കേംബ്രിഡ്ജ് അനലിറ്റിക്കയും അത് സംബന്ധിച്ച വിവാദങ്ങള്‍ക്കും പിന്നാലെ ഫെയ്‌സ്ബുക്കിന് പുതിയ കുരുക്കായി ഫേഷ്യല്‍ റെക്കഗ്നിഷന്‍ ടൂള്‍. ഉപയോക്താക്കളുടെ അനുവാദമില്ലാതെ ചിത്രത്തിലെ മുഖത്തിന്റെ സവിശേഷതകള്‍ പകര്‍ത്തുന്ന ഈ ടൂള്‍ ഉപയോഗിച്ചതാണ് ഫെയ്‌സ്ബുക്കിനെ വീണ്ടും പ്രതിക്കൂട്ടിലാക്കുന്നത്. ഫെയ്‌സ്ബുക്ക് നിയമനടപടി നേരിടണമെന്ന് കാലിഫോര്‍ണിയയിലെ ഫെഡറല്‍ ജഡ്ജി ജെയിംസ് ഡൊണാറ്റോ ഉത്തരവിട്ടു. ഇന്ത്യക്കാരനായ നിമേഷ് പട്ടേല്‍, ആഡം പേസെന്‍, കാര്‍ലോ ലികാറ്റ എന്നിവരായിരുന്നു ടൂളിനെതിരെ കോടതിയെ സമീപിച്ചത്. യുഎസിലെ ഇലിനോയ് സ്വദേശികളാണ് ഇവര്‍. ടൂളിന്റെ ഉപയോഗം ഇലിനോയില്‍ നിലവിലുള്ള ബയോമെട്രിക് സ്വകാര്യകാസംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്നും പരാതിക്കാര്‍ ഹര്‍ജിയില്‍ ആരോപിച്ചു. ഇത് ശരിവെച്ചുകൊണ്ടാണ് കോടതി നിയമനടപടിക്ക് ഉത്തരവിട്ടത്. പരാതിയില്‍ കഴമ്പുണ്ടെന്നും ഫെയ്‌സ്ബുക്ക് നിയമനടപടി നേരിടണമെന്നും ജഡ്ജി വിധിയില്‍ വ്യക്തമാക്കി. ഉപയോക്താക്കളുടെ സുഹൃത്തുക്കള്‍ അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങളില്‍ നിന്നും മുഖം തിരിച്ചറിഞ്ഞ് ഫെയ്‌സ്ബുക്കില്‍ ടാഗ് ചെയ്യാനുള്ള സംവിധാനമാണ് ഫേഷ്യല്‍ റെക്കഗ്നിഷന്‍ ടൂള്‍. 2010ലായിരുന്നു ഫെയ്‌സ്ബുക്ക് ഫേഷ്യല്‍ റെക്കഗ്നിഷന്‍ ടൂള്‍ നടപ്പിലാക്കിയത്. സ്വകാര്യതയെ ബാധിക്കുമെന്നതിനാല്‍ 2012 മുതല്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഈ ടൂള്‍ വിന്‍വലിച്ചിരുന്നു. അതെസമയം സംഭവം ശ്രദ്ധയില്‍പ്പെട്ടുവെന്നും, കേസിനെ ഫലപ്രദമായി നേരിടാനാകുമെന്നാണ് പ്രതീക്ഷയെന്നും ഫെയ്‌സ്ബുക്ക് പ്രതികരിച്ചു. സെറ്റിംഗ്‌സില്‍ മാറ്റം വരുത്തിയാല്‍ സുഹൃത്തുക്കളുടെ ചിത്രങ്ങളില്‍ ടാഗ് ചെയ്യപ്പെടുന്നത് ഒഴിവാക്കാനാകുമെന്നും വക്താവ് പറഞ്ഞു.
ഫെയ്‌സ്ബുക്കിന് കുരുക്കായി ‘ഫേഷ്യല്‍ റെക്കഗ്നിഷന്‍ ടൂള്‍’; നിയമനടപടി നേരിടണമെന്ന് യുഎസ് കോടതി
Tags: facebook