നാടിനെയും പൊലീസിനെയും ഞെട്ടിച്ച് പട്ടാളവേഷം ധരിച്ചു തോക്കേന്തിയ മാവോയിസ്റ്റ്. ഒടുവില്‍ പൊലീസ് അന്വേഷണത്തില്‍ പ്രചാരണം വ്യാജമെന്നു തെളിഞ്ഞതോടെ ആശങ്ക നീങ്ങി. രാവിലെ ഏഴു മണിയോടെയാണു കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ ബിരിക്കുളം പ്ലാത്തടത്ത് പട്ടാളവേഷം ധരിച്ചു തോക്കേന്തിയ മാവോയിസ്റ്റിനെ കണ്ടെന്നും കണ്ണില്‍ പെട്ടയുടന്‍ ഇയാള്‍ പൊന്തക്കാട്ടിലേക്ക് ഓടി മറഞ്ഞെന്നും പ്രദേശവാസിയായ വ്യാപാരി വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനില്‍ വിളിച്ചറിയിച്ചത്. ജില്ലാ പൊലീസ് മേധാവി, സ്‌പെഷല്‍ ബ്രാഞ്ച്, അഡ്മിനിസ്‌ട്രേഷന്‍ ഡിവൈഎസ്പിമാര്‍ എന്നിവര്‍ക്കും ഇതേ വിവരം ലഭിച്ചു.
നിമിഷനേരം കൊണ്ടു വിവരം പരന്നതോടെ പ്രദേശത്തും ആശങ്കയായി. പൊലീസ് സംവിധാനവും ഉണര്‍ന്നു. വെള്ളരിക്കുണ്ട് എസ്‌ഐ പി.പ്രമോദിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം പ്ലാത്തടത്തെത്തി തിരച്ചില്‍ നടത്തി. വിവരം നല്‍കിയയാളെയും ചോദ്യം ചെയ്തു. തുടര്‍ന്നാണു പ്രദേശവാസിയായ യുവാവ് പട്ടാളവേഷത്തോടു സാമ്യമുള്ള ബനിയനും പാന്റ്‌സും ധരിച്ച് ലൈസന്‍സില്ലാതെ ഉപയോഗിക്കാവുന്ന എയര്‍ ഗണ്ണുമേന്തി കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്ന കുരങ്ങിന്‍കൂട്ടത്തെ നേരിടാനിറങ്ങിയതാണെന്നു വ്യക്തമായത്. പൊലീസ് സംഘം യുവാവിനെ കണ്ടെത്തി പൊലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചു ചോദ്യം ചെയ്തപ്പോഴാണ് സത്യാവസ്ഥകള്‍ പുറത്തുവരുന്നത്.
വിപണിയില്‍ 8000 രൂപയ്ക്കു ലഭിക്കുന്ന എയര്‍ ഗണ്ണിനു ലൈസന്‍സ് വേണ്ടെന്നും പായ്ക്കറ്റിനു 100 രൂപയ്ക്കു ലഭിക്കുന്ന ചെറിയ ലോഹ പെല്ലറ്റുകളും പരിശോധിച്ചുവെന്നും പൊലീസ് പറഞ്ഞു. വെടിവയ്പ് പരിശീലിക്കുന്ന യുവാവ് കോഴിക്കോട്ടുനിന്നാണു എയര്‍ഗണ്‍ വാങ്ങിയത്. മല്‍സരങ്ങള്‍ക്കായി സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ റജിസ്റ്റര്‍ ചെയ്തതായും പൊലീസ് പറഞ്ഞു. വിവരം പൊലീസില്‍ അറിയിച്ചയാള്‍ക്കു യുവാവുമായി വ്യക്തിവിരോധം ഉണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.