പാര്‍ട്ടി ഇടപെടല്‍ ശക്തം: പരാതിയുമായി ഐജി രംഗത്ത്; പിടിയിലുള്ള പ്രതികള്‍ ഹാജരായതും ഐജി ഇല്ലാത്ത സമയത്ത്

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകം അന്വേഷിക്കുന്ന പ്രത്യേക പോലീസ് സംഘത്തെക്കുറിച്ച് പരാതിയുമായി കണ്ണൂര്‍ എസ്.പി രംഗത്തെത്തി. അന്വേഷണ രീതിയെക്കുറിച്ചും അതിലെ പാകപ്പിഴകളെക്കുറിച്ചും വ്യാപക വിമര്‍ശനം ഉയരുന്ന സമയത്താണ് പൊലീസിനെക്കുറിച്ച് എസ്പി തന്നെ പരാതിയുമായി രംഗത്തെത്തുന്നത്.

കേസന്വേഷണ വിവരങ്ങള്‍ ചോരുന്നതായി ഉന്നത ഉദ്ദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഇദ്ദേഹം പരാതിപ്പെട്ടതായി റിപ്പോര്‍ട്ട്. ഡി.ജി.പി. ലോകനാഥ് ബെഹ്‌റ, ഉത്തരമേഖല ഡി.ജി.പി രാജേഷ് ദിവാന്‍, ഐ.ജി. മഹിപാല്‍ യാദവ് എന്നിവരെ ഇതുസംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

റെയ്ഡുപോലെ അതീവ രഹസ്യമായി മാത്രം ചെയ്യേണ്ട കാര്യങ്ങള്‍പോലും പുറത്തുപോകുന്നുവെന്നും അന്വേഷണ വിവരങ്ങള്‍ ഇങ്ങനെ ചോരുന്നത് പ്രതികളെ പിടിക്കുന്നതിന് തടസ്സമാകുന്നുവെന്നും എസ്.പി ആരോപിച്ചു.

എസ്.പിയുടെ പരാതി ഉന്നതപോലീസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചതായാണ് വിവരം. ആവശ്യമെങ്കില്‍ അന്വേഷണസംഘം പുനഃസംഘടിപ്പിക്കാനും ആലോചനയുണ്ട്. ‘വിവരങ്ങള്‍ ചോര്‍ത്തുന്ന ഉദ്യോഗസ്ഥര്‍ ഈ ജോലിക്ക് പറ്റിയവരല്ല. പോലീസിനകത്തുനിന്നുതന്നെ പോലീസിനെതിരേ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്ന്’ സ്ഥിതിഗതികള്‍ വിലയിരുത്തിയ ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു.

അതേസമയം പോലീസ് വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നാണ് വിശ്വാസമെന്ന് ഉത്തരമേഖലാ ഡി.ജി.പി. രാജേഷ് ദിവാന്‍ കണ്ണൂരില്‍ പറഞ്ഞു. അങ്ങനെ വിവരം ചോര്‍ത്തുന്ന പോലീസുകാരുണ്ടെങ്കില്‍ അവര്‍ക്ക് മാപ്പില്ല. കര്‍ശന നടപടിയുണ്ടാകും. ഒരുമിച്ച് പോലീസുകാര്‍ പോകുമ്പോള്‍ പ്രതികളെ സഹായിക്കുന്നവര്‍ വിവരം നല്‍കുമെന്നത് സ്വാഭാവികമാണ്. അത്തരം പോലീസുകാരെ വെച്ചുപൊറുപ്പിക്കില്ലെന്നും രാജേഷ് ദിവാന്‍ പറഞ്ഞു. ഐ.ജി. മഹിപാല്‍ യാദവിന്റെ നേതൃത്തിലുള്ള പ്രത്യേകസംഘമാണ് കേസ് അന്വേഷിക്കുന്നത്.

പ്രതികള്‍ ഹാജരായതുതന്നെ ഐജി സ്ഥലത്തിലാത്ത സമയത്തായിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. അതിനാലാണ് ഇവര്‍ ഡമ്മി പ്രതികളാണെന്ന വിമര്‍ശനം ഉയരുന്നത്. കേസില്‍ പാര്‍ട്ടി ശക്തമായ ഇടപെടല്‍ നടത്തുന്നെന്നത് പകല്‍ പോലെ വ്യക്തമാകുകയാണ്.

Top