ഫേസ്ബുക് സൗഹൃദവും പ്രണയവും ഇന്നും പലരെയും ചതിക്കുഴികളില്‍ വീഴ്ത്തുന്നുണ്ട്. പല വാര്‍ത്തകളും കണ്‍മുന്നില്‍ നടന്നിട്ടും ഇപ്പോഴും പലരും ഇതേ വഴിയില്‍ തന്നെയാണ്. മലയിന്‍കീഴില്‍ സംഭവിച്ചതും സമാനമായ സംഭവമാണ്. രക്ഷിതാക്കള്‍ അറിയാതെ രാത്രി വീട്ടില്‍നിന്നും കൂട്ടുകാരനെ തേടി ഇറങ്ങുകയായിരുന്നു പെണ്‍കുട്ടി.16 കാരിയെ മണിക്കൂറുകള്‍ക്കുള്ളിലാണ് പോലീസ് സുരക്ഷിതമായ കൈകളില്‍ ഏല്‍പ്പിച്ചത്.
മലയിന്‍കീഴ് പോലീസിന്റെ നെറ്റ് പട്രോളിങ്ങിനിടെയാണ് പെണ്‍കുട്ടിയെ പിടികൂടിയത്. ശനിയാഴ്ച രാത്രി ഒറ്റയ്ക്കു കിലോമീറ്ററുകളോളം നടന്ന പെണ്‍കുട്ടി തളര്‍ന്നപ്പോള്‍ അപരിചിതനായ ബൈക്ക് യാത്രികനെ കൈകാണിച്ച് അയാളുടെ സഹായത്താല്‍ തിരക്കൊഴിഞ്ഞ മലയിന്‍കീഴ് ജംക്ഷനില്‍ വന്നിറങ്ങി.ആരുടെയും ശ്രദ്ധയില്‍പെടാതെ മാറിനിന്നു. കുറച്ചുകഴിഞ്ഞു കാറിലെത്തിയ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുമായി സംസാരിച്ചു നിന്നതു ജംക്ഷനില്‍ തട്ടുകട നടത്തുന്ന വയോധികയും മറ്റു ചിലരും കണ്ടു.
ആളുകള്‍ കുട്ടികളോടു കാര്യം തിരക്കി. ഇതിനിടെ എത്തിയ പോലീസ് ഇരുവരെയും സ്റ്റേഷനിലേക്കു കൊണ്ടുപോയി. അപ്പോഴേക്കു സമയം രാത്രി 12.30 ആയിരുന്നു.പെണ്‍കുട്ടിയുടെ അച്ഛനെ പോലീസ് ഫോണ്‍ വിളിക്കുമ്പോഴാണ് മകള്‍ വീട്ടില്‍ ഇല്ലെന്നുള്ള കാര്യം അവര്‍ അറിയുന്നത്. പെണ്‍കുട്ടിയെ ചോദ്യം ചെയ്തപ്പോള്‍ ഫേസ്ബുക്കിലെ കുട്ടുകാരനെ കാണാന്‍ പുറപ്പെട്ടതായിരുന്നുവെന്നാണ് ഉത്തരം. ആണ്‍കുട്ടിയും ബന്ധുക്കളുടെ കണ്ണുവെട്ടിച്ചാണ് എത്തിയത്. താക്കീതു നല്‍കി രണ്ടുപേരെയും രക്ഷിതാക്കളുടെ കൈകളില്‍ ഏല്‍പ്പിച്ചു.