പാർട്ടി ചതിച്ചു !!സിപിഎം ചേരിപ്പോരില്‍!! മാവോയിസ്റ്റ് ബന്ധത്തില്‍ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ടതിൽ ഇടപെടില്ലെന്ന് സിപിഎം

തിരുവനന്തപുരം: ഒടുവിൽ സിപിഎം അണികളെ കൈവിട്ടു…മാവോയിസ്റ്റ് ബന്ധത്തില്‍ രണ്ടു സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങള്‍ അറസ്റ്റിലായ സംഭവത്തില്‍ യുഎപിഎ ചുമത്തിയില്‍ ഇടപെടില്ലെന്ന് സിപിഎം. ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ യുഎപിഎ ചുമത്തിയതിനെ പിബി അംഗം പ്രകാശ് കാരാട്ട് അടക്കം നിരവധി സിപിഎം നേതാക്കള്‍ എതിര്‍ത്തിരുന്നു. യുഎപിഎ ചുമത്തിയത് പരിശോധിക്കാമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ ഉള്‍പ്പെടെ അറിയിച്ചത്. എന്നാല്‍, യുഎപിഎ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നീക്കം ശക്തമായതോടെ അറസ്റ്റിലായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവര്‍ വെറും മാവോയിസ്റ്റ് ആശയങ്ങളോട് അനുഭാവം പുലര്‍ത്തുന്നവരല്ല മറിച്ച കശ്മീര്‍ അടക്കം വിഷയങ്ങളില്‍ ദേശവിരുദ്ധ സമീപനം സ്വീകരിച്ചതാണെന്നതിന്റെ തെളിവുകള്‍ പോലീസ് ആഭ്യന്തര വകുപ്പിന് കൈമാറി.


യുഎപിഎ പിന്‍വലിച്ചാല്‍ ഉടന്‍ കേസ് എന്‍ഐഎക്ക് ഏറ്റെടുക്കാനാകുമെന്നും പോലീസ് ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇതോടെ പിണറായി വിജയന്‍ ഉള്‍പ്പെടെ കുരുക്കിലായി. ഇന്നു ചേര്‍ന്ന് സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ യുഎപിഎക്കെതിരേ വികാരം ഉണര്‍ന്നപ്പോള്‍ തന്നെ സര്‍ക്കാരിന്റെ നിസഹായവസ്ഥ പിണറായി വ്യക്തമാക്കുകയായിരുന്നു. യുഎപിഎ പിന്‍വലിച്ചാല്‍ ഉടന്‍ എന്‍ഐഎ എത്തുമെന്നും അവര്‍ കേസന്വേഷിച്ച് കൂടുതല്‍ തെളിവുകള്‍ കണ്ടെത്തിയാല്‍ സിപിഎം സര്‍ക്കാരും ദേശവിരുദ്ധരാണെന്ന വികാരം പൊതു സമൂഹത്തില്‍ ഉണ്ടാവുമെന്നും പിണറായി അറിയിച്ചു. പിടിയിലായവര്‍ക്കെതിരേ ശക്തമായ തെളിവുകളാണ് ഉള്ളതെന്നും യുഎപിഎ പിന്‍വലിച്ചാന്‍ പോലീസ് അതു മാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്നും അതു വന്‍ തിരിച്ചടി ആകുമെന്നും പിണറായി യോഗത്തെ അറിയിച്ചു. യുഎപിഎ പിന്‍വലിക്കാന്‍ ചുമതലപ്പെടുത്തിയ സമിതി മുന്‍പാകെ പ്രതികള്‍ പോകട്ടെ എന്നും പിണറായി നിര്‍ദേശിച്ചു. പിണറായിയുടെ വാക്ക് ധിക്കരിക്കാന്‍ സാധിക്കാതെ മറ്റു നേതാക്കളും ഇതു അനുസരിക്കുകയായിരുന്നു. ഇതോടെ, പ്രതികളെ പൂര്‍ണമായും പാര്‍ട്ടി കൈവിട്ടു. പ്രതികള്‍ക്കെതിരായ അച്ചടക്ക നടപടി സ്വീകരിക്കാന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയേയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

അതേസമയം പാലക്കാട് മഞ്ചിക്കണ്ടിയിലെ മാവോയിസ്റ്റ് വേട്ടയെയും കോഴിക്കോട് പന്തീരാങ്കാവിലെ യുഎപിഎ അറസ്റ്റിനെയും ചൊല്ലി സിപിഎമ്മില്‍ ആഭ്യന്തര കലഹം രൂക്ഷമാവുകയാണ് . മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യം വച്ചാണ് സിപിഎമ്മിലെ ഒരുവിഭാഗത്തിന്റെ നീക്കം. ഇതിന്റെ ഭാഗമാണ് ഇക്കൂട്ടര്‍ സമൂഹമാധ്യമങ്ങളെ കൂട്ടുപിടിച്ച് സാംസ്‌കാരിക നായകരെയും ചില സിനിമാക്കാരെയും രംഗത്ത് ഇറക്കി മാവോയിസ്റ്റുകളെ വെള്ളപൂശാന്‍ ശ്രമിക്കുന്നത്.

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നടന്ന മൂന്നാമത്തെ മാവോയിസ്റ്റ് ഏറ്റുമുട്ടലാണ് മഞ്ചിക്കണ്ടിയിലേത്. മൂന്ന് സംഭവത്തിലും സര്‍ക്കാരിനെതിരെ ആദ്യം രംഗത്ത് വന്നത് പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബിയാണെന്നത് യാദൃച്ഛികമല്ല. മഞ്ചിക്കണ്ടിയില്‍ നടന്ന മാവോയിസ്റ്റ് വേട്ടയ്‌ക്കെതിരെ ആദ്യം പ്രസ്താവന നടത്തിയതും ബേബിയാണ്. മഞ്ചിക്കണ്ടിയിലേത് വ്യാജഏറ്റുമുട്ടലാണെന്നും വിചാരണ നടത്താതെയുള്ള കൊലപാതകം മനുഷ്യാവകാശ ലംഘനമാണെന്നുമാണ് ബേബി പ്രതികരിച്ചത്. ഇതിന് പിന്നാലെ ബേബി സാംസ്‌കാരിക വകുപ്പ് മന്ത്രി ആയിരുന്നപ്പോള്‍ ഔദാര്യം പറ്റിയ ചില സാസ്‌കാരിക നായകരും സിനിമയിലെ ചിലരും പിണറായിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണ കോലാഹലങ്ങള്‍ അഴിച്ചുവിട്ടു.

മൂന്ന് മുന്‍ ജില്ലാ സെക്രട്ടറിമാരും ഒരുമന്ത്രിയും ബേബിക്കൊപ്പം നിലയുറപ്പിച്ചിട്ടുണ്ട്. യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത പന്തീരാങ്കാവിലെ രണ്ട് വിദ്യാര്‍ഥികളുടെ വീട് മന്ത്രി സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ പാര്‍ട്ടിക്ക് മുഖ്യമന്ത്രിയില്‍ പൂര്‍ണ നിയന്ത്രണം ഉണ്ടായിരുന്നു. അച്യുതാനന്ദന്‍ അതിശക്തനാകുമെന്ന് കരുതി പാര്‍ട്ടി ആഭ്യന്തര വകുപ്പ് കോടിയേരിയെയാണ് ഏല്‍പ്പിച്ചത്. എന്നാല്‍, ഈ ഭരണത്തില്‍ പാര്‍ട്ടി സംവിധാനം പൂര്‍ണമായും പിണറായി തന്റെ വരുതിയിലാക്കി.

മൂന്ന് ജില്ലാ സെക്രട്ടറിമാര്‍ക്കാണ് പിണറായി പണികൊടുത്തത്. കണ്ണൂരിലെ പാര്‍ട്ടിയുടെ ശക്തനായ ജില്ലാ സെക്രട്ടറി പി. ജയരാജനെ വടകരയില്‍ മത്സരിപ്പിച്ചും ബേബിയുമായി എസ്എഫ്‌ഐ കാലഘട്ടം തുടങ്ങി ആഭിമുഖ്യം പുലര്‍ത്തുന്ന പി. രാജീവിനെ ദേശാഭിമാനി ചീഫ് എഡിറ്ററാക്കിയുമായിരുന്നു ഒതുക്കല്‍. കൊല്ലം ജില്ലാ സെക്രട്ടറി ആയിരുന്ന കെ.എന്‍. ബാലഗോപാലിനും കിട്ടി പണി. ഇതോടെ പിണറായിക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും പോരാടാന്‍ കിട്ടുന്ന അവസരങ്ങള്‍ ഇവര്‍ പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട്.

യുഎപിഎ ചുമത്തി പാര്‍ട്ടി കുടുംബത്തിലെ രണ്ട് എസ്എഫ്‌ഐക്കാരെ അറസ്റ്റ് ചെയ്തതിലും സിപിഎമ്മില്‍ കടുത്ത എതിര്‍പ്പാണുള്ളത്. സര്‍ക്കാരിനെ പോലും വെട്ടിലാക്കി, എല്ലാ തെളിവുകളും ശേഖരിച്ച ശേഷമായിരുന്നു പോലീസിന്റെ നീക്കം. അറസ്റ്റിലായ അലനും താഹയ്ക്കും മാവോയിസ്റ്റ് സംഘടനകളുമായി ബന്ധമുണ്ടെന്ന പോലീസ് വാദം ശരിയാണെന്ന് ഉറപ്പായിട്ടുണ്ട്.

മാവോയിസ്റ്റുകളെ തുടച്ച് നീക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ശക്തമായ തീരുമാനം. അതിന് മുന്നോടിയായി ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ചിരുന്നു. ആ യോഗത്തില്‍ വച്ച് മാവോയിസ്റ്റ് വേട്ടയ്ക്ക് എന്ത് നടപടിയും സ്വീകരിക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നുമാണ് അറിയിച്ചത്. അതിനാല്‍ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ കേന്ദ്ര തീരുമാനത്തിനൊപ്പം ശക്തമായി നിലകൊള്ളുകയാണ്

 

Top