തിരുവനന്തപുരം: ശബരിമല ഡ്യൂട്ടിയില്‍ നിന്ന് ഐ.ജി മനോജ് എബ്രഹാമിനെ മാറ്റിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതം.ക്രമസമാധാന ചുമതല തുടര്‍ന്നും ഐ.ജി മനോജ് എബ്രഹാമിന്റെ നേരിട്ടുള്ള നിയന്ത്രണത്തിന്‍ കീഴില്‍ തന്നെ ആണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.മുന്‍പ് പമ്പയിലും സന്നിധാനത്തും ചുമതല ഉണ്ടായിരുന്ന ഐ.ജി ശ്രീജിത്തിനെ മാറ്റി പകരം അധികാരം രണ്ടായി വിഭജിച്ച് നല്‍കിയത് മാത്രമാണ് ഇപ്പോഴത്തെ മാറ്റം.പുതിയ ഉത്തരവ് പ്രകാരം സന്നിധാനത്ത് ഐ.ജി പി.വിജയനും പമ്പയില്‍ എം.ആര്‍.അജിത്ത് കുമാറും സുരക്ഷാ ചുമതലക്ക് മേല്‍ നോട്ടം വഹിക്കും.
എല്ലാ സീസണിലേയും പോലെ ഈ രണ്ട് സ്ഥലങ്ങളിലും എസ്.പി റാങ്കിലുള്ളവര്‍ക്കുള്ള ചുമതലക്ക് പുറമെയാണിത്. ഐ.ജിമാരായ വിജയനും അജിത്ത് കുമാറും മനോജ് എബ്രഹാമിന്റെ ജൂനിയര്‍ ഉദ്യോഗസ്ഥര്‍ കൂടിയാണ് എന്നതിനാല്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് മറ്റു സീനിയോരിറ്റി തടസ്സങ്ങള്‍ ഒന്നും തന്നെയില്ല.
മാത്രമല്ല പത്തനംതിട്ട ജില്ല പൂര്‍ണമായും റേഞ്ച് ഐജി മനോജ് എബ്രഹാമിന് കീഴില്‍ തന്നെയാണ് വരുന്നതെന്നും ക്രമസമാധാന പാലനം സുഗമമാക്കുന്നതിനായി നടത്തിയ ഈ മാറ്റങ്ങള്‍ വളച്ചൊടിച്ച് വാര്‍ത്ത നല്‍കുന്നത് തെറ്റിധാരണ പരത്തുന്നതിനാണെന്ന് ഉയര്‍ന്ന പോലീസ് കേന്ദ്രങ്ങളും വ്യക്തമാക്കി.മനോജ് ഏബ്രഹാമിനെ ബിജെപി നേതാവ് പിഎസ് ശ്രീധരന്‍പിളള മതം പറഞ്ഞ് ആക്ഷേപിച്ചത് നേരത്തെ വിവാദമായിരുന്നു.
ഇതിനിടെയാണ് തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാമിനും ഐജി എസ് ശ്രീജിത്തിനും ശബരിമലയില്‍ പ്രത്യേക ചുമതലയില്ലെന്ന വാര്‍ത്തയും പുറത്ത് വരുന്നത്. ഐജി മനോജ് എബ്രഹാമിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ തന്നെ നേരത്തെ രംഗത്ത് വന്നിരുന്നു. പിഎസ് ശ്രീധരന്‍ പിള്ളയുടെ പരാമര്‍ശങ്ങള്‍ വലിയ വിവാദങ്ങള്‍ക്കും വഴിവച്ചിരുന്നു.കഴിഞ്ഞ തവണ നട തുറന്നപ്പോള്‍ ഐജി എസ് ശ്രീജിത്തിനെ ശബരിമലയില്‍ പ്രത്യേകമായി സര്‍ക്കാര്‍ നിയോഗിക്കുകയായിരുന്നു. എന്നാല്‍ ഇത്തവണ ശ്രീജിത്തിന് പ്രത്യേകം ചുമതല നല്‍കിയിട്ടില്ല. ഇതിന്റെ ചുവട് പിടിച്ചാണ് ഐജി മനോജ് എബ്രഹാമിനും ശബരിമലയില്‍ പ്രത്യേക ചുമതലയില്ലെന്ന വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയത്. മനോജ് എബ്രഹാമിന് പ്രത്യേക ചുമതല നല്‍കേണ്ട സാഹചര്യവും നിലനില്‍ക്കുന്നില്ല.