പാലക്കാട്: കുടിവെള്ളമെന്ന പേരില്‍ മലിനജലം കുപ്പിയിലടച്ച് വിപണിയില്‍ വില്‍ക്കുന്ന വ്യാജ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നു. പല പ്രമുഖ ബ്രാന്‍ഡുകളുടെ പേരിലും മലിനജലം വിപണിയിലെത്തുന്നെന്നും റിപ്പോര്‍ട്ട്. പാലക്കാട് ജില്ലയില്‍ അനുമതിയില്ലാത്ത ഇത്തരം ഇരുപതിലേറെ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നതായും മഞ്ഞപ്പിത്തം മുതല്‍ കിഡ്‌നി രോഗങ്ങള്‍ക്ക് വരെ കാരണമാകുന്നത്ര മലിനമായ വെള്ളമാണ് ഇവര്‍ വില്‍ക്കുന്നതെന്നുമാണ് പുറത്ത് വന്നിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അന്വേഷണത്തിലാണ് പല പ്രമുഖ ബ്രാന്‍ഡുകളുടെയും പേരില്‍ വില്‍ക്കുന്ന വ്യാജ കുടിവെള്ളമാണെന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. കുപ്പിവെള്ളത്തില്‍ മാരകമായ അളവില്‍ കാല്‍സ്യവും ക്ലോറൈഡും കോളിഫാം ബാക്ടീരിയയും അടങ്ങിയതായാണ് തെളിഞ്ഞത്.
പാലക്കാട് ജില്ലയില്‍ ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്നത് 14 കുപ്പിവെള്ള കമ്പനികള്‍ മാത്രമാണ്. എന്നാല്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്നത് 20 ലേറെ കമ്പനികള്‍. പട്ടാമ്പി നഗരസഭയില്‍ ഒരു വീടിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കുപ്പിവെള്ള കമ്പനിയില്‍ ഒരു ബോര്‍ഡോ, കമ്പനിയുടെ പേരോ, എന്തിന് ലൈസന്‍സ് നമ്പറോ ഒന്നും ഇവിടെ കാണാനില്ല. കാര്‍ഷെഡ്ഡില്‍ ഉണക്കാനിട്ട തുണികള്‍ക്ക് താഴെ നിരത്തി വച്ചിരിക്കുന്ന വിവിധ കമ്പനികളുടെ ബാരലുകളില്‍ ഏതും എടുക്കാം. ഏതു കമ്പനിയുടെ ബാരലുകളിലും വെള്ളം റെഡി.
കുപ്പിവെള്ള കമ്പനികള്‍ക്ക് വെള്ളത്തിന്റെ ഗുണ നിലവാരം പരിശോധിക്കാന്‍ സ്വന്തം ലാബും പരിശോധകരും വേണമെന്നാണ് നിയമം. ഇത്തരം കമ്പനികളില്‍ ഇതൊന്നുമില്ല. ചെര്‍പ്പുളശ്ശേരിയിലെ മറ്റൊരു കമ്പനിയില്‍ ഉള്ളത് ഒരൊറ്റ ഹാള്‍. മിനറല്‍ വാട്ടര്‍ വേണമെന്ന് ആവശ്യപ്പെട്ടവര്‍ക്ക് ഹാളിന്റെ മൂലയിലുള്ള പൈപ്പില്‍ നിന്ന് വെള്ളം നിറച്ചു കൊടുക്കുകയാണ് ഇവിടെ ചെയ്യുന്നത്.
ഇനി പാലക്കാട്ടെ മറ്റൊരു കേന്ദ്രം, ഇവിടെ വിവാഹാവശ്യത്തിനുള്ള വലിയ ഓര്‍ഡറുകളും സ്വീകരിക്കും. ചെറിയ കുപ്പികളിലും വെള്ളം റെഡി. ഇവിടങ്ങളില്‍ നിന്ന് ശേഖരിച്ച കുടിവെള്ളത്തിന്റെ സാമ്പിളുകള്‍ ചാനല്‍ പരിശോധനയ്ക്ക് അയച്ചു. റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതായിരുന്നു. മാരകമായ അളവില്‍ കാല്‍സ്യവും, ക്ലോറൈഡും, ക്വാളിഫാം ബാക്ടീരിയയും, ഈ വെള്ളം മലിനമാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. കോളറ, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ക്കും കിഡ്‌നി രോഗങ്ങള്‍ക്കും സാധ്യത ഏറെ.
വര്‍ഷങ്ങളെടുത്തു ബിഐഎസ്സിന്റഎയും ഐഎസ്‌ഐയുടെയും അനുമതി വാങ്ങി ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെയും, മലിനീകരണ നിയന്ത്രണബോര്‍ഡിന്റെയും സര്‍ട്ടിഫിക്കറ്റോടെ വേണം കമ്പനികള്‍ പ്രവര്‍ത്തിക്കാന്‍. വര്‍ഷാ വര്‍ഷം പരിശോധനകള്‍ വേറെ. ഇതൊന്നും ഇല്ലെന്ന് മാത്രമല്ല, പഞ്ചായത്ത് അനുമതി പോലുമില്ലാതെയാണ് ഇത്തരം തട്ടിപ്പ് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത്. പലതിനും ലൈസന്‍സില്ലെന്നും വിതരണം ചെയ്യുന്നത് ആളുകളെ രോഗികളാക്കുന്ന വെള്ളമെന്നറിഞ്ഞിട്ടും അധികൃതര്‍ക്ക് അനക്കമില്ല.
ചട്ടങ്ങള്‍ പാലിച്ച് നല്ല രീതിയില്‍ നടത്തുന്ന കമ്പനികളുടെ ലേബലൊട്ടിച്ച ബോട്ടിലുകളിലാണ് ഇവരുടെ വെള്ളം വില്പന. കൂടിയ കമ്മീഷനില്‍ വെള്ളം നിറച്ചു കിട്ടുന്നതാണ് വിതരണക്കാര്‍ ഇവരെ സമീപിക്കാന്‍ കാരണം. നിയമനടപടികളുണ്ടായാലും പിടി ഒറിജിനല്‍ കമ്പനികളുടെ ഉടമകള്‍ക്ക്. സോഡാ നിര്‍മാണ ലൈസന്‍സിന്റെ മറവിലാണ് ചില കമ്പനികളുടെ പ്രവര്‍ത്തനം. പാലക്കാട് ജില്ലയില്‍ മാത്രം ഇത്തരം 20 ലേറെ അനധികൃത കുപ്പിവെള്ള കമ്പനികളുണ്ടെന്നാണ് സംഘടനകളുടെ കണക്ക്. വാര്‍ത്ത വന്നതിനെത്തുടര്‍ന്ന് അധികൃതര്‍ വ്യാജ കമ്പനികള്‍ക്കെതിരെ നടപടി ആരംഭിച്ചിട്ടുണ്ട്.