രത് ലമില്‍ ബിജെപിക്ക് ദയനീയ തോല്‍വി; വാറംഗലില്‍ മൂന്നാമത്

ന്യൂഡല്‍ഹി : ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തോല്‍വിക്കു പിന്നാലെ ലോക്സഭാ ഉപതെരഞ്ഞെടുപ്പുകളിലും ബിജെപി തകര്‍ന്നു. 2014ല്‍ ഒരു ലക്ഷത്തിലേറെ വോട്ടിന് ജയിച്ച മധ്യപ്രദേശിലെ രത്ലം മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി ദയനീയമായി തോറ്റു. തെലങ്കാനയിലെ വാറംഗല്‍ ലോക്സഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ടിആര്‍എസ് സ്ഥാനാര്‍ഥി വന്‍വിജയം നേടിയപ്പോള്‍ ബിജെപി മൂന്നാമതായി.സിറ്റിങ് എംപി ദിലീപ് സിങ് ഭുരിയയുടെ മരണത്തെ തുടര്‍ന്നാണ് രത്ലം ഉപതെരഞ്ഞെടുപ്പ് നടന്നത്. ദിലീപിന്റെ മകള്‍ നിര്‍മല ഭുരിയയായിരുന്നു ബിജെപി സ്ഥാനാര്‍ഥി. കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കാന്തിലാല്‍ ഭുരിയയോട് 88,800 വോട്ടിനാണ് നിര്‍മലയുടെ തോല്‍വി.

ജാബുവ, അലിരാജ്പുര്‍, രത് ലം ജില്ലകളിലായി പരന്നുകിടക്കുന്ന രത് ലം ആദിവാസി മേഖലയാണ്. മതപരിവര്‍ത്തന വിരുദ്ധ പ്രവര്‍ത്തനങ്ങളെന്ന പേരില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ സംഘപരിവാര്‍ ജാബുവയില്‍ വ്യാപകമായി അക്രമങ്ങള്‍ അഴിച്ചുവിടാറുണ്ട്. 1998 ല്‍ നാലു കന്യാസ്ത്രീകള്‍ ഇവിടെ കൂട്ടബലാല്‍സംഗത്തിന് ഇരയായിരുന്നു. പരമ്പരാഗതമായി കോണ്‍ഗ്രസ് ജയിച്ചുവന്ന മണ്ഡലം മോഡി പ്രഭാവത്തില്‍ ബിജെപി പിടിച്ചെടുക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുഖ്യമന്ത്രി ശിവ്രാജ്സിങ് നേരിട്ടാണ് പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. പലവട്ടം ജാബുവ സന്ദര്‍ശിച്ച് വലിയ പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും മുഖ്യമന്ത്രി നടത്തിയിരുന്നു.5,36,743 വോട്ട് കാന്തിലാല്‍ ഭുരിയക്ക് നേടിയപ്പോള്‍ നിര്‍മലയ്ക്ക് ലഭിച്ചത് 4,47,911 വോട്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 50 ശതമാനത്തിലേറെ വോട്ടുനേടിയ ബിജെപിയുടെ വോട്ടുനില ഉപതെരഞ്ഞെടുപ്പില്‍ 40 ശതമാനമായി കുറഞ്ഞു.

വാറംഗലില്‍ 4.6 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ്- ബിജെപി സ്ഥാനാര്‍ഥികളെ ടിആര്‍എസിന്റെ പസുനൂറി ദയാകര്‍ തോല്‍പ്പിച്ചത്. ടിആര്‍എസിന്റെ കഡിലം ശ്രീഹരി ഉപമുഖ്യമന്ത്രിയായി നിയമിക്കപ്പെട്ടതിനെ തുടര്‍ന്നാണ് വാറംഗലില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

മധ്യപ്രദേശിലെ ദേവാസ് നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഗായത്രി രാജെപുവാര്‍ വിജയിച്ചു. മണിപ്പൂരിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലും ബിജെപി വിജയിച്ചു.

 

Top