പെട്ടെന്ന് പണക്കാരനായ യുവാവിനെ പൊക്കാന്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ലഭിച്ചത് ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍; പോലീസ് ഉദ്യോഗസ്ഥന്റെ കുറിപ്പ് വൈറലാകുന്നു

പെട്ടെന്ന് പണക്കാരനായ യുവാവിനെ കുറിച്ചുള്ള അജ്ഞാത കത്തിനു പിന്നാലെ നടത്തിയ അന്വേഷണത്തില്‍ ലഭിച്ചത് ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍, തൃശൂരിലെ സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യാഗസ്ഥനായിരുന്ന പോലിസുകാരന്‍ ഫേയ്‌സ് ബുക്കില്‍ കുറിച്ച കുറിപ്പാണ് പലരംു വായിച്ച് അത്ഭുതപെടുന്നത്. പല രഹസ്യങ്ങളും മനസിലിപ്പോഴും സൂക്ഷിച്ചുകൊണ്ട് നടക്കണമെങ്കിലും ഈ അന്വേഷണം പുറത്ത് പറയാതിരിക്കാന്‍ കഴിയില്ല എന്നത് കൊണ്ടാണ് അദ്ദേഹം ഇത് പങ്കുവച്ചത്.
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

അനധികൃത പണമിടപാട്, വട്ടിപ്പലിശ, ബ്ലേഡ് മാഫിയ സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുന്ന കാലം. ഒരു ദിവസം മേലുദ്യോഗസ്ഥനു തപാലില്‍ ഒരു കത്തു കിട്ടി. ചില രഹസ്യവിവരങ്ങളായിരുന്നു അതില്‍. വടക്കാഞ്ചേരിയിലെ ഒരു ബ്ലേഡ് പലിശക്കാരനെക്കുറിച്ചാണ്. നാലു വര്‍ഷത്തിനിടെ സമ്പാദിച്ച ഭൂമി, മറ്റു സ്വത്തുക്കള്‍, ബാങ്ക് നിക്ഷേപം, വലിയ സ്‌കൂളില്‍ കുട്ടികളെ പഠിപ്പിക്കുന്നത് എന്നിവയില്‍ത്തുടങ്ങി ഭാര്യയുടെ ആഭരണങ്ങള്‍, സാരി എന്നിവയുടെ വിവരങ്ങള്‍ വരെയുണ്ട്. കൃത്യമായി ഒരു ജോലിയുമില്ലാത്ത, നിശ്ചിത വരുമാനമില്ലാത്ത ഇയാള്‍ക്ക് എങ്ങനെയാണ് കുറച്ചു കാലം കൊണ്ട് ഇത്രയൊക്കെ സമ്പാദിക്കാന്‍ കഴിയുക!

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പരാതിയില്‍ പറയുന്ന ആളെ വിളിച്ചുവരുത്തി മൊഴിയെടുത്തും നേരിട്ടുപോയുമൊക്കെ അന്വേഷിക്കുന്ന പതിവ് തെറ്റിക്കാന്‍ തീരുമാനിച്ചു. അന്വേഷണം പിന്നില്‍നിന്നു തുടങ്ങി. ആദ്യം, പരാതിയില്‍ പറയുന്ന വ്യക്തിയെ രഹസ്യമായി തിരിച്ചറിഞ്ഞു. വീടും സ്ഥലവും കണ്ടെത്തി. വില്ലേജ് ഓഫീസില്‍ പോയി ഭൂസ്വത്തുക്കളുടെ വിവരമെടുത്തു. സബ് രജിസ്ട്രാര്‍ ഓഫീസില്‍നിന്ന് ഭൂമി ഇടപാടുകളുടെ വിവരം ശേഖരിച്ചു.

മക്കള്‍ പഠിക്കുന്ന സ്‌കൂളിലേക്കും അടുത്തിടപഴകുന്ന വ്യക്തികളിലേക്കുമൊക്കെ രഹസ്യമായി അന്വേഷണമെത്തി. പരാതിയില്‍ പറഞ്ഞിരിക്കുന്നതു ശരിയാണ്. അഞ്ചു വര്‍ഷത്തിനിടയിലാണ് സ്വത്തുക്കള്‍ ഇതുപോലെ വളര്‍ന്നത്. നല്ല വീട് പണിതു. കുട്ടികള്‍ നഗരത്തിലെ മികച്ച ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍. രണ്ടേക്കറോളം തെങ്ങിന്‍ പറമ്പും കുറച്ചു നെല്‍വയലും വാങ്ങി. ഏതാനും വര്‍ഷം മുന്‍പ് വാങ്ങിയ ഓട്ടോറിക്ഷ ഓടിക്കുന്നത് വല്ലപ്പോഴും വൈകുന്നേരങ്ങളില്‍ മാത്രം! അതോടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് യാത്രാവിവരം ശേഖരിച്ചു.

ഒരു കാര്യം മനസിലായി, ഇയാള്‍ രാത്രികളില്‍ വീട്ടിലില്ല. എന്നും രാത്രി ഒമ്പതോടെ പോകും, തിരിച്ചെത്തുന്നതു പുലര്‍ച്ചെ. വലിയൊരു മോഷ്ടാവോ! സംശയം ഇരട്ടിച്ചു. അയാളറിയാതെ, ഞങ്ങള്‍ അയാളുടെ നിഴലായി മാറി. അയാളുടെ സമ്പാദ്യത്തിന്റെ ഉറവിടം മനസിലാക്കി.
രാത്രിയാത്ര തൃശൂര്‍ വടക്കേ ബസ് സ്റ്റാന്‍ഡിലേക്കാണ്. ഓട്ടം കഴിഞ്ഞ ബസുകള്‍ അവിടെ നിരന്നുകിടപ്പുണ്ടാകും. ആദ്യം ബസുകളിലെ പൊടിയും ചവറും അടിച്ചുതൂത്ത് വൃത്തിയാക്കും. പിന്നെ തൊട്ടപ്പുറത്തെ വടക്കേച്ചിറയില്‍നിന്നു ബക്കറ്റില്‍ വെള്ളം കൊണ്ടുവന്ന് ബസിനകവും പുറവും സോപ്പുപയോഗിച്ച് കഴുകിത്തുടയ്ക്കും. ഡ്രൈവറുടെ സീറ്റിനുമുന്നില്‍ ദൈവങ്ങളുടെ ചിത്രങ്ങളില്‍ പൂമാലകള്‍ ചാര്‍ത്തിയാണു മടക്കം.
ഒന്നും രണ്ടുമല്ല, നാല്‍പ്പതോളം ബസുകള്‍. ഒരു ബസ് വൃത്തിയാക്കുന്നതിനു കൂലി 100 രൂപ. ദിവസവരുമാനം 4000 രൂപ. ഞായറാഴ്ചകളില്ല, അവധി ദിവസങ്ങളില്ല. മദ്യപാനമോ മറ്റ് ദുര്‍ച്ചെലവുകളോ ഇല്ല. അധ്വാനിച്ചുണ്ടാക്കുന്ന പണം നന്നായി ഉപയോഗിക്കുന്നു. പരാതിയിലെ അന്വേഷണവും അയാളെക്കുറിച്ചുള്ള പൊലീസ് ഡയറിയും അവിടെ അവസാനിപ്പിച്ചു.

ഹേ, അധ്വാനശീലനായ ചെറുപ്പക്കാരാ.. നിന്റെ നെഞ്ചിലെ വിയര്‍പ്പുതുള്ളികള്‍ അസൂയക്കാരുടെ കണ്ണുകളില്‍ വീണ് ഉപ്പുരസം പടരട്ടെ. തുടരുക സോദരാ, ജീവിക്കാന്‍ വേണ്ടിയുള്ള സമരം

Top