ബംഗലുരു: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ഫേസ്‌ബുക്കില്‍ പോസ്റ്റുകള്‍ പ്രചരിപ്പിച്ച യുവതിയെ ബംഗലുരു പൊലീസ് അറസ്റ്റ് ചെയ്തു. പ്രഭ എന്‍ ബെലവംഗള ആണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരേ ക്രിമിനല്‍ കുറ്റകൃത്യം ചുമത്തിയതായി പൊലീസ് അറിയിച്ചു.
യുവമോര്‍ച്ച പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയിന്മേലാണ് നടപടി സ്വീകരിച്ചതെന്ന് അഡീഷണല്‍ പൊലീസ് കമ്മീഷണര്‍ (ക്രൈം) എസ്. രവി മാദ്ധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. യോഗി ആദിത്യനാഥിന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങളടക്കം, അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്തുന്ന ചിത്രങ്ങള്‍ സമൂഹമാദ്ധ്യമത്തില്‍ പോസ്റ്റ് ചെയ്തതിനാണ് കേസ്.
മതാടിസ്ഥാനത്തില്‍ വിദ്വേഷം പ്രചരിപ്പിക്കുക, അപകീര്‍ത്തിപ്പെടുത്തുക, മനഃപൂര്‍വ്വം കുഴപ്പം സൃഷ്ടിക്കുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ഇവര്‍ക്കെതിരേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് എ.സി.പി അറിയിച്ചു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 499, 500, 505 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതിനു മുന്‍പും ഇവര്‍ ഇത്തരത്തില്‍ മറ്റുളളവരെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ഫേസ്‌ബുക്കില്‍ പോസ്റ്റുകള്‍ ചെയ്തിട്ടുണ്ടെന്ന് യുവമോര്‍ച്ച നേതാവ് സപ്തഗിരി ഗൗഡ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇവരുടെ മുന്‍കാല പോസ്റ്റുകളിലെ കുറ്റകൃത്യങ്ങളും എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയിട്ടുളളതായി സപ്തഗിരി ഗൗഡ അറിയിച്ചു.