ബിജെപി ത്രിപുരയില്‍ പ്രയോഗിച്ചത് വജ്രായുധം; ഇനിയുള്ള തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കുന്നത് ഈ ആയുധം

ത്രിപുരയിലെ കനത്ത തോല്‍വി സിപിഎമ്മിനെ വലിയ ആഘാതമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ഇടത് ഭരണം എന്നത് കേരളത്തില്‍ മാത്രമായി ഒതുങ്ങുകയാണ്. 25 വര്‍ഷത്തെ തുടര്‍ ഭരണത്തെ കടപുഴക്കിയ തന്ത്രം എന്താണെന്ന് സിപിഎം തിരിച്ചറിഞ്ഞില്ല എന്നതാണ് സത്യം. ബിജെപി ഉപയോഗിച്ച ഒരു വജ്രായുധമാണ് ത്രിപുരയില്‍ സിപിഎമ്മിനെ തൂത്തെറിഞ്ഞത്.

എന്താണ് ബിജെപിയെ ത്രിപുരയില്‍ വിജയിപ്പിച്ചത് എന്ന് മനസ്സിലാക്കാന്‍ സിപിഐഎമ്മിന് കഴിയാതെ പോയി എന്നിടത്താണ് അവരുടെ പരാജയം. ത്രിപുരയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ഒന്നര വര്‍ഷം മുന്‍പ് തന്നെ ബിജെപി അവിടെ പണി തുടങ്ങിയിരുന്നു. അവര്‍ പ്രധാന ആയുധമായി ഉപയോഗിച്ചത് സോഷ്യല്‍ മീഡിയയെ തന്നെയാണ്. അവരുടെ വജ്രായുധ പ്രയോഗത്തിന് ചുക്കാന്‍ പിടിച്ചത് ആര്‍എസ്എസ് ആശയങ്ങള്‍ മുറുകെ പിടിക്കുന്ന രാം മാധവും.

തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നടത്തിയ സോഷ്യല്‍ മീഡിയ വര്‍ക്ക്ഷോപ്പില്‍ പങ്കെടുത്തത് ആയിരം പ്രവര്‍ത്തകരാണ്. ഇവരാണ് പിന്നീട് ത്രിപുരയിലെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. ജിയോയുടെ വരവോട് കൂടി കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് ലഭിച്ചു തുടങ്ങിയതും ബിജെപി പ്രവര്‍ത്തകര്‍ക്ക് പ്രയോജനമായി.

കേരളത്തിലെയും ബംഗാളിലെയും ത്രിപുരയിലെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ കൊലപാതകള്‍, ആക്രമണങ്ങള്‍ എന്നിവയായിരുന്നു ബിജെപി നടത്തിയ ക്യാംപെയ്നുകളില്‍ മുന്നില്‍നിന്നത്. അതിന് പിന്തുണ ഏകി മോദിയുടെയും ബിജെപിയുടെയും വികസന മുദ്രാവാക്യങ്ങള്‍.

ബിജെപിയുടെ വലിയ സ്‌കേലില്‍ പ്ലാന്‍ ചെയ്ത ഈ സോഷ്യല്‍ മീഡിയ ക്യാംപെയ്ന് തുല്യംവെയ്ക്കാനോ അതിനെ തിരിച്ചറിയാനോ പ്രതിരോധിക്കാനോ സിപിഐഎമ്മിന് സാധിച്ചില്ല. കേരളത്തില്‍ ഉള്‍പ്പെടെ ബിജെപി ഈ സോഷ്യല്‍ മീഡിയ ക്യാംപെയ്ന്‍ നടത്തുന്നുണ്ടെങ്കിലും ഇവിടെ അത് വിലപ്പോകാത്തത് പ്രതിരോധിക്കാന്‍ സൈബര്‍ സഖാക്കള്‍ സധാസന്നദ്ധരായി നില്‍ക്കുന്നത് കൊണ്ടാണ്. അത്തരത്തിലൊരു സോഷ്യല്‍ മീഡിയ സാന്നിദ്ധ്യം ഉണ്ടാക്കി എടുക്കാന്‍ സിപിഐഎമ്മിന് കഴിയാതെ പോയതാണ് അവരുടെ വിജയത്തിലേക്ക് വഴിവെച്ചത്.

വരാന്‍ പോകുന്ന കര്‍ണാടക തെരഞ്ഞെടുപ്പിലും ബംഗാള്‍ തെരഞ്ഞെടുപ്പിലുമൊക്കെ ബിജെപി പ്രയോഗിക്കാന്‍ പോകുന്ന വജ്രായുധം സോഷ്യല്‍ മീഡിയ തന്നെ ആയിരിക്കും.

Top