
കൊച്ചി:സിറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ സിനഡില്‍ ഹാജരാക്കിയ ബാങ്ക് രേഖകള്‍ വ്യാജം.രേഖയില്‍ ആരോപിക്കുന്ന ബാങ്ക് അക്കൗണ്ട് കര്‍ദിനാളിന് ഇല്ലെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. കേസില്‍ കര്‍ദിനാളിന്റെയും പരാതിക്കാരനായ ഫാദര്‍ ജോബി മപ്രക്കാവിലിന്റെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. അന്തിമ അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും.
2019 ജനുവരി 7 മുതല്‍ സിറോ മലബാര്‍ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന സിനഡിലാണ് കേസിനാസ്പദമായ രേഖകള്‍ മുന്‍ സഭാ വക്താവ് കൂടിയായ ഫാദര്‍ പോള്‍ തേലക്കാട്ട് ഹാജരാക്കിയത്. എറണാകുളത്തെ ചില ബിസിനസുകാരുമായി മാര്‍ ആലഞ്ചേരിക്ക് ഇടപാടുകള്‍ ഉണ്ടെന്നും കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക കൈമാറ്റം ഇതിലൂടെ നടന്നിട്ടുണ്ടെന്നും ആരോപിക്കുന്നതായിരുന്നു ഈ ബാങ്ക് രേഖകള്‍.