാണ് പ്ലസ്ടു വിദ്യാര്‍ഥിനി. യുവാവിന്റെ വാക്കുകളില്‍ വിശ്വസിച്ച് വണ്ടി കയറി. യുവാവ് തന്നെ രക്ഷിക്കുമെന്നു കരുതിയാണ് വീട്ടുകാരുമായി പിണങ്ങി ഇറങ്ങിയത്. എന്നാല്‍ സംഭവിച്ചത് മറ്റൊന്ന്. കണ്ണൂര്‍ നഗരത്തിലെത്തിയപ്പോഴാണ് താന്‍ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട വ്യക്തി ഇവിടെയില്ല എന്ന് മനസിലായത്. അതോടെ ഇനി എന്തു ചെയ്യുമെന്നായി ചിന്ത. വീട്ടിലേക്ക് തിരിക്കാന്‍ മടി. നാടുവിട്ടാലോ എന്നൊരു തോന്നല്‍. പക്ഷേ, ആ വേളയിലാണ് മറ്റൊരു യുവതിയുടെ ഇടപെടല്‍. പിന്നീട് നടന്നതാണ് രസകരം. കോഴിക്കോട്ടുകാരിയായ പ്ലസ്ടു വിദ്യാര്‍ഥിനിയാണ് കണ്ണൂരിലേക്ക് വണ്ടി കയറിയത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവാവ് കണ്ണൂരിലുണ്ടെന്നാണ് പെണ്‍കുട്ടി കരുതിയത്. പെണ്‍കുട്ടിയുടെ കൈയില്‍ 200 രൂപ മാത്രമാണ് ഉണ്ടായിരുന്നത്. പക്ഷേ, കണ്ണൂരെത്തി യുവാവിനെ തിരക്കി. യാതൊരു അനുകൂല മറുപടിയും ലഭിച്ചില്ല. ഫേസ്ബുക്ക് വഴിയും ഫോണിലും വീണ്ടും ബന്ധപ്പെടാന്‍ ശ്രമം നടത്തി. അപ്പോഴാണ് അറിയുന്നത് യുവാവ് ഇപ്പോള്‍ നാട്ടിലില്ല. വിദേശത്താണ്. അതോടെ, ഇനി എന്ത് ചെയ്യുമെന്നാണ് പെണ്‍കുട്ടിയുടെ ചിന്ത. നാടുവിടാന്‍ തീരുമാനിച്ചു. ബെംഗളൂരുവിലേക്ക് പോയാലോ എന്നാലോചിച്ചു. അതിനുള്ള വഴി അന്വേഷിക്കാന്‍ തീരുമാനിച്ചു. പക്ഷേ, ബെംഗളൂരുവില്‍ ആരാ ഉള്ളത്. അവിടെ എത്തിയാല്‍ എന്ത് ചെയ്യും തുടങ്ങി ഒട്ടേറെ ചോദ്യങ്ങള്‍ അപ്പോഴും മുന്നിലുദിച്ചു. എന്തായാലും വീട്ടിലേക്ക് തിരിച്ചുപോകില്ലെന്ന് ഉറപ്പിച്ചു. യുവാവിനെ പറ്റി വീണ്ടും അന്വേഷിച്ചു. അപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. പരിചയപ്പെട്ട യുവാവ് കണ്ണൂര്‍കാരന്‍ തന്നെയാണ്. പക്ഷേ അയാള്‍ പ്രവാസിയാണ്.
ഈ സമയമാണ് കണ്ണപുരം സ്വദേശിനിയായ മറ്റൊരു യുവതിയുടെ മുന്നില്‍പ്പെട്ടത്. എങ്ങനെ ബെംഗളൂരുവില്‍ പോകുമെന്ന് യുവതിയോട് പെണ്‍കുട്ടി അന്വേഷിച്ചു. യുവതിക്ക് പെണ്‍കുട്ടിയുടെ ചോദ്യത്തില്‍ സംശയം തോന്നി. ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ പെണ്‍കുട്ടി എല്ലാം തുറന്നുപറഞ്ഞു. സ്വന്തം വീട്ടിലേക്ക് തിരിച്ചുപൊയ്ക്കൂടെ എന്ന് യുവതി ചോദിച്ചു. അതിന് തയ്യാറല്ലെന്ന് പെണ്‍കുട്ടി തീര്‍ത്തുപറഞ്ഞു. എന്നാല്‍ ബെംഗളൂരുവില്‍ എവിടെ താമസിക്കുമെന്നായി യുവതിയുടെ അടുത്ത ചോദ്യം. അതിനും കൃത്യമായ മറുപടിയില്ലായിരുന്നു പെണ്‍കുട്ടിക്ക്. ഇതോടെ കാര്യത്തിന്റെ ഗൗരവം യുവതിക്ക് ബോധ്യപ്പെട്ടു. യുവതി പെണ്‍കുട്ടിയെ തന്ത്രപൂര്‍വം ഓട്ടോയില്‍ കയറ്റി. നേരെ പോയത് കണ്ണപുരം പോലീസ് സ്‌റ്റേഷനിലേക്ക്. പെണ്‍കുട്ടിക്ക് കാര്യങ്ങളുടെ ഗൗരവം പറഞ്ഞു ബോധ്യപ്പെടുത്തി കൊടുത്തു. പോലീസിനോടും കാര്യങ്ങള്‍ വിശദീകരിച്ചു. എസ്‌ഐ ടിവി ധനഞ്ജയദാസിന് കാര്യങ്ങള്‍ മനസിലായി. അദ്ദേഹം പെണ്‍കുട്ടിയുടെ കൈയിലുള്ള സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങി പരിശോധിച്ചു. അപ്പോഴാണ് ഫേസ്ബുക്ക് ബന്ധവും വീട്ടിലെ നമ്പറുമെല്ലാം കൂടുതല്‍ വ്യക്തമായത്. തുടര്‍ന്ന് കണ്ണപുരം എസ്‌ഐ കോഴിക്കോട് പോലീസിനെ വിവരം അറിയിച്ചു. കോഴിക്കോട് പോലീസ് പെണ്‍കുട്ടിയുടെ ബന്ധുക്കളെയും കാര്യങ്ങള്‍ അറിയിച്ചു. വീട്ടുകാര്‍ കണ്ണൂരിലെത്തി. പെണ്‍കുട്ടിയുടെ കൈയില്‍ വെറും 200 രൂപയാണുണ്ടായിരുന്നത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവാവുമായി പെണ്‍കുട്ടിക്കുള്ള ബന്ധം വീട്ടുകാര്‍ക്ക് അറിയാമായിരുന്നു. ഇതിനെ വീട്ടുകാര്‍ എതിര്‍ക്കുകയും ചെയ്തു. തുടര്‍ന്നാണ് പെണ്‍കുട്ടി വീട് വിട്ടത്.