അയ്യന്റെ നാമത്തില്‍ വോട്ട്: സുരേഷ്‌ഗോപിക്ക് കളക്ടറുടെ നോട്ടീസ്; കളക്ടര്‍ക്ക് വിവരമില്ലെന്ന് ഗോപാലകൃഷ്ണന്‍

തൃശ്ശൂര്‍: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ്‌ഗോപിക്കെതിരെ കളക്ടര്‍ നോട്ടീസ് അയച്ചു. ശബരിമലയുടെയും അയ്യപ്പന്റെയും പേരുപറഞ്ഞ് വോട്ട് അഭ്യാര്‍ത്ഥിച്ചതിനാണ് നോട്ടീസ് നല്‍കിയത്. 40 മണിക്കൂറിനകം നോട്ടീസിന് വിശദീകരണം നല്‍കണമെന്നാണ് കളക്ടര്‍ അനുപമ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

തൃശ്ശൂരിലെ എന്‍.ഡി.എ. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിടെയായിരുന്നു സുരേഷ് ഗോപിയുടെ വിവാദ പരാമര്‍ശം. അയ്യപ്പന്‍ ഒരു വികാരമാണെങ്കില്‍ കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലും അത് അലയടിച്ചിരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് താന്‍ വോട്ട് തേടുന്നതെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. ഈ പരാമര്‍ശമാണ് വിവാദമായത്.

എന്നാല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ അയ്യപ്പന്റെ നാമം ഉപയോഗിക്കുമെന്നും ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഉന്നയിക്കുമെന്നും ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുതന്നെ പ്രചരണം നടത്തുമെന്നും ഇലക്ഷന്‍ കമ്മീഷന്റെ എന്ത് നടപടിയെടുത്താലും കാര്യമാക്കുന്നില്ലെന്നും അദ്ദേഹം ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു. നോട്ടീസ് അയച്ചത് കളക്ടര്‍ക്ക് വിവരമി്‌ലലാത്തതിനാലാണെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

തൃശ്ശൂരില്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് പകരമായാണ് രാജ്യസഭാ എം.പി.യും നടനുമായ സുരേഷ് ഗോപി എന്‍.ഡി.എ. സ്ഥാനാര്‍ഥിയായത്. ലോക്സഭ തിരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ സീറ്റ് ആദ്യം ബി.ഡി.ജെ.എസിന് നല്‍കിയെങ്കിലും അദ്ദേഹത്തെ വയനാട്ടില്‍ സ്ഥാനാര്‍ഥിയാക്കിയതോടെ ബി.ജെ.പി. സീറ്റ് തിരിച്ചെടുക്കുകയായിരുന്നു. തുടര്‍ന്നാണ് ബി.ജെ.പി. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി സുരഷ് ഗോപിയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്.

Top