നിങ്ങളുടെ മുഴുവന്‍ പേര് അറിയണോ.. ? കുടുംബ ചരിത്രം അറിയണോ..? ബിജെപിക്കെതിരെ നടപടി എടുത്താല്‍ മതി

തൃശൂര്‍: തങ്ങളെ എതിര്‍ക്കുന്നവരുടെ ചരിത്രം ചികഞ്ഞ് അവരെ ഹിന്ദുഅല്ലാത്ത ഏതെങ്കിലും സ്വത്വങ്ങളിലാക്കി ആക്രമിക്കുക എന്നത് കഴിഞ്ഞ കുറച്ച്കാലമായി സംഘപരിവാര്‍ നടത്തിവരുന്ന ഒരു രീതിയാണ്. മെര്‍സല്‍ സിനിമ റിലീസായപ്പോള്‍ തമിഴ് നടന്‍ വിജയ്‌യുടെ മുഴുവന്‍ പേര് വിജയ് ജോസഫ് എന്നാണെന്നും അതിനാലാണ് അദ്ദേഹം ആ സിനിമ ചെയ്തതെന്നും ആരോപിച്ചത് വിവാദമായിരുന്നു.

ഇത്തരത്തില്‍ ഇപ്പോള്‍ കേരളത്തിലെ ഒരു കളക്ടറുടെ പിന്നാലെയാണ് സംഘപരിവാര്‍ അനുയായികള്‍. അവരെ ചൊടിപ്പിച്ചത് മറ്റാരുമല്ല തൃശൂര്‍ ജില്ല കലക്ടര്‍ ടി.വി അനുപമയാണ് സുരേഷ് ഗോപിക്കെതിരെ ചട്ടലംഘന നോട്ടീസ് നല്‍കി സ്വന്തം സ്വത്വം ചികഞ്ഞിരിക്കുന്നത്.

സുരേഷ് ഗോപിക്കെതിരെ നടപടി സ്വീകരിച്ച കലക്ടര്‍ ടി.വി അനുപമയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രചരണം നടത്തുകയാണ് ഒരുകൂട്ടം. അനുപമയുടെ യഥാര്‍ത്ഥ പേര് അനുപമ ക്ലിന്‍സണ്‍ ജോസഫ് എന്നാണെന്നും അവരുടെ നടപടിക്ക് പിന്നില്‍ മത്തിന് പങ്കുണ്ടെന്നുമാണ് വിദ്വേഷ പ്രചരണം നടന്നുകൊണ്ടിരിക്കുന്നത്.

നൂറുകണക്കിന് സംഘപരിവാര്‍ അനുകൂലികളും ബി.ജെ.പിയുടെ ഫെയ്സ്ബുക്ക് അക്കൗണ്ടുകളും ഈ വിദ്വേഷ പ്രചരണം നടത്തുന്നുണ്ട്. അതേസമയം ബി.ജെ.പിയുടെ വിമര്‍ശനങ്ങളോട് പ്രതികരിക്കാനില്ലെന്ന് ടി.വി അനുപമ പറഞ്ഞു. സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചത് തന്റെ ജോലിയുടെ ഭാഗമാണെന്നും അനുപമ പറഞ്ഞു.

സുരേഷ് ഗോപി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടീക്കാറാം മീണ പറഞ്ഞു. സുരേഷ് ഗോപിക്കെതിരെ ജില്ലാ കലക്ടര്‍ ടി.വി അനുപമ നോട്ടീസ് അയച്ചത് ചട്ടലംഘനം ബോധ്യപ്പെട്ടത് കൊണ്ടാണെന്ന് മീണ പറഞ്ഞു. വിഷയത്തില്‍ കലക്ടര്‍ക്ക് സ്വതന്ത്രമായ നടപടി സ്വീകരിക്കാമെന്നും മീണ കൂട്ടിച്ചേര്‍ത്തു.

തങ്ങളുടെ സ്വന്തക്കാരും ബന്ധുക്കളും മണ്‍മറഞ്ഞ അപ്പനപ്പൂപ്പന്മാരും ആരായിരുന്നു എന്നറിയമെങ്കില്‍ ബിജെപിക്കെതിരെ എന്തെങ്കിലും പറഞ്ഞാല്‍ മതി എന്നതാണ് നിലവിലെ അവസ്ഥ എന്ന തമാശയുമായി ട്രോളന്മാരും പുറത്തിറങ്ങിയിട്ടുണ്ട്. ആരുടെ ചരിത്രവും കണ്ടെത്തി പൊതുജനസമക്ഷം എത്തിക്കാന്‍ പ്രതിജ്ഞാബന്ധരാണ് ഈ ടീം എന്നാണ് ട്രോളുകള്‍.

Top