കൊച്ചി : പുതുച്ചേരി വാഹന രജിസ്ട്രേഷന്‍ കേസില്‍ സുരേഷ് ഗോപി എംപിയെ അറസ്റ്റു ചെയ്യുന്നത് 10 ദിവസത്തേയ്ക്ക് കൂടി തടഞ്ഞുകൊണ്ട് കോടതി ഉത്തരവ്. കേസ് പരിഗണിച്ച ഹൈക്കോടതിയാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കേസ് അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
കേരളത്തിലുള്ളവര്‍ വാങ്ങുന്ന വാഹനങ്ങള്‍ക്ക് പുതുച്ചേരി വിലാസത്തില്‍ വ്യാജ രജിസ്ട്രേഷന്‍ നടത്തിക്കൊടുക്കുന്നതിനായി ഗൂഢസംഘം പ്രവര്‍ത്തിക്കുന്നതായി ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. ഇതിനായി ഒരു സിന്‍ഡിക്കേറ്റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. പുതുച്ചേരിയില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ 1500 ഓളം വ്യാജ വിലാസങ്ങളാണ് കണ്ടെത്തിയത്. ഇതിനു പുറമേ ഒരേ മേവിലാസത്തില്‍ തന്നെ പല വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായി കണ്ടെത്താന്‍ കഴിഞ്ഞുവെന്നും അന്വേഷണ സംഘം കോടതിയില്‍ അറിയിച്ചു.
കേസിന്റെ അന്വേഷണവുമായി സുരേഷ് ഗോപി എംപി സഹകരിക്കുന്നില്ലെന്നും അദ്ദേഹം പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതിന്റെ കൃത്യമായ രേഖകള്‍ ക്രൈംബ്രാഞ്ചിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. സുരേഷ്ഗോപിയുടെ കാര്‍ ഓവര്‍ സ്പീഡിന് ഉള്‍പ്പെടെ പിടിക്കപ്പെട്ടിരുന്നു. അത് അനുസരിച്ച് പുതുച്ചേരിയിലെ വിലാസത്തില്‍ നോട്ടീസ് അയച്ചുവെങ്കിലും അങ്ങനെ ഒരു ആള്‍ ഇല്ലെന്ന അറിയിപ്പാണ് ലഭിച്ചതെന്നും കോടതി അറിയിച്ചു.